വടക്ക്–കിഴക്ക് ഒരുങ്ങുന്നു ബ്ളാസ്റ്റേഴ്സ് പട

ഗുവാഹതി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) മിന്നും തുടക്കം ലക്ഷ്യമിട്ട് കേരള ബ്ളാസ്റ്റേഴ്സ് ടീം കഠിന പരിശീലനത്തില്‍. കഴിഞ്ഞ ദിവസം ഗുവാഹതിയിലത്തെിയ ടീം ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് പരിശീലനം തുടങ്ങിയത്. സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ ശനിയാഴ്ച ആതിഥേയരായ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്കെതിരെയാണ് ഐ.എസ്.എല്‍ മൂന്നാം സീസണിന്‍െറ ഉദ്ഘാടന അങ്കം. തൊട്ടടുത്തുള്ള മൈതാനത്താണ് ടീം തയാറെടുക്കുന്നത്. കോച്ച് സ്റ്റീവ് കോപ്പലിന്‍െറയും മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിന്‍െറയും നേതൃത്വത്തിലാണ് പരിശീലനം. എ.എഫ്.സി കപ്പില്‍ കളിക്കുന്ന മലയാളി താരങ്ങളായ സി.കെ. വിനീതും റിനോ ആന്‍േറായും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.

ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സും നോര്‍ത് ഈസ്റ്റ് യുനൈറ്റഡും ഏറ്റുമുട്ടുന്നതിന് മുമ്പ് ബോളിവുഡ് താരങ്ങള്‍ കലാപ്രകടനവുമായി സ്റ്റേഡിയത്തില്‍ നിറയും. ആലിയ ഭട്ട്, ജാക്ലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍ എന്നിവരുടെ നേതൃത്വത്തില്‍ 500 കലാകാരന്മാര്‍ അണിനിരക്കും. അരമണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ വൈകീട്ട് 5.30ന് തുടങ്ങും. 6.15നാണ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്നത്. അതിനിടെ, കുമ്മായവരക്ക് പുറത്ത് ബ്ളാസ്റ്റേഴ്സിന് ആവേശമേകുന്ന ആരാധകക്കൂട്ടമായ ‘മഞ്ഞപ്പട’ വമ്പന്‍ ആശംസാ ബാനറുമായി ടീമിന് പിന്തുണയേകാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ ഗാലറിയിലെ ഏറ്റവും വലിയ ആശംസാബാനറാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. 5300 ചതുരശ്ര അടിയുള്ള ബാനറാണ് ഇതുവരെയുള്ള റെക്കോഡ്. ഇന്ത്യ- ഗുവാം മത്സരത്തില്‍ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു അന്ന് കൂറ്റന്‍ ബാനര്‍ ഉയര്‍ന്നത്.

ഈ റെക്കോഡ് കടത്തിവെട്ടിയാകും കൊച്ചിയില്‍ അടുത്ത മാസം അഞ്ചിന് അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരായ പോരാട്ടത്തില്‍ ആശംസാബാനര്‍ ഉയരുക. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‍െറ കിഴക്കേ ഗാലറിയില്‍ 200 രൂപയുടെ ടിക്കറ്റുകാര്‍ക്ക് അനുവദിച്ച സ്ഥലത്താകും ബാനര്‍ പിടിക്കുക. പതിനായിരത്തോളം മഞ്ഞപ്പട അംഗങ്ങള്‍ അണിനിരക്കും.  ടീമിന്‍െറ ലോഗോയും ചിത്രങ്ങളും മുദ്രാവാക്യങ്ങളും അലങ്കരിക്കുന്നതാകും ബാനര്‍.
‘നിങ്ങള്‍ കളത്തില്‍ കളിക്കൂ, ഞങ്ങള്‍ ഗാലറിയില്‍ കളിക്കാം’ എന്ന ചിന്തയിലൂന്നിയാണ് ബാനര്‍ പിടിക്കുന്നതെന്ന് ഫേസ്ബുക്കില്‍ മഞ്ഞപ്പട ഗ്രൂപ്പിന്‍െറ അഡ്മിന്‍മാരിലൊരാളായ സുബിന്‍ മാത്യു പറഞ്ഞു. ഗള്‍ഫിലെ ഗ്രൂപ്പംഗങ്ങളടക്കം ഈ ആവേശക്കാഴ്ചക്ക് സാമ്പത്തിക പിന്തുണയേകുന്നുണ്ട്.

ചെന്നൈയിന്‍ എഫ്.സിയുടെ ആരാധകരും കൂറ്റന്‍ ബാനര്‍ തയാറാക്കുന്നുണ്ട്. ഒക്ടോബര്‍ 29ന് ചെന്നൈയില്‍ ബ്ളാസ്റ്റേഴ്സിന്‍െറ എവേ പോരാട്ടം ഇരുടീമുകളുടെയും ആരാധകരുടെ  ബാനര്‍ യുദ്ധത്തിന് വേദിയാകും. സുബിന്‍ മാത്യുവിന് പുറമേ, ബിജോയ് കോറോത്ത്, ശ്രീനാഥ്, പ്രശാന്ത് ജേക്കബ്, കെ.എച്ച് അഭിജിത്ത്, സോമു ജോസഫ്, നിസാര്‍, യാസിര്‍, മനു തുടങ്ങിയവരാണ് ‘മഞ്ഞപ്പട’ ഗ്രൂപ്പിന് പിന്നില്‍. ശബരീഷ് വര്‍മ ആലപിച്ച തീം സോങ്ങും തയാറാകുന്നുണ്ട്.

 

Tags:    
News Summary - ISL 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.