ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് കൊച്ചി ഒരുങ്ങുന്നു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് പന്തുരുളാന്‍ നാല് ദിവസം ശേഷിക്കെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. കേരളത്തിന്‍െറ സ്വന്തം ടീം കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഹോം ഗ്രൗണ്ടായ കലൂരില്‍ 90 ശതമാനത്തോളം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ അഞ്ചിനാണ് സ്റ്റേഡിയത്തിലെ ആദ്യ മത്സരം. അതിനുമുമ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ക്കായാണ് ഫിഫ നിര്‍ദേശ പ്രകാരം സ്റ്റേഡിയം നവീകരിക്കുന്നത്. ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കു മുമ്പ് സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.
എന്നാല്‍, കെ.എഫ്.എ നിര്‍ദേശത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. ലൈറ്റ്, ഡ്രെയിനേജ് നിര്‍മാണം പൂര്‍ത്തിയായി. ഡ്രസിങ് റൂം ജോലികള്‍ അവസാനഘട്ടത്തിലാണ്.

പുതിയ പുല്ലു പിടിപ്പിച്ച ഫീല്‍ഡ് ഓഫ് പ്ളേയിലാണ് മത്സരങ്ങള്‍ നടക്കുക. പൂര്‍ണമായും മണലില്‍ ഒരുക്കിയ കളിസ്ഥലം മൃദുവാണ്. ഓണ്‍ലൈന്‍ ടിക്കറ്റിനൊപ്പം സീസണ്‍ ടിക്കറ്റ് വില്‍പനയും മൂന്ന് ദിവസം മുമ്പ് തുടങ്ങി. ശനിയാഴ്ച വൈകീട്ട് ഏഴുവരെ 300, 500 രൂപയുടെ സീസണ്‍ ടിക്കറ്റുകള്‍ വാങ്ങിയവര്‍ക്ക് ഫാന്‍സ് ജഴ്സി ഇഷ്ടമുള്ള സൈസില്‍ സൗജന്യമായി ലഭിച്ചു.

ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവും ഏര്‍പ്പെടുത്തിയിരുന്നു. ഓഫ്ലൈന്‍ ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കും. മത്സരത്തിന് മൂന്നുദിവസം മുമ്പ് മുതല്‍ സ്റ്റേഡിയത്തിലും ടിക്കറ്റ് വില്‍പനയുണ്ടാകും. ടിക്കറ്റ് വില: 200 (ഗാലറി), 300 (ചെയര്‍), 500 (എക്സിക്യൂട്ടിവ് ചെയര്‍) എന്നിങ്ങനെയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് നിരക്കുകള്‍.  bookmyshow.comലിലാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്.

 

Tags:    
News Summary - ISL 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.