ഷുസോ: രണ്ടു പതിറ്റാണ്ടു മുമ്പ് നിലച്ചുപോയ അയൽപക്കത്തെ ഫുട്ബാൾ സൗഹൃദത്തിന് വീണ്ടും ഇതളിടുന്നു. കാൽപന്തിൽ മേൽവിലാസം കുറിക്കാൻ വെമ്പുന്ന ഇന്ത്യയും ചൈനയും ഇന്ന് മുഖാമുഖം. ചൈനയിലെ ഷുസോവിൽ ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിനാണ് പോരാട്ടം. 1997ലെ കൊച്ചി നെഹ്റു കപ്പിൽ ഏറ്റുമുട്ടിയ ശേഷം ‘ബ്ലൂ ടൈഗേഴ്സും’ ‘റെഡ് ഡ്രാഗൺസും’ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. അന്ന് 2-1ന് ചൈനക്കായിരുന്നു ജയം. അയൽക്കാർക്കെതിരെ ഇതുവരെ ഒരു ജയംപോലും നേടിയിട്ടില്ലെന്ന പേരുദോഷംകൂടി മാറ്റാനാണ് സ്റ്റീഫൻ കോൺസ്റ്റെൻറയ്നും സുനിൽ ഛേത്രിയും ചൈനയിലെത്തുന്നത്. മുൻഗാമികൾ 17 തവണ ഏറ്റുമുട്ടിയപ്പോൾ 12ലും ജയം ചൈനക്കായിരുന്നു. അഞ്ചുവട്ടം സമനിലയിൽ പിരിഞ്ഞു.ഫിഫ റാങ്കിങ്ങിലും ചൈനക്കുതന്നെ മുൻതൂക്കം. അവർ 76ഉം ഇന്ത്യ 97ഉം സ്ഥാനത്ത്.
ലിപ്പിയുടെ ചൈന
2006ൽ ഇറ്റലിയെ ലോകചാമ്പ്യന്മാരാക്കിയ മാഴ്സലോ ലിപ്പിയെന്ന സൂപ്പർ കോച്ചാണ് ചൈനയുടെ പരിശീലകൻ. കളിക്കാരും വമ്പന്മാർ. ലോകതാരങ്ങൾ പന്തുതട്ടുന്ന ചൈനീസ് സൂപ്പർ ലീഗിലെ കളിക്കാർ അടങ്ങിയതാണ് സംഘം. 100 മത്സരം കളിച്ച ഗാവോ ലിന്നും ഷെങ് സിയും തന്നെ ടീമിലെ മുൻനിര താരങ്ങൾ. 21 വർഷം മുമ്പ് നേരിട്ട ചൈനയെക്കാൾ കരുത്തുകൂടും ഇപ്പോഴത്തെ സംഘത്തിനെന്നു ചുരുക്കം.
ഇന്ത്യക്ക് പടയൊരുക്കം
ഏഷ്യ കപ്പിന് മുമ്പുള്ള വലിയ മത്സരമാണ് ഇന്ത്യക്കിത്. എതിരാളിയുടെ കരുത്തും മിടുക്കും അറിഞ്ഞാണ് പോരാട്ടത്തിനിറങ്ങുന്നതെന്ന് കോച്ച് കോൺസ്റ്റെൻറയ്ൻ പറയുന്നു. ‘‘ചൈന അതിശക്തമാണ്. പൊസഷൻ ഫുട്ബാളാണ് അവരുടെ മിടുക്ക്. എന്നാൽ, സമ്മർദമറിഞ്ഞാണ് ഇന്ത്യ കളിക്കുന്നത്.
ഏഷ്യ കപ്പിനൊരുങ്ങുന്ന ടീമിന് ഇത്തരം മത്സരം അനിവാര്യമാണ്. തോൽക്കാനല്ല, ജയിക്കാൻ തന്നെയാണ് കളിക്കുന്നത്’’ -കോച്ച് പറയുന്നു. േഛത്രിയും ജെജെ ലാൽ പെഖ്ലുവയും നയിക്കുന്ന ഇന്ത്യൻ പ്രതിരോധത്തിെൻറ ബലം ജിങ്കാൻ-അനസ് എടത്തൊടികയിലാവും. മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയനും ടീമിലുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് നായകൻ കൂടിയായ സന്ദേശ് ജിങ്കാനാണ് മത്സരത്തിൽ ക്യാപ്റ്റെൻറ ആംബാൻഡ് അണിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.