എഫ്.സി ഗോവക്ക് 11 കോടി പിഴ; ഉടമകള്‍ക്ക് വിലക്ക്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ (ഐ.എസ്.എല്‍) കഴിഞ്ഞ സീസണിലെ ഫൈനലിന് ശേഷം നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ക്ക് എഫ്.സി ഗോവക്ക് കനത്ത പിഴ. 11 കോടി രൂപ ടീമിന് പിഴ വിധിച്ച ഐ.എസ്.എല്‍ റെഗുലേറ്ററി കമീഷന്‍, ക്ളബിന്‍െറ ഉടമകള്‍ക്ക് വിലക്കും പ്രഖ്യാപിച്ചു. എഫ്.സി ഗോവയുടെ സംയുക്ത ഉടമകളായ ദത്തരാജ് സാല്‍ഗോക്കറിന് മൂന്നും ശ്രീനിവാസ് ഡെംപോക്ക് രണ്ടും വര്‍ഷം ഐ.എസ്.എല്ലില്‍ വിലക്കും ഏര്‍പ്പെടുത്തി. അടുത്ത സീസണില്‍ എഫ്.സി ഗോവയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ച് 15 പോയന്‍റ് കുറക്കാനും കമീഷന്‍ തീരുമാനിച്ചു. അടുത്ത സീസണില്‍ മൈനസ് 15 പോയന്‍റില്‍ നിന്നാകും ഗോവ മത്സരം തുടങ്ങുക.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍  നടന്ന ഫൈനലില്‍ 2-3ന് ചെന്നൈയിന്‍ എഫ്.സിയോട് തോറ്റതിന്‍െറ കലിപ്പിലാണ് ആതിഥേയ താരങ്ങള്‍ അഴിഞ്ഞാടിയത്. ചെന്നൈയുടെ ബ്രസീല്‍ താരം എലാനോയെ എഫ്.സി ഗോവ ഉടമകളുടെ പ്രേരണയില്‍ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു.നിരവധി കുറ്റങ്ങളാണ് കമീഷന്‍ കണ്ടത്തെിയത്. മത്സരവും കിരീടധാരണ ചടങ്ങും ബഹിഷ്കരിച്ചതും പരസ്യമായി വിമര്‍ശിച്ചതും കമീഷന്‍ എടുത്തുപറയുന്നു. ഒഫീഷ്യലുകളെ ഭീഷണിപ്പെടുത്തി, ഒത്തുകളിയാരോപിച്ചു, ലീഗിന്‍െറ ചട്ടങ്ങള്‍ പാലിച്ചില്ല എന്നിവയും കുറ്റമാണ്.
എഫ്.സി ഗോവക്കുള്ള പിഴയില്‍ 10 കോടി രൂപ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റിന് നല്‍കണം. ബാക്കി ഒരു കോടി ചെന്നൈയിന്‍ എഫ്.സിക്ക് കൈമാറണം. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനവകാശമുണ്ട്.ജസ്റ്റിസ് ഡി.എ മത്തേയുടെ നേതൃത്വത്തിലുള്ള റെഗുലേറ്ററി കമീഷനില്‍ ഡി. ശിവാനന്ദന്‍, വിദുഷ്പത് സിംഘാനിയ, ജസ്റ്റിസ് ബി.എന്‍. മത്തേ, ക്രിക്കറ്റര്‍ കിരണ്‍ മോറെ എന്നിവരും അംഗങ്ങളായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.