മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ബുധനാഴ്ച അത്ലറ്റിക്കോ മഡ്രിഡ്-ആഴ്സനൽ സെമി ഫൈനൽ പോരാട്ടം. അത്ലറ്റിക്കോയുടെ തട്ടകമായ മഡ്രിഡിലെ റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് ഒന്നാംപാദ മത്സരം. സമീപകാലത്ത് സമ്മിശ്രപ്രകടനം നടത്തുന്ന ഇരു ടീമും തുല്യശക്തികളെന്നപോലെയാണ് നേർക്കുനേർ ഇറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം അവസാനഘട്ടത്തിൽ വഴുതിപ്പോവുമോയെന്ന ആശങ്കയിലാണ് ഗണ്ണേഴ്സ്. സ്പാനിഷ് ലാലിഗയിൽ നാലാംസ്ഥാനത്ത് കിടക്കുന്ന അത്ലറ്റിക്കോയെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം സ്വപ്നതുല്യമാണ്.
ലാലിഗ കിരീടത്തിലേക്ക് കുതിക്കുന്ന ബാഴ്സലോണയെയാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക്കോ മറികടന്നത്. ഇതിന്റെ ആത്മവിശ്വാസത്തിൽ കോപ ഡെൽ റേ ഫൈനലിനിറങ്ങിയ ടീമിന് പക്ഷേ, റയൽ സോസിഡാഡിന് മുന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിടറി. മൂന്നുവട്ടം ചാമ്പ്യൻസ് ലീഗ് കന്നിക്കിരീടത്തിനരികിലെത്തി ഫൈനലിൽ തോറ്റ ചരിത്രവുമുണ്ട് അത്ലറ്റിക്കോക്ക്. നീളുന്ന കാത്തിരിപ്പിന് ഇക്കുറിയെങ്കിലും അന്ത്യമിടാനാവുമെന്നാണ് ഡീഗോ സിമിയോൺ പരിശീലിപ്പിക്കുന്ന സംഘത്തിന്റെ പ്രതീക്ഷ. പക്ഷേ, അത്ര ശുഭകരമായ വാർത്തകളല്ല ക്യാമ്പിൽനിന്ന് വരുന്നത്. മിഡ്ഫീൽഡർ പാബ്ലോ ബോറിസ് പരിക്കേറ്റ് പുറത്താണ്. ഡിഫൻഡർമാരായ ജോസ് ജിമെനെസ്, ഡേവിഡ് ഹാങ്കോ, സ്ട്രൈക്കർ അഡെമോല എന്നിവരുടെ കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നു. അർജന്റൈൻ യുവതാരം യൂലിയൻ അൽവാരസും ഫ്രഞ്ച് ഇതിഹാസം അൻറ്റോയിൻ ഗ്രീസ്മാനുമാണ് മുന്നേറ്റം നയിക്കുക.
സ്വന്തം തട്ടകത്തിൽ അത്ലറ്റിക്കോയെ തോൽപിക്കുക ആഴ്സനലിന് ശ്രമകരമായിരിക്കും. ചാമ്പ്യൻസ് ലീഗ് സീസണിൽ ഒരു തോൽവി പോലും വഴങ്ങാത്ത ടീമാണ് ഗണ്ണേഴ്സ്. പ്രാഥമിക റൗണ്ടിലെ എട്ട് മത്സരങ്ങളും ജയിച്ച് ഒന്നാംസ്ഥാനക്കാരായി പ്രീക്വാർട്ടറിൽ. പിന്നെ നോക്കൗട്ട് പ്രീക്വാർട്ടറിലും ക്വാർട്ടറിലും ഇരുപാദങ്ങളിലായി ഓരോ ജയവും സമനിലയും. യഥാക്രമം ബയർ ലെവർകുസനെയും സ്പോർട്ടിങ് സി.പിയെയും മറികടന്നാണ് സെമിയിലെത്തിയത്. 12 മത്സരങ്ങളിൽ ഇവർ ആകെ വഴങ്ങിയത് അഞ്ചേയഞ്ച് ഗോളുകൾ. സ്ട്രൈക്കർ ബുകായോ സാക ഒരു മാസത്തെ ഇടവേളക്ക് ശേഷം ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. കൈ ഹാവെർട്സിന്റെ കാര്യത്തിൽ ആശങ്ക തുടരുകയാണ്. ചെറിയ പരിക്ക് അലട്ടിയിരുന്ന എബെറെചി എസെ ആരോഗ്യം വീണ്ടെടുത്തത് ആഴ്സനലിന് ആശ്വാസം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.