ചാമ്പ്യന്മാരെ തകര്‍ത്ത് യുനൈറ്റഡ്

ലണ്ടന്‍: തുടര്‍ച്ചയായ പരാജയങ്ങളുമായി സമ്മര്‍ദത്തിലായ ജോസ് മൗറീന്യോക്ക് ആശ്വാസമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവരവ്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെങ്കുപ്പായക്കാര്‍ തകര്‍ത്തുവിട്ടത്. സീസണിലാദ്യമായി മനോഹരമായ ഫുട്ബാള്‍ കെട്ടഴിച്ച യുനൈറ്റഡിനുവേണ്ടി ക്രിസ് സ്മാളിങ് (22ാം മിനിറ്റ്), യുവാന്‍ മാറ്റ (37), മാര്‍കസ് റഷ്ഫോര്‍ഡ് (40), പോള്‍ പോഗ്ബ (42) എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ലെസ്റ്ററിന്‍െറ ആശ്വാസഗോള്‍ ഡെമറായ് ഗരെയുടെ (59) വകയായിരുന്നു. മധ്യനിരയുടെയും മുന്‍നിരയുടെയും മികവാണ് മാഞ്ചസ്റ്ററിന് ജയമൊരുക്കിയത്. റെക്കോഡ് തുകക്ക് ടീമിലത്തെിയ പോഗ്ബ മധ്യനിരയില്‍ ആദ്യമായി മികച്ച ഫോമിലേക്കുയര്‍ന്നപ്പോള്‍ പ്ളേമേക്കര്‍ റോളില്‍ മാറ്റയും ഇടതുവിങ്ങില്‍ റഷ്ഫോര്‍ഡും മികച്ച കളി കെട്ടഴിച്ചു. സെന്‍ട്രല്‍ ഡിഫന്‍സില്‍നിന്ന് മാറി സീസണിലാദ്യമായി തന്‍െറ പ്രൈം പൊസിഷനായ ലെഫ്റ്റ് വിങ് ബാക്ക് സ്ഥാനത്ത് അവസരം ലഭിച്ച ഡാലി ബ്ളിന്‍ഡ് ഗോളിലേക്ക് വഴിതുറന്ന മൂന്നു കോര്‍ണറുകളുമായി മികവറിയിച്ചു.

കാര്യമായ മാറ്റങ്ങളുമായാണ് മൗറീന്യോ ടീമിനെ ഇറക്കിയത്. പ്രതീക്ഷിക്കപ്പെട്ടപോലെ വെയ്ന്‍ റൂണിക്ക് ഫസ്റ്റ് ഇലവനില്‍ സ്ഥാനം നഷ്ടമായപ്പോള്‍ മാറ്റ പ്ളേമേക്കര്‍ പൊസിഷനിലത്തെി. പോഗ്ബക്കൊപ്പം മുന്‍ മത്സരങ്ങളില്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡറുടെ റോളിലിറങ്ങിയിരുന്ന മറൗണ്‍ ഫെല്ളെയ്നിക്ക് പകരം ആന്‍ഡര്‍ ഹെരേര വന്നു. ഇബ്രാഹിമോവിച്ചിനും റഷ്ഫോര്‍ഡിനുമൊപ്പം മുന്‍നിരയുടെ വലതുഭാഗത്ത് ജെസെ ലിന്‍ഗാര്‍ഡിനായിരുന്നു അവസരം. റൂണിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍െറ ആംബാന്‍ഡണിഞ്ഞ സ്മാളിങ്, എറിക് ബെയ്ലിക്കൊപ്പം പ്രതിരോധമധ്യത്തില്‍ അണിനിരന്നു. മുന്‍നിരയില്‍ ജാമി വാര്‍ഡിക്കൊപ്പം പുതുതാരം ഇസ്ലാം സുലൈമാനിയെ അണിനിരത്തിയിറങ്ങിയ ലെസ്റ്ററിനായിരുന്നു തുടക്കത്തില്‍ നേരിയ മുന്‍തൂക്കം. മധ്യനിരയില്‍ ഹെരേരയും പോഗ്ബയും താളം കണ്ടത്തെിത്തുടങ്ങിയതോടെ പന്തിന്മേല്‍ നേടിയ ആധിപത്യം അധികം താമസിയാതെ യുനൈറ്റഡ് മുതലാക്കുന്നതാണ് 22ാം മിനിറ്റില്‍ കണ്ടത്. ബ്ളിന്‍ഡിന്‍െറ കോര്‍ണറില്‍ ലെസ്റ്റര്‍ ഡിഫന്‍ഡര്‍ റോബര്‍ട്ട് ഹൂത്തിനെ മറികടന്ന് ഉയര്‍ന്നുചാടി തലവെച്ച സ്മാളിങ്ങിന് പിഴച്ചില്ല (1-0). ഗോള്‍ നേടിയതോടെ ആഞ്ഞടിച്ച യുനൈറ്റഡ് മാറ്റ, പോഗ്ബ എന്നിവരുടെ മികവില്‍ വീണ്ടും അവസരങ്ങള്‍ തുറന്നെടുത്തുകൊണ്ടേയിരുന്നു.

ഇതിന്‍െറ തുടര്‍ച്ചയായി 37ാം മിനിറ്റില്‍ പിറന്ന ഗോള്‍ മനോഹരമായ നീക്കത്തിന്‍െറ ഫലമായിരുന്നു. വലതുവിങ്ങിലൂടെ കയറിവന്ന മാറ്റയില്‍നിന്ന് ലഭിച്ച പന്ത് പോഗ്ബ ബോക്സിലേക്ക് തള്ളിനല്‍കിയത് ലിന്‍ഗാര്‍ഡ് ഫ്ളിക്കിലൂടെ മറിച്ചുനല്‍കുമ്പോഴേക്കും നീക്കത്തിന് തുടക്കമിട്ട സ്പെയിന്‍കാരന്‍ കൃത്യമായി ഓടിയത്തെിയിരുന്നു. എട്ടാം നമ്പര്‍ താരത്തിന്‍െറ സ്വത$സിദ്ധമായ ഇടങ്കാലന്‍ ഷോട്ടിലൂടെ പന്ത് വലയിലേക്ക് പാഞ്ഞപ്പോള്‍ ഒന്നാം ഗോളി കാസ്പര്‍ ഷ്മൈക്കലിന് പകരം വലകാത്ത റോബര്‍ട്ട് സീലറിന് അവസരമൊന്നുമുണ്ടായില്ല (2-0). ഇതിന്‍െറ ആഘാതത്തില്‍നിന്ന് മുക്തരാവുംമുമ്പ് ലെസ്റ്റര്‍ വലയില്‍ രണ്ടുവട്ടം കൂടി പന്ത് കയറി.

രണ്ടും പിറന്നത് ബ്ളിന്‍ഡിന്‍െറ ഇടതുവശത്തുനിന്നുള്ള കോര്‍ണറുകളില്‍നിന്ന്. 40ാം മിനിറ്റില്‍ തന്ത്രപരമായ കോര്‍ണര്‍ കോമ്പിനേഷനിലൂടെ മാറ്റ നല്‍കിയ പന്ത് റഷ്ഫോര്‍ഡ് ലക്ഷ്യത്തിലത്തെിച്ചപ്പോള്‍ (3-0) രണ്ടു മിനിറ്റിനകം കോര്‍ണറില്‍ ക്രിസ്റ്റ്യന്‍ ഫുഷിനെ വകഞ്ഞുമാറ്റി പോഗ്ബ ഉതിര്‍ത്ത തകര്‍പ്പന്‍ ഹെഡറും ഗോള്‍വര കടന്നു (4-0). മറ്റൊരു മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ട ഗോളുകളുടെയും റഹീം സ്റ്റെര്‍ലിങ്ങിന്‍െറ ഗോളിന്‍െറയും കരുത്തില്‍ സ്വാന്‍സി സിറ്റിയെ 3-1ന്  തോല്‍പിച്ച മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ ആറാം ജയവുമായി 18 പോയന്‍േറാടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 12 പോയന്‍റുള്ള യുനൈറ്റഡ് അഞ്ചാമതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.