മാഡ്രിഡ്: ലാ ലിഗയിൽ കിരീടം കൈവിട്ടതോടെ കടുത്ത പ്രതിസന്ധിയിലായ റയൽ മാഡ്രിഡിൽ വൻ അഴിച്ചുപണിക്ക് സാധ്യത. പരിശീലകൻ ആൽവാരോ അർബെലോവയുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ലയണൽ സ്കലോണിയെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് ബോർഡ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
സീസണിൽ ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാൻ കഴിയാത്തതും പ്രമുഖ ടൂർണമെന്റുകളിൽ നിന്നുള്ള പുറത്താകലുമാണ് അർബെലോവയ്ക്ക് തിരിച്ചടിയായത്. ഫ്ലോറന്റീനോ പെരസിന്റെ നേതൃത്വത്തിലുള്ള റയൽ മാനേജ്‌മെന്റ് യോർഗാൻ ക്ലോപ്പ്, ദിദിയർ ദെഷാംപ്സ്, സെസ്‌ക് ഫാബ്രിഗസ് തുടങ്ങിയ പേരുകൾ പരിഗണിക്കുന്നുണ്ടെങ്കിലും ഒന്നാം സ്ഥാനം സ്കലോണിക്കാണെന്നാണ് സൂചന. ലയണൽ മെസ്സിയുൾപ്പെടെയുള്ള വൻ താരനിരയെ വിജയകരമായി കൈകാര്യം ചെയ്ത സ്കലോണിയുടെ മികവിലാണ് റയലിന്റെ കണ്ണ്.
എന്നാൽ സ്കലോണിയെ മാഡ്രിഡിലെത്തിക്കുക അത്ര എളുപ്പമാകില്ല. അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി 2026 ലോകകപ്പ് വരെ താരത്തിന് കരാറുണ്ട്. നിലവിൽ അർജന്റീന ടീമിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യമെന്ന് സ്കലോണി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റയലിന്റെ ഭാഗത്തുനിന്ന് വൻ വാഗ്ദാനങ്ങൾ ഉണ്ടായേക്കാം. സീസൺ അവസാനിക്കാൻ അഞ്ച് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, വലിയ മാറ്റങ്ങൾക്കാണ് സ്പാനിഷ് ക്ലബ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.