ലണ്ടൻ: ഫിനിഷിങ് പോയൻറിലേക്കടുക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയത്തോടെ ചെൽസിയുടെ മുന്നേറ്റം. കഴിഞ്ഞ രാത്രിയിൽ ക്രിസ്റ്റൽ പാലസിനെ 2-3ന് തോൽപിച്ച് ഫ്രാങ്ക് ലാംപാർഡിെൻറ ‘ബ്ലൂ ബോയ്സ്’ പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. സ്കോർബോർഡിൽ ഇടം പിടിച്ചില്ലെങ്കിലും വലതുവിങ്ങിൽ നിലയുറപ്പിച്ച് കളിയുടെ കടിഞ്ഞാൺ കൈയിലെടുത്ത വില്യനായിരുന്നു ചെൽസി ജയത്തിെൻറ സൂത്രധാരൻ. ആറാം മിനിറ്റിൽ ഒലിവർ ജിറൂഡും, 27ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചും നേടിയ ഗോളിനു പിന്നിൽ ബ്രസീൽ താരം കളിമെനഞ്ഞു.
തുടക്കത്തിലേ, രണ്ട് ഗോളിന് ലീഡ് പിടിച്ച ചെൽസിക്കെതിരെ 40 വാര അകലെനിന്നുംതൊടുത്ത ബുള്ളറ്റ് ഷോട്ടിലൂടെ ഗോളി അരിസബലാഗയെ കീഴടക്കി വിൽഫ്രിഡ് സാഹ പാലസിന് ഉൗർജം പകർന്നാണ് ഒന്നാം പകുതി അവസാനിപ്പിച്ചത്. രണ്ടാം പകുതിയിൽ കളി മുറുകി. വില്യൻ-ജിറൂഡ്-പുലിസിച് ത്രയം ആക്രമണം ശക്തമാക്കി. 71ാം മിനിറ്റിൽ ലുഫ്റ്റസ് ചീക് നൽകിയ ക്രോസ് ലക്ഷ്യത്തിലെത്തിച്ച് ടാമി എബ്രഹാം മൂന്നാം ഗോളടിച്ചാണ് ആശങ്കയകറ്റിയത്. അടുത്ത മിനിറ്റിൽതന്നെ ബെൻറ്റെകെയിലൂടെ പാലസ് രണ്ടാം ഗോളടിച്ചെങ്കിലും ചെൽസിയുടെ വിജയം നിഷേധിക്കാനായില്ല. 34 കളിയിൽ 60 പോയൻറുമായി അവർ കഴിഞ്ഞ വർഷത്തെ സഥാനത്തെത്തി. മുന്നിലുണ്ടായിരുന്ന ലെസ്റ്റർ സിറ്റിയെ ആഴ്സനൽ (1-1) സമനിലയിൽ തളച്ചതോടെയാണ് ചെൽസി മൂന്നാമതെത്തിയത്. 59 പോയൻറാണ് ലെസ്റ്ററിന്.
ഒബുമെയാങ്ങിെൻറ ഗോളിൽ 21ാം മിനിറ്റിൽ ലീഡ് നേടിയ ആഴ്സനലിന് 75ാം മിനിറ്റിൽ റൈറ്റ് വിങ്ങർ എഡ്വേർഡ് എൻകീറ്റ ചുവപ്പുകാർഡുമായി പുറത്തായതാണ് തിരിച്ചടിയായത്. തുടർന്ന് 84ാം മിനിറ്റിൽ ജാമി വാർഡി ലെസ്റ്ററിന് സമനില സമ്മാനിച്ചു. വാറ്റ്ഫോഡ് 2-1ന് നോർവിച്ചിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.