ലാപാസ്: സമുദ്രനിരപ്പിൽനിന്നും 12,000 അടി ഉയരെയുള്ള ബൊളീവിയയിലെ മലമുകളിൽ അർജൻറീനയുടെ ശ്വാസം നിലക്കാൻ ബുധനാഴ്ച രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, എന്നും വെല്ലുവിളിയാവുന്ന ഹൈആൾറ്റിറ്റ്യൂഡ് ഗ്രൗണ്ടിലെ പോരാട്ടം. ഫിഫ വിലക്കിനെയും അതിജീവിച്ച് ലോകകപ്പ് യോഗ്യത വേദിയായി തിരികെയെത്തിയ ലാപാസിലെ കെണിയിൽ ഒാടിയെത്താനാവാതെ എയ്ഞ്ചൽ ഡി മരിയയും കൂട്ടുകാരും കുഴങ്ങിവീണു. രണ്ടാമത്തെ കാരണം, അർജൻറീനയുടെ ശ്വാസം തീർത്തും നിലച്ചു. സ്റ്റാർസ്ട്രൈക്കർ ലയണൽ മെസ്സിക്ക് നാലു കളിയിൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക്. ലാപാസിലെ ചതിക്കുഴിയായ ഹെർണാണ്ടോ സിലസ് സ്റ്റേഡിയത്തിലിറങ്ങും മുമ്പാണ് മെസ്സിക്കെതിരെ ഫിഫയുടെ വിലക്ക് വരുന്നത്. ടീമിനൊപ്പം ബൊളീവിയയിലെത്തിയ നായകന് കളിക്കാനാവില്ലെന്നുറപ്പായതോടെ പ്രതികൂല സാഹചര്യത്തിലെ ഗെയിംപ്ലാനും പൊളിഞ്ഞു. 
 

2014 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കാനെത്തിയപ്പോൾ പ്രയോഗിച്ച പ്രതിരോധമായിരുന്നു കോച്ച് എഡ്ഗാർഡോ ബൗസ ബുധനാഴ്ചയും ഒരുക്കിയത്. അന്ന് പ്രതിരോധത്തിലൂന്നി കളിച്ചുനേടിയ സമനിലയുമായി ഇക്കുറിയും മടങ്ങാമെന്ന മോഹം. മെസ്സിയുടെ അസാന്നിധ്യത്തിൽ എയ്ഞ്ചൽ കൊറിയ^ലൂകാസ് പ്രാറ്റോ കൂട്ടിന് മുന്നേറ്റചുമതല നൽകി 4-4-2 ശൈലിയിൽ കടുത്ത പ്രതിരോധം. പക്ഷേ, ഒാടിക്കളിക്കാതെ പ്രതിരോധിച്ച അർജൻറീന വലയിൽ ഇരു പകുതികളിലുമായി ബൊളീവിയ രണ്ട് ഗോളിട്ടു. 31ാം മിനിറ്റിൽ യുവാർ അർസെയും 52ാം മിനിറ്റിൽ മാഴ്സലോ മൊറീനോയും സ്കോർചെയ്തപ്പോൾ, രണ്ട് ഗോളിൽ അവസാനിച്ചല്ലോ എന്നായി ആശ്വാസം.
 

അർജൻറീന റഷ്യയിലെത്തുമോ?
മെസ്സിയില്ലെങ്കിൽ അർജൻറീനയില്ല എന്നതൊരു വെറുംവാക്ക് മാത്രമല്ലെന്ന് കണക്കുകൾ സാക്ഷിപറയും. ഇൗ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എട്ടുകളിയിൽ മെസ്സിയില്ലാതെയിറങ്ങിയപ്പോൾ ഒരു ജയം, നാല് സമനില, മൂന്ന് തോൽവി- എന്നായിരുന്നു പ്രകടനം. മെസ്സിയിറങ്ങിയ ആറിൽ അഞ്ചിലും ജയം. ഒരു സമനിലയും. 
വിലക്കിനെ തുടർന്ന് സൂപ്പർതാരത്തിന് ശേഷിച്ച മൂന്ന് കളികൂടി നഷ്ടമാവുേമ്പാൾ അർജൻറീന റഷ്യയിലേക്കുണ്ടാവില്ലേയെന്നാണ് ആരാധകരുടെ ചോദ്യം. അതിനുത്തരം അർജൻറീന ഫുട്ബാൾ ഫെഡറേഷൻ പറയുന്നു. ‘‘വിലക്കിനെതിരെ അപ്പീൽ നൽകും. ഫിഫ നടപടി നീതിപൂർവമല്ല’’. വിലക്ക് കാലാവധി എത്രമാത്രം കുറയുന്നുവോ അത്രയേ അർജൻറീനക്ക് മുന്നോട്ടുള്ള യാത്രയിൽ പ്രതീക്ഷയുള്ളൂ. 14 കളിയിൽ 22 പോയൻറുമായി അഞ്ചാം സ്ഥാനത്താണ് നിലവിലെ റണ്ണറപ്പുകാർ. നാല് കളിയിലെ വിലക്കോടെ ഉറുഗ്വായ്, വെനിസ്വേല, പെറു എന്നിവർക്കെതിരായ കളിയും മെസ്സിക്കു നഷ്ടമാവും. കളിക്കാനാവുന്നത് എക്വഡോറിനെതിരായ അവസാനമത്സരം മാത്രം. പക്ഷേ, ശേഷിച്ച നാലു കളിയിലും ജയിച്ചാലെ അർജൻറീനക്ക് യോഗ്യത ഉറപ്പിക്കാനാവൂ. മെസ്സിയെ മാറ്റിനിർത്തിയൊരു ഗെയിം പ്ലാനില്ലാത്ത കോച്ച് ബൗസയിൽനിന്ന് മറ്റ് എന്ത് അദ്ഭുതം പ്രതീക്ഷിക്കാമെന്ന ആശങ്കയിലാണ് ഇപ്പോൾ ആരാധകർ. 
 
Tags:    
News Summary - argentina bolivia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.