ബ്രസീലിന് സമനില; അര്‍ജന്‍റീനക്ക് നല്ലദിനം

കൊര്‍ദോവ: 2018 ഫിഫ ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്‍റീനക്കും മെസ്സിക്കും നല്ല ദിനം. നെയ്മറില്ലാതെയിറങ്ങിയ ബ്രസീല്‍ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.സ്വന്തം മണ്ണില്‍ നടന്ന പോരാട്ടത്തിന്‍െറ ആദ്യപകുതിയില്‍ പിറന്ന രണ്ടു ഗോളിലൂടെ അര്‍ജന്‍റീന ബൊളീവിയയെ 2-0ത്തിന് കെട്ടുകെട്ടിച്ച് മൂന്നാം ജയവുമായി മൂന്നാം സ്ഥാനത്തത്തെി.പരഗ്വേയോട് രണ്ടു ഗോളിന് പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ച് ബ്രസീല്‍ (2-2) ഒരുവിധം രക്ഷപ്പെട്ടു. മറ്റു മത്സരങ്ങളില്‍, കൊളംബിയ 3-1ന് എക്വഡോറിനെയും ഉറുഗ്വായ് 1-0ത്തിന് പെറുവിനെയും ചിലി 4-1ന് വെനിസ്വേലയെയും തോല്‍പിച്ചു.

മെസ്സി അര്‍ധസെഞ്ച്വറിയില്‍
തോറ്റെങ്കിലും, കഴിഞ്ഞ പോരാട്ടങ്ങളുടെ ബാലന്‍സ്ഷീറ്റ് പരിശോധിച്ച് ആശ്വസിക്കുകയാണ് ബൊളീവിയ. ഏറ്റവുമൊടുവില്‍ അര്‍ജന്‍റീനയെ നേരിട്ടപ്പോള്‍ 5-0ത്തിനും 7-0ത്തിനുമായിരുന്നു ബൊളീവിയക്കാരുടെ തോല്‍വി. എന്നാല്‍, അര്‍ജന്‍റീന മണ്ണിലെ പോരാട്ടത്തില്‍ വഴങ്ങിയ ഗോളെണ്ണം രണ്ടിലൊതുങ്ങിയത് നല്ല സൂചനയാണെന്ന പക്ഷക്കാരനാണ് ബൊളീവിയ കോച്ച് യൂലിയോ സെസാര്‍ ബാള്‍ഡിവീസോ. കളിയുടെ 20ാം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍കാഡോയിലൂടെ ലീഡു നേടിയ അര്‍ജന്‍റീനക്ക് 30ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മെസ്സി വിജയമുറപ്പിച്ചു. അവസാനമത്സരത്തില്‍ 2-1ന് ചിലിയെ തോല്‍പിച്ച ആത്മവിശ്വാസത്തിലിറങ്ങിയവര്‍ക്ക് അവസരങ്ങളുടെ കണക്കെടുത്താല്‍ അര ഡസനെങ്കിലും ഗോളുകള്‍ നേടാനാവുമായിരുന്നു. മെസ്സിയിലൂടെ പിറക്കുന്ന മുന്നേറ്റങ്ങളില്‍ പലതും ഗോണ്‍സാലോ ഹിഗ്വെ്നും എവര്‍ബനേഗയും ചേര്‍ന്ന് പെനാല്‍റ്റി ബോക്സിനുള്ളില്‍ അവസാനിപ്പിച്ചു. കിക്കോഫ് വിസിലിനു പിന്നാലെ ബനേഗയിലൂടെയത്തെിയ ആദ്യ നീക്കം മുതല്‍ തുടങ്ങി അര്‍ജന്‍റീനയുടെ നഷ്ടാവസരങ്ങള്‍. പഴുതടച്ച പ്രതിരോധത്തില്‍ ആതിഥേയരെ തളച്ചിടാനുള്ള യൂലിയോ സെസാറിന്‍െറ തന്ത്രങ്ങളുടെ വിജയമായിരുന്നു. ഗോള്‍ പിറന്നതാവട്ടെ ബൊളീവിയയുടെ ചെറു പിഴവില്‍നിന്നും. മെസ്സിയുടെ ഫ്രീകിക്ക് ഹിഗ്വെ്ന്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും റീബൗണ്ട് ചെയ്തു മടങ്ങി. പന്ത് പിടിച്ചെടുത്ത മെര്‍കാഡോയുടെ ഹാഫ് വോളി ലക്ഷ്യം കണ്ടു.
പത്തു മിനിറ്റിനുള്ളില്‍ മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നു. എയ്ഞ്ചല്‍ ഡി മരിയയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനു ലഭിച്ച അവസരം മെസ്സി വലയിലേക്കത്തെിച്ചപ്പോള്‍ അര്‍ജന്‍റീന കുപ്പായത്തിലെ ഗോളടി അര്‍ധസെഞ്ച്വറി തൊട്ടു. 107 മത്സരങ്ങളില്‍നിന്നാണ് മെസ്സിയുടെ 50. 78 കളിയില്‍ 56 ഗോളടിച്ച ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് മെസ്സിക്കുമുന്നിലെ ഏക താരം. വിജയമുറപ്പിച്ചെങ്കിലും നഷ്ടമായ അവസരങ്ങള്‍ നിരവധിയായിരുന്നു. അഗ്യൂറോ, കൊറിയ, മെസ്സി, ഹിഗ്വെ്ന്‍ എന്നിവരുടെ മുന്നേറ്റമെല്ലാം ഗോള്‍ പോസ്റ്റില്‍ വഴിമാറി.

ബാഴ്സ എസ്കേപ്
ഉറുഗ്വായ്ക്കെതിരെ ആദ്യം രണ്ടടിച്ച് സമനില വഴങ്ങിയ ബ്രസീല്‍ ബുധനാഴ്ച അവസാന 12 മിനിറ്റിലെ രണ്ടു ഗോളുമായാണ് രക്ഷപ്പെട്ടത്. 40ാം മിനിറ്റില്‍ ഡാരിയോ ലെസ്കാനോയും 49ാം മിനിറ്റില്‍ എഡ്ഗര്‍ ബെനിറ്റസും നേടിയ ഗോളില്‍ പരഗ്വേ മഞ്ഞപ്പടയാളികളെ മുള്‍മുനയില്‍ നിര്‍ത്തി. സസ്പെന്‍ഷന്‍ കാരണം പുറത്തായ നെയ്മറിന്‍െറയും ഡേവിഡ് ലൂയിസിന്‍െറയും അസാന്നിധ്യം ബ്രസീലിനെ വല്ലാതെ വലച്ചിരുന്നു. റികാര്‍ഡോ ഒലിവേരക്കായിരുന്നു ടീമിന്‍െറ ആക്രമണച്ചുമതല. വില്യനും ലൂയി ഗുസ്താവോയും മധ്യനിരയിലും. ബ്രസീല്‍ നടത്തിയ ശ്രദ്ധേയ നീക്കങ്ങളില്‍ പരഗ്വേ പ്രതിരോധ വിറകൊണ്ട നിമിഷങ്ങള്‍ക്കു പിന്നാലെയായിരുന്നു ആതിഥേയര്‍ ഗോളടിച്ച് ഞെട്ടിച്ചത്. പിന്നിലായിപ്പോയ മഞ്ഞപ്പടക്ക്, 79ാം മിനിറ്റില്‍ റികാര്‍ഡോ ഒലിവേരയും ഇഞ്ചുറി ടൈമില്‍ ഡാനി ആല്‍വസുമാണ് ആശ്വാസ സമനില സമ്മാനിച്ചത്. ആറു കളിയില്‍ രണ്ടു ജയം മാത്രമുള്ള ബ്രസീലിനെ പ്രതിരോധത്തിലാക്കുന്നതാണ് തുടര്‍ച്ചയായ മൂന്നാം സമനില.
എക്വഡോറിന് ആദ്യ തോല്‍വി. തോല്‍വിയറിയാതെ കുതിച്ച എക്വഡോറിനെ കൊളംബിയ 3-1ന് വീഴ്ത്തിയപ്പോള്‍, നാലാം ജയവുമായി ഉറുഗ്വായ് നമ്പര്‍ വണ്‍. കാര്‍ലോസ് ബാക്കയുടെ ഇരട്ട ഗോളാണ് കൊളംബിയക്ക് ജയമൊരുക്കിയത്. പെരസിന്‍െറ വകയായിരുന്നു മൂന്നാം ഗോള്‍. പെറുവിനെതിരെ എഡിസണ്‍ കവാനിയാണ് ഉറുഗ്വായ്യുടെ വിജയ ഗോള്‍ കുറിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.