ട്വൻറി20 ലോകകപ്പ്: അഫ്ഗാനിസ്താനും സിംബാബ് വെക്കും ജയം

നാഗ്പുര്‍: ട്വന്‍റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അഫ്ഗാനിസ്താനും സിംബാബ്വെക്കും ജയം. സ്കോട്ലന്‍ഡിനെ 14 റണ്‍സിന് അഫ്ഗാന്‍ തോല്‍പ്പിച്ചപ്പോള്‍ ഹോങ്കോങ്ങിനെതിരെ 14 റണ്‍സിനായിരുന്നു സിംബാബ്വെയുടെ ജയം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ മുഹമ്മദ് ഷഹ്സാദ് (61), ക്യാപ്റ്റന്‍ അസ്ഗര്‍ സ്താനിക്സായ് (55) എന്നിവരുടെ അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് 170 എന്ന മികച്ച ടോട്ടലുയര്‍ത്തിയത്. നൂര്‍ അലി സര്‍ദാന്‍ 17 റണ്‍സെടുത്തു.  മറുപടി ബാറ്റിങ്ങില്‍ ഗംഭീരമായിരുന്നു സ്കോട്ലന്‍ഡിന്‍െറ തുടക്കം. ഒന്നാം വിക്കറ്റില്‍ ജോര്‍ജ് മുന്‍സി (41), കെയ്ല്‍ കോട്സര്‍ (40) എന്നിവര്‍ 8.5 ഓവറില്‍ 84 റണ്‍സ് ചേര്‍ത്തു. എന്നാല്‍, പിന്നീട് എത്തിയവര്‍ സ്കോറിങ്ങില്‍ പരാജയപ്പെട്ടത് സ്കോട്ലന്‍ഡിന് തിരിച്ചടിയായി. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലൊതുങ്ങി. രണ്ടു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്‍ അഫ്ഗാന്‍ ബൗളിങ്ങില്‍ തിളങ്ങി.

വീഴാതെ സിംബാബ് വെ
 

ആദ്യ മത്സരത്തില്‍ സിംബാബ്വെ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ ഹോങ്കോങ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 144 റണ്‍സിലൊതുങ്ങി.
ടോസ് നേടിയ ഹോങ്കോങ് സിംബാബ്വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 59 റണ്‍സെടുത്ത വുസി സിബാന്‍ഡ, 13 പന്തില്‍ പുറത്താകാതെ 30 റണ്‍സെടുത്ത എല്‍ട്ടന്‍ ചിഗുംബുര, 26 റണ്‍സെടുത്ത മാല്‍ക്കം വാളര്‍, 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാമില്‍ട്ടന്‍ മസാകദ്സ എന്നിവരുടെ മികവിലാണ് സിംബാബ്വെ മികച്ച ടോട്ടലുയര്‍ത്തിയത്.
രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ തന്‍വീര്‍ അഫ്സല്‍, ഐസാസ് ഖാന്‍ എന്നിവര്‍ ഹോങ്കോങ് നിരയില്‍ തിളങ്ങി. അര്‍ധസെഞ്ച്വറി നേടിയ ഓപണര്‍ ജാമി അറ്റ്കിന്‍സണിന്‍െറ(53) നേതൃത്വത്തില്‍ ഹോങ്കോങ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് ഹോങ്കോങ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി. 17 പന്തില്‍ 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ തന്‍വീര്‍ അഫ്സല്‍ മാത്രമാണ് അറ്റ്കിന്‍സണിനു പുറമെ പൊരുതിയത്. മാര്‍ക് ചാമ്പന്‍ (19), അന്‍ഷുമന്‍ റാത് (13) എന്നിവരാണ് ഹോങ്കോങ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.
രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഡൊണാള്‍ഡ് തിരിപാനോ, തെന്‍ഡായ് ചതാര എന്നിവര്‍ സിംബാബ്വെ ബൗളിങ് നിരയില്‍ തിളങ്ങി. ബുധനാഴ്ചത്തെ യോഗ്യതാ മത്സരങ്ങളില്‍ ബംഗ്ളാദേശ് നെതര്‍ലന്‍ഡ്സിനെയും അയര്‍ലന്‍ഡ് ഒമാനെയും നേരിടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.