ഇന്ത്യ തുര്‍ക്മെനിസ്താനോട് 2-1ന് തോറ്റു

കൊച്ചി: ജയത്തോടെ ലോകകപ്പ് യോഗ്യതാ പോരാട്ടം അവസാനിപ്പിക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തുര്‍ക്മെനിസ്താന്‍െറ വെട്ട്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലെ അവസാന പോരാട്ടത്തില്‍ തുര്‍ക്മെനിസ്താനെതിരെ ഇന്ത്യക്ക് 1-2ന്‍െറ തോല്‍വി. 27ാം മിനിറ്റില്‍ സന്ദേശ് ജിങ്കാന്‍െറ ഗോളിലൂടെ ആദ്യ പകുതി സ്വന്തമാക്കിയ ആതിഥേയര്‍ രണ്ടാം പകുതിയില്‍ കളി മറന്നു. 49ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അമാനോവ് അഴ്സലന്‍ മിറാതും 70ാം മിനിറ്റില്‍ അതയേവ് സെര്‍ദാര്‍ലിയുമാണ് തുര്‍ക്മെനിസ്താനായി ഗോള്‍ നേടിയത്.

അഞ്ചു ടീമുകളുള്‍പ്പെട്ട ഗ്രൂപ് ഡിയില്‍ 13 പോയന്‍റുമായി തുര്‍ക്മെനിസ്താന്‍ മൂന്നാം സ്ഥാനത്തും മൂന്ന് പോയന്‍റുമായി ഇന്ത്യ അവസാന സ്ഥാനത്തുമാണ്. ഏഷ്യാകപ്പിന്‍െറ മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിലേക്ക് തുര്‍ക്മെനിസ്താന്‍ നേരത്തെതന്നെ യോഗ്യതനേടിയിരുന്നു. ഏഷ്യാകപ്പ് യോഗ്യതക്കായി ഇന്ത്യക്ക് പ്ളേ ഓഫ് കളിക്കേണ്ടിവരും. പരിക്കേറ്റ നായകന്‍ സുനില്‍ ഛേത്രിക്കുപകരം ജെജെ ലാല്‍പെഖ്്ലുവയാണ് ഇന്ത്യയെ നയിച്ചത്.  ജെജെക്കും റൗളിന്‍ ബോര്‍ജെസിനുമായിരുന്നു ആക്രമണചുമതല. അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, അര്‍ണബ് മൊണ്ടാല്‍, സന്ദേശ് ജിങ്കാന്‍, പ്രീതം കോട്ടാല്‍, നാരായണ്‍ ദാസ് എന്നിവര്‍ പ്രതിരോധനിരയിലും കാവിന്‍ ലോബോ, പ്രണോയ് ഹല്‍ദര്‍, ഉദാന്ത് സിങ് എന്നിവര്‍ മധ്യനിരയിലും അണിനിരന്നു.

ഗുര്‍പ്രീത് സിങ് സന്ധു ഗോള്‍വല കാത്തു. ആക്രമണത്തിന് പ്രത്യേകം ആരെയും നിയോഗിക്കാതെ കളം നിറഞ്ഞുകളിക്കുന്നതിനായിരുന്നു തുര്‍ക്മെനിസ്താന്‍ ശ്രമം. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞശേഷമാണ് ഇരു ടീമുകളും മത്സരത്തിലേക്ക് ശ്രദ്ധവെച്ചത്. പ്രതിരോധത്തിനായിരുന്നു ഇന്ത്യ മുന്‍തൂക്കം നല്‍കിയത്. ആക്രമണ സ്വഭാവമായിരുന്നു തുര്‍ക്മെനിസ്താന്. ഏഴാം മിനിറ്റില്‍ റഹീം ബല്‍തയേവ് നല്‍കിയ ക്രോസില്‍ ക്യാപ്റ്റന്‍ അമാനോവ് അഴ്സലന്‍ മിറാതിന്‍െറ ഹെഡര്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്‍െറ കൈയില്‍ വിശ്രമിച്ചു. തുടരന്‍ ആക്രമണങ്ങളിലൂടെ തുര്‍ക്മെനിസ്താന്‍ കളിയുടെ ഗതി ഏറ്റെടുത്തു. എന്നാല്‍, സെറ്റ്പീസുകള്‍ ഇന്ത്യന്‍ പ്രതിരോധത്തില്‍ തട്ടി പലതവണ ചിതറി.  20ാം മിനിറ്റില്‍ തുര്‍ക്മെനിസ്താന് മികച്ച അവസരം.

അമാനോവിനെ പ്രീതം കൊട്ടാല്‍ ഫൗള്‍ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയെടുത്ത അമാനോവിന്‍െറ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമി പുറത്തേക്ക്. എന്നാല്‍, കളിഗതിക്കെതിരായി 27ാം മിനിറ്റില്‍ ഇന്ത്യ ഗോള്‍ നേടി. നാരായണ്‍ ദാസ് നല്‍കിയ പാസില്‍ സന്ദേശ് ജിങ്കാന്‍െറ ഹെഡര്‍ തുര്‍ക്മെനിസ്താന്‍ ഗോളിയെ കബളിപ്പിച്ച് വലയിലേക്ക്. ഇന്ത്യ1-0ത്തിന് മുന്നില്‍. രണ്ട് മിനിറ്റിനുശേഷം ഇന്ത്യ വീണ്ടും ഗോളിനടുത്തത്തെിയെങ്കിലും  നാരായണ്‍ ദാസിന്‍െറ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്ത്. പിന്നീട് ഇരുടീമുകള്‍ക്കും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാതെ ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങി.

രണ്ടാം പകുതി ആരംഭിച്ച് നാലു മിനിറ്റായപ്പോഴേക്കും തുര്‍ക്മെനിസ്താന്‍ സമനില പിടിച്ചു. ദിദാര്‍ നല്‍കിയ അളന്നുമുറിച്ച ക്രോസില്‍ അമനോവ്
മികച്ച ഹെഡര്‍ ഗുര്‍പ്രീത് സിങ്ങിനെ കീഴടക്കി വലയില്‍. കളിയിലേക്ക് തിരിച്ചുവരാനുള്ള ഇന്ത്യന്‍ ശ്രമങ്ങളെല്ലാം വിഫലമായി. ഗോളിലേക്കുള്ള ശ്രമങ്ങള്‍ പലപ്പോഴും ലക്ഷ്യത്തിലത്തെിയില്ല. ടീം ഒത്തിണക്കത്തിലെ പോരായ്മയെ സൂചിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ നീക്കങ്ങള്‍.

പകരക്കാരനായിറങ്ങിയ അതയേവ് സെര്‍ദാര്‍ലിയിലൂടെ 70ാം മിനിറ്റില്‍ തുര്‍ക്മെനിസ്താന്‍ വീണ്ടും ഇന്ത്യന്‍ വല കുലുക്കി. പ്രതിരോധനിരയുടെ പിഴവില്‍നിന്നായിരുന്നു സെര്‍ദാര്‍ലിയുടെ ഗോള്‍. അവസാന മിനിറ്റുകളിലെ സമനിലക്കായുള്ള ഇന്ത്യന്‍ പ്രയത്നങ്ങളെ തുര്‍ക്മെനിസ്താന്‍ മനോഹരമായി അതിജീവിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.