ബാഴ്സലോണ: ലാ ലിഗ സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തിൽ ഗോൾ മഴ തീർത്ത് ബാഴ്സലോണ. ചാമ്പ്യന്മാരെന്ന പകിട്ടിന് ഒട്ടും കുറവ് വരുത്താതെ വിയ്യാറയലിനെതിരെ തിമിർത്തുകളിച്ച കറ്റാലൻ നിര 5-1നാണ് മത്സരം ജയിച്ചത്. ഒരു േതാൽവിപോലുമില്ലാതെ സീസൺ അവസാനിപ്പിച്ച് റെക്കോഡ് നേടാൻ ബാഴ്സക്ക് അടുത്ത മത്സരം തോൽക്കാതിരുന്നാൽ മതി. അതേസമയം, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ കളത്തിലിറങ്ങിയ റയൽ മഡ്രിഡിനെ സെവിയ്യ 3-2ന് തോൽപിച്ചു. സീസണിൽ മുൻ ചാമ്പ്യന്മാരുടെ ആറാം തോൽവിയാണിത്.
ലാ ലിഗ ചാമ്പ്യന്മാർക്ക് എൽക്ലാസികോയിൽ ഗാർഡ് ഒാഫ് ഹോണർ നൽകുന്ന പതിവ് റയൽ മഡ്രിഡ് തെറ്റിച്ചപ്പോൾ, വിയ്യാറയൽ ബാഴ്സക്ക് ആദരവ് നൽകിയാണ് സ്വീകരിച്ചത്. സീസണോടെ ടീമിനോട് വിടപറയുന്ന ആന്ദ്രെ ഇനിയെസ്റ്റ അവസാന ഹോം മത്സരത്തിനിറങ്ങിയ മത്സരത്തിൽ ഫിലിപെ കുടീേന്യായിലൂടെയാണ് (11) ആദ്യ ഗോളൊരുങ്ങുന്നത്. ഒസ്മാനെ ഡെംബലെയുടെ ഷോട്ട് റീബൗണ്ട് വന്നതാണ് ബ്രസീൽതാരം വലയിലേക്ക് തിരിച്ചുവിട്ടത്.
ഇനിയെസ്റ്റ-ലൂകാസ് ഡിഗ്നെ സഖ്യത്തിെൻറ നീക്കത്തിനൊടുവിൽ പൗളീന്യോ (16) രണ്ടാം ഗോളും നേടി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഇനിയെസ്റ്റയുടെ പാസിൽ സൂപ്പർ താരം ലയണൽ മെസ്സി (45) ബാഴ്സയുടെ ലീഡ് വർധിപ്പിച്ചു. രണ്ടാം പകുതിയിൽ ഡെംബലെ (87, 93) രണ്ടു ഗോളുമായി ബാഴ്സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. നികളസ് സാൻസണാണ് (53) വിയ്യാറയലിെൻറ ആശ്വാസ ഗോൾ നേടിയത്.
ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരിനൊരുങ്ങാനുള്ള റയൽ മഡ്രിഡ് റൊണാൾഡോ, ഗാരത് ബെയ്ൽ, ലൂക മോഡ്രിച്ച് എന്നിവരില്ലാതെയാണ് സെവിയ്യക്കെതിരെ കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽതന്നെ രണ്ടുേഗാളുകളുമായി (വിസാം ബെൻയാഡർ-26, മിഗ്വയ്ൽ ലോയുൺ-45) സെവിയ്യ റയലിനെതിരെ ആധിപത്യം പുലർത്തി. തിരിച്ചുവരാനുള്ള അവസരങ്ങൾ റയലിന് നിരവധിയുണ്ടായിരുന്നു. എന്നാൽ, രണ്ടാം പകുതി റയൽ നായകൻ സെർജിയോ റാമോസ് പെനാൽറ്റി പാഴാക്കിയും (58) സെൽഫ്ഗോൾ വഴങ്ങിയും (84) ദുരന്ത നായകനായി. ഒടുവിൽ 87ാം മിനിറ്റിൽ ബോർയ മയോറാലും 95ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റാമോസ് തന്നെയും ഗോളാക്കിയെങ്കിലും തോൽവി ഒഴിവാക്കാൻ റയലിന് അതുമതിയായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.