ലണ്ടന്‍: ഇംഗ്ളണ്ടിലെ കിരീടമോഹികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രീമിയര്‍ ലീഗ് ഈസ്റ്റര്‍ അവധിയിലേക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തോല്‍വിയോടെ ലീഗിലെ കിരീടപ്പോരാട്ടം വീണ്ടും കലങ്ങിമറിയുന്നു. ഒന്നും രണ്ടും സ്ഥാനത്തുള്ള ലെസ്റ്ററും ടോട്ടന്‍ഹാമും മുഖ്യ ഫേവറിറ്റ് പട്ടികയില്‍ ഇടമുറപ്പിക്കുമ്പോള്‍ ആദ്യ നാലില്‍ ആരാകുമെന്നതായി ചൂടുള്ള ചോദ്യം. 31ാം മത്സരത്തില്‍ ലെസ്റ്റര്‍ ക്രിസ്റ്റല്‍ പാലസിനോട് ജയിച്ച് 66 പോയന്‍റുമായി ഒന്നാം സ്ഥാനത്തെ ഇരിപ്പിന് ബലം നല്‍കിയപ്പോള്‍, തൊട്ടുപിന്നാലെ തകര്‍പ്പന്‍ ജയവുമായി ടോട്ടന്‍ഹാമും (3-0) സാധ്യത ശക്തമാക്കി. ഇരുവര്‍ക്കും 31 കളിയില്‍ 66, 61 പോയന്‍റുകളാണുള്ളത്.
ആഴ്സനല്‍ (30 കളി- 55 പോയന്‍റ്), മാഞ്ചസ്റ്റര്‍ സിറ്റി (30-51), വെസ്റ്റ്ഹാം (30-50), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (30-50) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലേറ്റ തോല്‍വിയാണ് സിറ്റിക്ക് തിരിച്ചടിയായത്. എന്നാല്‍, ജയത്തോടെ യുനൈറ്റഡ് പ്രതീക്ഷ നിലനിര്‍ത്തി. ലെസ്റ്ററിനും ടോട്ടന്‍ഹാമിനും ഏഴു മത്സരങ്ങളാണ് ബാക്കി. അവയില്‍, സ്വന്തം ഗ്രൗണ്ടിലെ നാലു മത്സരങ്ങള്‍ ജയിച്ചാല്‍ ലെസ്റ്ററിന് കിരീടമുറപ്പിക്കാം. സതാംപ്ടന്‍, വെസ്റ്റ്ഹാം, സ്വാന്‍സീ, എവര്‍ട്ടന്‍ എന്നിവരാണ് ഹോം ഗ്രൗണ്ടിലെ എതിരാളി. സണ്ടര്‍ലന്‍ഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി എന്നിവരെ എവേമാച്ചിലും നേരിടും. ടോട്ടന്‍ഹാം മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വെസ്റ്റ്ബ്രോം, സതാംപ്ടന്‍ എന്നിവരെ സ്വന്തം ഗ്രൗണ്ടില്‍ നേരിടുമ്പോള്‍, ലിവര്‍പൂള്‍, സ്റ്റോക് സിറ്റി, ചെല്‍സി, ന്യൂകാസില്‍ എന്നിവര്‍ക്കെതിരെ എവേ പോരാട്ടത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.