ഫിഫക്കും ബാലണ്‍ ഡി ഓറിനും ഇനി രണ്ടു വഴി

പാരിസ്: ഫുട്ബാള്‍ താരങ്ങളുടെ സ്വപ്നമായ ‘ഫിഫ ബാലണ്‍ ഡി ഓര്‍’ പുരസ്കാരം ഇനിയില്ല. ഓരോ സീസണിലെയും ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ താരങ്ങള്‍ക്ക് നല്‍കിവരുന്ന പുരസ്കാരം ഇനി പഴയപോലെ, രണ്ടും രണ്ട് വഴിക്ക്. ബാലണ്‍ ഡി ഓറിന്‍െറ ഉടമകളായ ഫ്രഞ്ച് ഫുട്ബാള്‍ പ്രസിദ്ധീകരണം ഫ്രാന്‍സെ ഫുട്ബാളും ലോകഫുട്ബാള്‍ ഗവേണിങ് ബോഡിയായ ഫിഫയും തമ്മിലെ കരാര്‍ അവസാനിപ്പിച്ചതോടെയാണ് ‘ഫിഫ ബാലണ്‍ ഡി ഓര്‍’ എന്ന അഭിമാന പുരസ്കാരത്തിന് അന്ത്യം കുറിച്ചത്. ഏറ്റവും മികച്ച യൂറോപ്യന്‍ ഫുട്ബാള്‍ താരങ്ങള്‍ക്കുള്ള പുരസ്കാരമായി 1956ല്‍ ആരംഭിച്ച ബാലണ്‍ ഡി ഓര്‍ 2010ലാണ് ഫിഫയുമായി ചേര്‍ന്ന് ലോകഫുട്ബാളര്‍ അവാര്‍ഡായി മാറിയത്. ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ ഭരണ നേട്ടങ്ങളിലെ നിര്‍ണായക നീക്കം കൂടിയായി ഇതിനെ വിശേഷിപ്പിച്ചു. ബ്ളാറ്ററിന്‍െറ പിന്‍ഗാമിയായി ജിയാനി ഇന്‍ഫന്‍റിനോയത്തെിയതോടെ ഫ്രാന്‍സെ ഫുട്ബാളുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് കരാര്‍ അവസാനിക്കാന്‍ ഇടയാക്കിയത്. ഫിഫയും ബാലണ്‍ഡി ഓറും രണ്ടു വഴിക്കായതോടെ പുരസ്കാരങ്ങള്‍ പഴയ പടിയാവും.

ഫിഫ ലോക ഫുട്ബാളര്‍ പുരസ്കാരം തുടരുമെന്ന് പ്രസിഡന്‍റ് ഇന്‍ഫന്‍റിനോ അറിയിച്ചു. ബാലണ്‍ ഡി ഓര്‍ ജേതാക്കളെ യൂറോപ്യന്‍ കളിയെഴുത്തുകാര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഫിഫ പുരസ്കാരം പഴയപടി ക്യാപ്റ്റന്‍, കോച്ച്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടിങ്ങിന്‍െറ അടിസ്ഥാനത്തിലുമാവും.

ബാലണ്‍ ഡി ഓര്‍
ഫ്രാന്‍സെ ഫുട്ബാളിന്‍െറ യൂറോപ്യന്‍ ഫുട്ബാള്‍ പുരസ്കാരമയി 1956ലായിരുന്നു ബാലണ്‍ ഡി ഓറിന്‍െറ തുടക്കം. ഇംഗ്ളണ്ടിന്‍െറ സ്റ്റാന്‍ലി മാത്യൂസിനായിരുന്നു ആദ്യ അവാര്‍ഡ്. യൂറോപ്പിനു പുറത്തെ താരങ്ങളെയും അവാര്‍ഡിന് പരിഗണിക്കാമെന്ന ഭേദഗതി നിലവില്‍ വന്ന1995 ലൈബീരിയന്‍ ഇതിഹാസം ജോര്‍ജ് വിയ ജേതാവായി. ബാലണ്‍ ഡി ഓര്‍ നേടിയ ഏക ആഫ്രിക്കന്‍ ഫുട്ബാളറും വിയ തന്നെ്. 1997ല്‍ ജേതാവായ ബ്രസീല്‍ താരം റൊണാള്‍ഡോയായിരുന്നു തെക്കനമേരിക്കയില്‍ നിന്നുള്ള ആദ്യ പുരസ്കാര ജേതാവ്. മിഷേല്‍ പ്ളാറ്റീനി (1983, 84,85), യൊഹാന്‍ ക്രൈഫ് (1971,73,74), മാര്‍കോ വാന്‍ ബാസ്റ്റന്‍ (1988,89,92) എന്നിവര്‍ മൂന്നു തവണ ജേതാക്കളായി. ഫ്രാന്‍സ് ബെക്കന്‍ബോവര്‍, റൊണാള്‍ഡോ, ആല്‍ഫ്രെഡോ ഡെസ്റ്റിഫാനോ, കാള്‍ ഹെയ്ന്‍സ് റുമിനിഗെ എന്നിവര്‍ രണ്ടു തവണയും ജേതാക്കളായി. 2008ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2009ല്‍ ലയണല്‍ മെസ്സിയും യൂറോപ്യന്‍ താരങ്ങളായ ശേഷമാണ് ബാലണ്‍ ഡി ഓര്‍ ഫിഫയുമായി ലയിച്ച് ലോകഫുട്ബാളര്‍ പുരസ്കാരമായി മാറിയത്.
തെരഞ്ഞെടുപ്പ്: യൂറോപ്യന്‍ ഫുട്ബാള്‍ എഴുത്തുകാര്‍ക്കിടയിലെ വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്.

ഫിഫ വേള്‍ഡ് പ്ളെയര്‍ പുരസ്കാരം

മികച്ച ലോകതാരത്തിനുള്ള ഫിഫ പുരസ്കാരം നിലവില്‍ വരുന്നത് 1991ല്‍. ആദ്യ ജേതാവ് ഇന്‍റര്‍മിലാന്‍െറ ജര്‍മന്‍ താരം ലോതര്‍ മതേവൂസ്. ആദ്യ മൂന്ന് വര്‍ഷങ്ങളിലും യൂറോപ്യന്‍ താരങ്ങള്‍ക്കായിരുന്നു പുരസ്കാരം. 1994ല്‍ ബ്രസീലിന്‍െറ റൊമാരിയോ നേടി. 2008ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2009ല്‍ ലയണല്‍ മെസ്സിയും നേടി. സിനദിന്‍ സിദാന്‍ (1998, 2000, 2003), റൊണാള്‍ഡോ (1996, 97, 2002) എന്നിവര്‍ മൂന്നു തവണ ജേതാക്കളായി. റെണാള്‍ഡീന്യോ രണ്ടു തവണയും നേടി. തെരഞ്ഞെടുപ്പ്: ഫിഫ അംഗീകാരമുള്ള രാജ്യങ്ങളുടെ ദേശീയ ടീം ക്യാപ്റ്റന്‍, കോച്ച് എന്നിവര്‍ക്കു പുറമെ, തെരഞ്ഞെടുക്കുന്ന കളിയെഴുത്തുകാര്‍ എന്നിവര്‍ക്കിടയിലെ വോട്ടിങ്ങിന്‍െറ അടിസ്ഥാനത്തില്‍ പുരസ്കാര  പ്രഖ്യാപനം.
ഫിഫ ബാലണ്‍ ഡി ഓര്‍

ബാലണ്‍ഡി ഓറും ഫിഫ പ്ളെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഒന്നിച്ച് ലോകഫുട്ബാളിലെ മികച്ച താരത്തിനുള്ള പുരസ്കാരമായി മാറുന്നത് 2010 മുതല്‍. ആറ് പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ലയണല്‍ മെസ്സി നാലും (2010, 11, 12, 15), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടും (2013, 14) ജേതാക്കളായി. മെസ്സി രണ്ടും, ക്രിസ്റ്റ്യാനോ മൂന്നും തവണ റണ്ണര്‍ അപ്പായി. ആന്ദ്രെ ഇനിയേസ്റ്റ ഒരു തവണ രണ്ടാം സ്ഥാനത്തത്തെി.
തെരഞ്ഞെടുപ്പ്: ഫിഫ വേള്‍ഡ് പ്ളെയര്‍ പുരസ്കാര മാതൃകയില്‍ തന്നെ വോട്ടെടുപ്പ്. കൂടുതല്‍ പോയന്‍റ് നേടുന്ന മൂന്നുപേരെ തെരഞ്ഞെടുത്ത ശേഷം, അവാര്‍ഡ് നിശയില്‍ ജേതാവിനെ പ്രഖ്യാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT