ലോക ഫുട്ബാളിൽ ആതിഥേയ രാജ്യത്തിെൻറ മത്സരം അവരുടെ നാട്ടിൽ അവരോടൊപ്പം കാണണം. ശരിക്കും ഒരു ആഗോള മേള. സോക്കർ, ലോകത്തെ ശ്രുതിചേർക്കുന്നത് ഇവിടെ വന്നു കാണണം. പുത്തൻ ഹീറോ ചെറിഷേവ് ഫ്രീക്കിക്കിനൊരുങ്ങുമ്പോൾ പതിനായിരം പിടയ്ക്കുന്ന ഹൃദയങ്ങൾ അവരുടെ നീട്ടിപ്പിടിച്ച വലതുകൈ വിരലുകളിലേക്കിറങ്ങിവരും. അക്കോഡിയനിലെന്നോണം മന്ത്രസ്ഥായിയിൽനിന്ന് ആരവം ഉച്ചസ്ഥായിയിലേക്കു വളരും. ഗോളാണെങ്കിൽ ആൾക്കൂട്ടം പൊട്ടിത്തെറിക്കും. പന്ത് ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ ആർപ്പുവിളികൾ ഒരു നിമിഷത്തിെൻറ മൗനത്തിലേക്കു പത്തിതാഴ്ത്തും.
ലൊമനോസോവ് മോസ്കോ യൂനിവേഴ്സിറ്റിയിലെ വിശാലമായ ചത്വരത്തിലെ ഫിഫ ഫാൻസ് ഫെസ്റ്റിലാണ് ഇന്നലെ റഷ്യ-ഈജിപ്ത് മത്സരം കണ്ടത്. മുഖ്യ കവാടത്തിനരികിലൂടെ കിലോമീറ്ററുകൾ നടക്കണം. വഴിയിൽ വിവിധ രാജ്യങ്ങളുടെ ജഴ്സിയും പതാകയുമായി ആരാധകക്കൂട്ടങ്ങൾ. റ...സ്സിയ, റ...സ്സിയ എന്നാർത്ത് റഷ്യക്കാർ. വഴിയിൽ പതാകയും ജഴ്സിയും മാത്രമല്ല, മുഖത്തെഴുത്തുകാരും ബീർ വിൽപനക്കാരുമുണ്ട്. ആരാധകർ പരസ്പരം അഭിവാദ്യം ചെയ്യുന്നു. സെൽഫികളും ആലിംഗനങ്ങളുമുണ്ട്. സ്പാനിഷും പോർചുഗീസും അറബിയും സംസാരിക്കുന്നവരോട് വിശേഷങ്ങൾ ചോദിച്ചു.
മുഖ്യ സ്റ്റേഡിയങ്ങളിൽനിന്ന് അകലെയാകുന്നവർക്കും ടിക്കറ്റില്ലാത്തവർക്കും കളി കാണാനും ആനന്ദിക്കാനും ഫിഫ ഒരുക്കിയതാണ് ഫാൻ ഫെസ്റ്റിവലുകൾ. പ്രധാന നഗരങ്ങളിലെല്ലാം പതിനായിരങ്ങളെ ഉൾക്കൊള്ളാവുന്ന തരത്തിൽ ഫാൻസ് ഫെസ്റ്റിവലുകളുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ സെനഗാൾ-പോളണ്ട് മത്സരം നടക്കുകയാണ്. മത്സരത്തിെൻറ ഇടവേളകളിൽ കച്ചവടവും ഉല്ലാസങ്ങളും പൊടിപൊടിക്കുന്ന കാർണിവൽ മുഹൂർത്തങ്ങൾ. നൂറുനൂറായിരം മിഥുനങ്ങൾ. ഹിജാബിലെത്തുന്ന ദീനീജോടികളും കാഴ്ചയുടെ തുല്യ വിഹിതം വഹിക്കുന്നുണ്ട്. പതിനായിരങ്ങളെ ഉൾക്കൊള്ളാവുന്ന ചത്വരത്തിൽ എല്ലാവർക്കും കാണാനാവുന്നവിധം മിഴിവാർന്ന ബിഗ് സ്ക്രീൻ ഡിസ്പ്ലേകൾ. ഇടക്ക് റഷ്യൻ രാഷ്ട്രീയ പാർട്ടികളിലൊന്നിെൻറ നേതാവായ ഷെറിനോവ്സ്കി ആൾക്കൂട്ടത്തിലെത്തിയപ്പോൾ ആരാധകർ ഒപ്പം കൂടി. ഹൂളിഗനിസത്തിലേക്ക് വഴുതാവുന്ന യുവതയുടെ ഊർജത്തെ കാർണിവലാക്കുന്ന കച്ചവടയുക്തി ഫിഫ നന്നായി ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.