വളര്‍ത്തുനാടിന്‍െറ ഹൃദയം കവര്‍ന്ന് ഡീഗോ വീണ്ടുമെത്തി

മിലാന്‍: ഏഴുവര്‍ഷം വളര്‍ത്തുപുത്രനെപോലെ ഓമനിച്ച നഗരത്തിലേക്ക് ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടുമത്തെി. 27 വര്‍ഷത്തെ ഇടവേളക്കു ശേഷം ഹൃദയഭൂമിയിലേറ്റ ആ മാന്ത്രികചുവടുകളുടെ സ്പര്‍ശം, നേപ്ള്‍സിലെ ഓരോ മണല്‍ത്തരിയും തിരിച്ചറിഞ്ഞു. മൂന്ന് പതിറ്റാണ്ടുമുമ്പ് ആ കളികള്‍ ഗാലറിയിലിരുന്ന് കണ്ടവരും, വിസ്മയകഥകള്‍ കേട്ടറിഞ്ഞ് മനപ്പാഠമാക്കിയവരും തലമുറകളുടെ അന്തരമില്ലാതെ വിശ്വതാരത്തെ വരവേല്‍ക്കാന്‍ നേപ്ള്‍സ് മുതല്‍ നാപോളിയുടെ കളിമുറ്റമായ സാന്‍പോളോ സ്റ്റേഡിയം വരെ അണിനിരന്നു.

നാപോളിക്ക് എക്കാലവും ഓര്‍ക്കാന്‍ മറഡോണ സമ്മാനിച്ച ഇറ്റാലിയന്‍ സീരി ‘എ’ കിരീടനേട്ടത്തിന്‍െറ 30ാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായാണ് അര്‍ജന്‍റീന ഫുട്ബാള്‍ ഇതിഹാസം ഇറ്റാലിയന്‍ മണ്ണിലത്തെിയത്. 1986-87 സീസണിലായിരുന്നു മറഡോണയുടെ മികവില്‍ നാപോളി ചരിത്രത്തിലാദ്യമായി ഇറ്റാലിയന്‍ ജേതാക്കളായത്. പിന്നീട് ഒരിക്കല്‍കൂടി അവര്‍ കിരീടമണിഞ്ഞു. 1989-90 സീസണില്‍. അതും മറഡോണയുടെ മികവില്‍ തന്നെ. 1984 മുതല്‍ 91 വരെയായിരുന്നു ഡീഗോ ഇറ്റാലിയന്‍ ക്ളബിന്‍െറ ജഴ്സിയില്‍ കളിച്ചത്. അര്‍ജന്‍റീന കഴിഞ്ഞാല്‍, തന്‍െറ കരിയറിന്‍െറ ആത്മീയസാന്നിധ്യമെന്ന് മറഡോണതന്നെ പ്രഖ്യാപിച്ച നാപോളി. അര്‍ജന്‍റീന ക്ളബ് ബൊക്ക ജൂനിയേഴ്സിലും (1981-82), സ്പാനിഷ് ക്ളബ് ബാഴ്സലോണയിലും (1982-84) കളിച്ച ശേഷമായിരുന്നു നാപോളിയിലേക്കുള്ള കൂടുമാറ്റം. നീണ്ട ഏഴുവര്‍ഷം കൊണ്ട് 259 മത്സരങ്ങളില്‍ പന്തുതട്ടി, 115 ഗോളടിച്ച് ഇറ്റാലിയന്‍ ക്ളബിന്‍െറയും ഇതിഹാസമായി മാറിയ ശേഷം നാപോളി വിട്ട മറഡോണ പിന്നീട് പ്രിയപ്പെട്ട നഗരിയിലത്തെിയില്ല.

മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍പെട്ടെങ്കിലും നാപോളിക്ക് ഡീഗോ പ്രിയപ്പെട്ടവന്‍ തന്നെയായിരുന്നു. ഇതിഹാസതാരം കളി അവസാനിപ്പിച്ചതിനു പിന്നാലെ, ഡീഗോ അണിഞ്ഞ പത്താം നമ്പര്‍ ജഴ്സി എന്നന്നേക്കുമായി പിന്‍വലിച്ചുകൊണ്ടായിരുന്നു അവര്‍ ആദരവ് പ്രകടിപ്പിച്ചത്.  
കളിക്കാരനില്‍നിന്നും പരിശീലകനും ഫുട്ബാള്‍ പ്രചാരകനുമായി ലോകംനിറഞ്ഞ മറഡോണ പുതിയൊരു വാഗ്ദാനവുമായാണ് പഴയ തട്ടകത്തില്‍ തിരിച്ചത്തെിയത്. പ്രിയപ്പെട്ട ക്ളബുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും സന്നദ്ധമാണെന്ന് പ്രസിഡന്‍റ് ഒറിലോ ഡി ലോറെന്‍റിസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മറഡോണ ഉറപ്പുനല്‍കി. നികുതി വെട്ടിച്ചുവെന്ന കേസില്‍ ഇറ്റാലിയന്‍ സര്‍ക്കാറുമായുള്ള നിയമപോരാട്ടം അവസാനിച്ചാല്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് മറഡോണയുടെ വാഗ്ദാനം.

പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം ഫെബ്രുരി 28ന് ഇറ്റാലിയന്‍ കോടതിയില്‍ ഒത്തുതീര്‍പ്പാവും. ‘ഈ സ്നേഹം എന്നെ അദ്ഭുതപ്പെടുത്തുന്നു. എന്‍െറ കളിപോലും കണ്ടിട്ടില്ലാത്ത പുതിയ തലമുറയുടെ ആവേശം കാണുമ്പോള്‍ പഴയ നാപോളിതന്നെ മനസ്സിലത്തെുന്നു.’ -മറഡോണ പറഞ്ഞു.

 

Tags:    
News Summary - Diego Maradona in talks with Napoli over new role as he returns to celebrate 1987 Serie A title triumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT