ബ്രസീലിന് ലോകകപ്പ് യോഗ്യത; ഉ​റു​ഗ്വാ​യ്​​ക്ക്​ തോ​ൽ​വി

സാവോ പോളോ: മൂന്നുവർഷം മുമ്പ് സ്വന്തം മണ്ണിലേറ്റ നാണക്കേടിന് ബ്രസീലിന് ഇങ്ങനെയും മറുപടി നൽകാം. അടുത്തവർഷം റഷ്യ വേദിയാവുന്ന ലോകകപ്പ് ഫുട്ബാൾ പോരാട്ടത്തിന് കളിച്ച് യോഗ്യതനേടുന്ന ആദ്യ സംഘമായിമാറി കാനറികൾ വരുന്നു. തെക്കനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നാല് കളികൂടി ബാക്കിനിൽക്കെ പത്ത് ജയവുമായി 33 പോയൻറ് സ്വന്തമാക്കിയ മഞ്ഞപ്പട റഷ്യയിലെ 32 പേരിൽ ഒരാളായി സ്ഥാനമുറപ്പിച്ചു. കൊറിന്ത്യൻ അറീനയിലെ പോരാട്ടത്തിൽ പരഗ്വേയെ 3-0ത്തിന് തരിപ്പണമാക്കിയാണ് നെയ്മറും സംഘവും റഷ്യയിലേക്കുള്ള യാത്ര ആധികാരികമാക്കിയത്. ഫിലിപ് കൗടീന്യോ, നെയ്മർ, മാഴ്സലോ എന്നിവരുടെ എണ്ണംപറഞ്ഞ മൂന്ന് ഗോളുകളിൽ ബ്രസീൽ പരഗ്വേ വല കുലുക്കിമറിച്ചപ്പോൾ, കഴിഞ്ഞ ലോകകപ്പിൽ ജർമനിയോടേറ്റ നാണംകെട്ട തോൽവിയുടെ പാപം കഴുകിത്തീർക്കാനുള്ള വഴികൂടിയായിരുന്നു. അർജൻറീന, െബാളീവിയയോട് തോറ്റ് പ്രതിരോധത്തിലായതിനു പിന്നാലെയായിരുന്നു സ്വന്തം ഗ്രൗണ്ടിൽ ബ്രസീൽ വിജയമധുരം നുകർന്നത്. മറ്റൊരു വമ്പന്മാരായ ഉറുഗ്വായ്യെ പെറു 2-1ന് തോൽപിച്ചു. കൊളംബിയ എക്വഡോറിനെയും (2-0), ചിലി വെനിസ്വേലയെയും (3-1) തോൽപിച്ചതോടെ മേഖലയുടെ ചിത്രം വീണ്ടും മാറിമറിഞ്ഞു. 


ബൊളീവിയ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീനയെ അട്ടിമറിച്ചത്. യുവാന്‍ കാര്‍ലോസും, മാര്‍സെല്ലോ മൊറേനോയുമാണ് ബോളീവിയക്കായി അർജൻറീനയുടെ വലകുലുക്കിയത്. മുൻനിര താരങ്ങളായ മെസ്സി, മഷറാനോ, ഹിഗ്വൈന്‍ എന്നിവർ ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്. ചിലിക്കെതിരായ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിന് നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കിയതിനെ തുടർന്നാണ് മെസ്സിക്ക് മത്സരം നഷ്ടമായത്.തോല്‍വിയോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത സാധ്യതകള്‍ വീണ്ടും പ്രതിസന്ധിയിലായി. 14 കളികളില്‍ 22 പോയിന്റ് മാത്രമുള്ള അര്‍ജന്റീന അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉറുഗ്വായെ 2-1ന് വീഴ്ത്തി പെറു യോഗ്യതാ മോഹങ്ങൾ സജീവമാക്കി.


വിവാ ബ്രസീൽ
ഒരു കോച്ചിെൻറ വരവ്, ടീമിനെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന കാഴ്ചകണ്ട് അതിശയിക്കുകയാണ് ബ്രസീൽ ഫുട്ബാൾ ലോകം. കഴിഞ്ഞ ജൂണിൽ ടിറ്റെ മഞ്ഞപ്പടയുടെ പരിശീലകനായി സ്ഥാനമേൽക്കുേമ്പാൾ ദുംഗയുടെ കീഴിൽ കളിച്ച ബ്രസീൽ ലോകകപ്പ് യോഗ്യത നേടുമോയെന്ന സംശയത്തിലായിരുന്നു. ഒരുവർഷമായിട്ടില്ല ടിറ്റെയുടെ മാന്ത്രികസ്പർശത്തിൽ ബ്രസീൽ ഉണർന്നിട്ട്. അപ്പോഴേക്കും റിയോ ഒളിമ്പിക്സിൽ സ്വർണമണമെത്തി. പിന്നാലെ, റഷ്യയിലേക്ക് യോഗ്യത ഉറപ്പിക്കുന്ന ആദ്യ സംഘവുമായി. 
 


കഴിഞ്ഞ ജൂണിൽ ടിറ്റെ പരിശീലകനായെത്തുേമ്പാൾ ആറ് കളിയിൽ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി ആറാം സ്ഥാനത്തായിരുന്നു ബ്രസീൽ. ശേഷം ലോകം കണ്ടതൊരു മായാജാലമായിരുന്നു. യോഗ്യതാ റൗണ്ടിൽ തുടർച്ചയായി എട്ടു ജയങ്ങൾ. 24 ഗോളുകൾ, വഴങ്ങിയത് രണ്ടെണ്ണം മാത്രം. നെയ്മറും കൗടീന്യോയും ഗബ്രിയേൽ ജീസസുമെല്ലാം ചേർന്ന് ഉറങ്ങിക്കിടന്ന ആ പ്രതാപത്തെ തട്ടിയുണർത്തിയപ്പോൾ പ്രിയപ്പെട്ട മഞ്ഞക്കുപ്പായത്തോട് പിണങ്ങിയ ആരാധകരെല്ലാം തിരികെയെത്തി. വൻകരയാകെ സഞ്ചരിച്ച് അവർ വീണ്ടും സെലസാവോകളുടെ പതാകവാഹകരായി. ഇനിയുള്ളത് നാലു മത്സരങ്ങൾ. എതിരാളികളായി എക്വഡോർ, കൊളംബിയ, ബൊളീവിയ, ചിലി. പക്ഷേ, ബ്രസീൽ കിതക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കോച്ച് ടിറ്റെ. യോഗ്യത മാത്രമല്ല. വൻകരയുടെ ചാമ്പ്യന്മാരായിത്തന്നെ മഞ്ഞപ്പട തങ്ങളുടെ 21ാം ലോകകപ്പിനെത്തും.

അത്രയും ആധികാരികമായിരുന്നു പരഗ്വേക്കെതിരായ ജയം. ഉറുഗ്വായ്ക്കെതിരെ ഹാട്രിക് നേടിയ പൗളീന്യോ അവസരങ്ങൾ നഷ്ടപ്പെടുത്തിയതും നെയ്മർ പെനാൽറ്റി പാഴാക്കിയതും അവർ മറക്കും. കാരണം, കൗടീന്യോയും മാഴ്സലോയും നെയ്മറും നേടിയ മൂന്ന് ഗോളുകൾക്ക് അത്രയേറെ പ്രതിഭയുടെ സ്പർശമുണ്ടായിരുന്നു. സ്വന്തം പാതിയിൽനിന്നും സ്വന്തമായി പടച്ചെടുത്ത നീക്കം ഗോൾ പോസ്റ്റിനുമുന്നിൽ പൗളീന്യോയിലൂടെ തിരിച്ചുവാങ്ങിയായിരുന്നു കൗടീന്യോ 34ാം മിനിറ്റിൽ ആദ്യ ഗോൾ സ്കോർ ചെയ്തത്. എന്നാൽ, രണ്ടാം പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തി നിരാശപ്പെട്ട നെയ്മർ വർധിത വീര്യത്തിൽ ആ നഷ്ടം നികത്തി. കൗടീന്യോയുടെ ഗോളിന് സമാനമായിരുന്നു നെയ്മറിെൻറ നീക്കവും. ഇടതുവിങ്ങിൽനിന്നും തുടങ്ങിയ സോളോ മുന്നേറ്റം പ്രതിരോധക്കാരെ അരിഞ്ഞുവീഴ്ത്തി വലയിലെത്തിച്ചശേഷമേ അവസാനിപ്പിച്ചുള്ളൂ. തൊട്ടുപിന്നാലെ, മറ്റൊരു ഗോൾ ഒാഫ്സൈഡായി. 83ാം മിനിറ്റിൽ ഒാഫ്സൈഡ് കെണിപൊട്ടിച്ച് മാഴ്സലോ കൂടി സ്കോർ ചെയ്തതേടെ ജയം സമ്പൂർണം.


ഉറുഗ്വായ്ക്ക് തിരിച്ചടി; കൊളംബിയ രണ്ടാമത്
ബ്രസീലിനോടേറ്റ തോൽവിക്കു പിന്നാലെയിറങ്ങിയ ഉറുഗ്വായ്ക്ക് ഇരട്ട പ്രഹരമായി പെറുവിനോടേറ്റ തിരിച്ചടി. രണ്ടാം സ്ഥാനം നിലനിർത്താൻ ജയം അനിവാര്യമായവർക്ക് ലൂയി സുവാരസ് പ്ലെയിങ് ഇലവനിൽ ഇറങ്ങിയിരുന്നു. 30ാം മിനിറ്റിൽ സുവാരസിെൻറ അസിസ്റ്റിൽ കാർലോസ് സാഞ്ചസിലൂടെ അവർ മുന്നിലെത്തി. എന്നാൽ, 45ാം മിനിറ്റിൽ പൗലോ ഗരീറോയും 62ാം മിനിറ്റിൽ എഡിസൻ േഫ്ലാറസും നേടിയ ഗോളിന് മറുപടിനൽകാനാവാതെ പോയതോടെ വൻ തോൽവിയായി. അതേസമയം, കഴിഞ്ഞ കളിയിൽ അർജൻറീനയോട് തോറ്റ ചിലി, വെനിസ്വേലക്കുമുന്നിൽ എല്ലാ ക്ഷീണവും തീർത്തു. അഞ്ചാം മിനിറ്റിൽ അലക്സിസ് സാഞ്ചസിലൂടെ തുടങ്ങിയവർക്ക് എസ്തബാൻ പരേഡസ് (7, 22) ഇരട്ട ഗോളിലൂടെ ആദ്യ പകുതിയിൽതന്നെ വിജയം സമ്മാനിച്ചു. ഉറുഗ്വായ്യുടെയും അർജൻറീനയുടെയും വീഴ്ച മുതലെടുത്ത കൊളംബിയ എക്വഡോറിനെ 2-0ത്തിന് തകർത്ത് രണ്ടാം സ്ഥാനക്കാരായി. ഹാമിഷ് റോഡ്രിഗസും (20), യുവാൻ ക്വഡ്രാഡോയുമാണ് (34) കൊളംബിയക്കായി ഗോളടിച്ചത്.



 

Tags:    
News Summary - Argentina's World Cup spot in jeopardy without Messi as

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT