മാഞ്ചസ്റ്റര്‍ ഡെര്‍ബി ഇന്ന്

മാഞ്ചസ്റ്റര്‍: ആധുനിക ഫുട്ബാളിലെ അതുല്യ പരിശീലകരായ ജോസ് മൗറീന്യോയും പെപ് ഗ്വാര്‍ഡിയോളയും മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷം നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങുന്നു. വ്യത്യസ്തമായ ശൈലികളിലൂടെ ലോകത്തെ ഏറ്റവും ആരാധകരുള്ള കോച്ചുമാരില്‍ ഇടംപിടിച്ച ഇരുവരും സ്പാനിഷ് ലാ ലിഗയില്‍ തുടങ്ങിവെച്ച സൈഡ് ലൈനിലെ പോര് പുതിയ തട്ടകമായ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലേക്ക് പറിച്ചുനടുമ്പോള്‍ ലോകം കാത്തിരിക്കുന്നത് ക്ളാസിക് പോരാട്ടത്തിന്.

നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടുന്നതുതന്നെ ആരാധകര്‍ക്ക് നെഞ്ചിടിപ്പേറ്റുന്നതാണെങ്കില്‍ അതിന് എരിവുപകരാന്‍ ജോസ്-പെപ് പോരാട്ടം അകമ്പടിയായത്തെുന്നു എന്നതാണ് ഇത്തവണത്തെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയുടെ പ്രത്യേകത. മൗറീന്യോയും ഗ്വാര്‍ഡിയോളയും തമ്മിലുള്ള ബന്ധത്തിന് രണ്ടു പതിറ്റാണ്ടിന്‍െറ പഴക്കമുണ്ട്. 1996 മുതല്‍ 2000 വരെ മൗറീന്യോ ബാഴ്സലോണയില്‍ ലൂയി വാന്‍ഗാലിന്‍െറ അസിസ്റ്റന്‍റായിരുന്ന കാലത്ത് ഗ്വാര്‍ഡിയോള ടീമിലെ അനിവാര്യ സാന്നിധ്യമായിരുന്നു. അന്നുതന്നെ ടീമിലെ മികച്ച തന്ത്രജ്ഞനായി വിലയിരുത്തപ്പെട്ടിരുന്ന ഗ്വാര്‍ഡിയോള ഭാവി പരിശീലകനായാണ് കരുതപ്പെട്ടിരുന്നത്.

മൗറീന്യോ പിന്നീട് പോര്‍ട്ടോ, ചെല്‍സി ക്ളബുകള്‍ വഴി ലോകോത്തര പരിശീലകന്‍െറ മികവിലേക്കുയര്‍ന്നപ്പോള്‍ ഗ്വാര്‍ഡിയോള 2007 ബാഴ്സ ബി ടീമിന്‍െറ കോച്ചായി തുടക്കംകുറിച്ചു. 2008ല്‍ ബാഴ്സലോണ ഫ്രാങ്ക് റെയ്ക്കാര്‍ഡിന് പകരക്കാരനെ തേടുമ്പോള്‍ സാധ്യത കല്‍പിക്കപ്പെട്ടവരില്‍ പ്രധാനി മൗറീന്യോ തന്നെയായിരുന്നു. താന്‍ കോച്ചാവുകയാണെങ്കില്‍ അസിസ്റ്റന്‍റായി ഗ്വാര്‍ഡിയോളയെ കൂടെക്കൂട്ടാന്‍ താല്‍പര്യമുണ്ടെന്നുവരെ പോര്‍ചുഗീസുകാരന്‍ ബാഴ്സ ബോര്‍ഡുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബി ടീമില്‍ ഒരു വര്‍ഷം മാത്രം അനുഭവപരിചയമുള്ള ഗ്വാര്‍ഡിയോളയെയാണ് ബാഴ്സ വിശ്വസിച്ചത്. ഇതോടെ ഇന്‍ററിലേക്ക് കൂടുമാറിയ മൗറീന്യോ തൊട്ടടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗ്വാര്‍ഡിയോളയുടെ ബാഴ്സയെ വീഴ്ത്തി. പിന്നീട് 2011ല്‍ മൗറീന്യോ റയല്‍ മഡ്രിഡ് പരിശീലകനായത്തെിയതോടെയാണ് ഇരുവരും തമ്മിലുള്ള യഥാര്‍ഥ പോര് തുടങ്ങുന്നത്്. മൂന്നു സീസണുകളിലായി എല്‍ക്ളാസിക്കോയില്‍ പലതവണ മുഖാമുഖം കണ്ടതിനൊപ്പം കളത്തിന് പുറത്തും ഇരുവരും തമ്മിലുള്ള വാക്പോര് തുടര്‍ന്നു. എന്നാല്‍, പരിശീലകരെന്ന നിലയില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിയ ഇരുവരും ബാലന്‍ ഡി ഓര്‍ വേദിയിയിലും പരസ്പരം പ്രശംസിച്ചു. 2012ല്‍ ഗ്വാര്‍ഡിയോള ബാഴ്സയും തൊട്ടടുത്ത വര്‍ഷം മൗറീന്യോ റയലും വിട്ടതോടെയാണ് ലാ ലിഗയിലെ ഇരുവരും തമ്മിലുള്ള പോരിന് താല്‍ക്കാലിക അന്ത്യമായത്. 2013ല്‍ പെപ് ബയേണിലും ജോസ് ചെല്‍സിയിലും ആയിരിക്കെ വീണ്ടും നേര്‍ക്കുനേര്‍ അണിനിരന്നെങ്കിലും ഈ വര്‍ഷം ഇരുവരും പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറിയതോടെയാണ് ക്ളാസിക് ഏറ്റുമുട്ടലിന് വീണ്ടും അരങ്ങൊരുങ്ങിയത്.

മൂന്നു റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു മാഞ്ചസ്റ്റര്‍ നിരകളും മുഴുവന്‍ പോയന്‍റുമായി ഒപ്പത്തിനൊപ്പമാണ്. ചെല്‍സിയും തുല്യ പോയന്‍റുമായി കൂടെയുണ്ട്. അതിനാല്‍തന്നെ ശനിയാഴ്ചത്തെ ഡെര്‍ബിയില്‍ വിജയംനേടുന്ന മാഞ്ചസ്റ്റര്‍ നിരക്ക് നഗരവൈരികളെ പിന്തള്ളി മുന്‍തൂക്കം നേടാനാവും.
സൂപ്പര്‍ താരങ്ങളായ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിന്‍െറയും പോള്‍ പൊഗ്ബയുടെയും വരവോടെ അടിമുടി മാറിയ യുനൈറ്റഡാണ് ഇത്തവണ കളത്തില്‍. മറുവശത്ത് പരിക്ക് മാറിയിട്ടില്ലാത്ത ക്യാപ്റ്റന്‍ വിന്‍സെന്‍റ് കൊമ്പനിയുടെയും ഫോമിലല്ലാത്ത യായാ ടുറെയുടെയും അഭാവം കാര്യമായ തിരിച്ചടിയായിട്ടില്ളെങ്കിലും സ്റ്റാര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ പരിക്ക് നീലപ്പടക്ക് ക്ഷീണമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.