ക്രിസ്റ്റ്യാനോയും റോഡ്രിഗസും മിന്നി; റയൽ ക്വാർട്ടറിൽ- വിഡിയോ

മഡ്രിഡ്: ലാ ലിഗയില്‍ കിരീടപ്രതീക്ഷ അസ്തമിച്ച റയല്‍ മഡ്രിഡിന് ആശ്വാസമായി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പ്രവേശം. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ളബായ എ.എസ് റോമയെ 2-0ത്തിന് കീഴടക്കിയ റയല്‍, ഇരുപാദങ്ങളിലുമായി 4-0ത്തിന്‍െറ ജയത്തോടെയാണ് അവസാന എട്ടിലത്തെിയത്. റയലിന്‍െറ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന രണ്ടാംപാദ പോരാട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (64ാം മിനിറ്റ്) ജെയിംസ് റോഡ്രിഗസുമാണ് (68ാം മിനിറ്റ്) ഗോളടിച്ചത്. റോമയുടെ എഡ്വിന്‍ സെക്കോയും മുഹമ്മദ് സലായും സുവര്‍ണാവസരം തുലച്ചില്ലായിരുന്നെങ്കില്‍ കളി മാറിയേനെ. സീസണില്‍ റൊണാള്‍ഡോയുടെ 40ാം ഗോളാണ് പിറന്നത്. ബെല്‍ജിയം ക്ളബായ ജെന്‍റിനെ ഇരുപാദങ്ങളിലുമായി 4-2ന് കീഴടക്കിയ ജര്‍മന്‍ ടീം വോള്‍ഫ്സ്ബര്‍ഗും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ആവേശകരമായ രണ്ടാം പാദത്തില്‍ 3-2ന് വോള്‍ഫ്സ് ബര്‍ഗ് ജയിച്ചു. 

സ്പാനിഷ് ലീഗില്‍ സെല്‍റ്റാ വിഗോയെ 7-1ന് തകര്‍ത്തുവന്ന സിനദിന്‍ സിദാന്‍െറ ശിഷ്യര്‍ റോമക്കെതിരെ ആദ്യപകുതിയില്‍ ഏറെ അവസരങ്ങള്‍ തുലച്ചു. ഒന്നരമാസത്തെ ഇടവേളക്കുശേഷമത്തെിയ ഗാരത് ബെയ്ല്‍ പതിവുതെറ്റിച്ച് ഇടതു പാര്‍ശ്വത്തിലൂടെയാണ് മുന്നേറിയത്. പരിക്കേറ്റ കരീം ബെന്‍സേമ പുറത്തിരുന്നു. തുടക്കത്തില്‍ ബെയ്ലിന്‍െറ തകര്‍പ്പന്‍ ക്രോസ് ഗോളിലത്തെിക്കാന്‍ ബ്രസീലിയന്‍ ഫുള്‍ബാക്ക് മാഴ്സലോക്ക് കഴിഞ്ഞില്ല. 

14ാം മിനിറ്റില്‍ എഡ്വിന്‍ സെക്കോയുടെ ക്ളോസ്റേഞ്ച് ഷോട്ട് ഗോള്‍ പോസ്റ്റിന്‍െറ വശത്തേക്ക് മാറിപ്പോയി.  ക്രിസ്റ്റ്യാനോയും ലൂക്കാ മോഡ്രിച്ചുമടക്കമുള്ള റയല്‍ താരങ്ങളുടെ ചില നീക്കങ്ങള്‍ വോയ്സിച്ച് സെസ്നി ഗംഭീരമായി തടുത്തിട്ടു. രണ്ടാം പകുതിയുടെ 52ാം മിനിറ്റില്‍ മുഹമ്മദ് സലായും റോമയുടെ ഗോളവസരം നഷ്ടമാക്കി. ഗോളുകള്‍ പിറക്കാതെ ഒരുമണിക്കൂര്‍ പിന്നിട്ടതിനൊടുവില്‍ റൊണാള്‍ഡോ ഗോള്‍വരള്‍ച്ച അവസാനിപ്പിച്ചു. മോഡ്രിച്ചിന്‍െറ പിന്തുണയില്‍ സൂപ്പര്‍താരത്തിന്‍െറ വോളി പോസ്റ്റിന്‍െറ മോന്തായത്തില്‍ പതിച്ചു. റൊണാള്‍ഡോയുടെ സഹായത്താല്‍ റോഡ്രിഗസും ഗോള്‍ നേടിയതോടെ റോമയുടെ പുറത്താകല്‍ ഉറപ്പായി. 

 


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.