മലപ്പുറം: 2006ലെ ലോകകപ്പ് ഒരുക്കത്തിന്‍െറ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് ഒരു 18കാരന്‍. പത്രങ്ങളുടെ കായികപ്പേജ് എടുത്തുവെച്ച് കാല്‍പന്തിന്‍െറ മാതൃകയില്‍ ഹൃദയമുള്ള മലപ്പുറത്തുകാര്‍ പറഞ്ഞു: ‘അര്‍ജന്‍റീനാ ടീമില്‍ ഇപ്രാവശ്യം ഒര് ചെറ്യേ ചെക്കന്ണ്ട്. ഓന്‍െറ കളിയാവും കളി’. ലോകകപ്പ് വന്നു. ഐവറി കോസ്റ്റിനെതിരായ അര്‍ജന്‍റീനയുടെ ആദ്യമത്സരത്തില്‍ പയ്യന്‍ ബെഞ്ചിലിരുന്നപ്പോള്‍ ടി.വിക്ക് മുന്നിലിരുന്ന് പലരും മുറുമുറുത്തു. സെര്‍ബിയ ആന്‍ഡ് മൊണ്ടനെഗ്രോയുമായായിരുന്നു രണ്ടാം മത്സരം.
74ാം മിനിറ്റില്‍ കൗമാരക്കാരന്‍െറ ലോകകപ്പ് അരങ്ങേറ്റം. നാല് മിനിറ്റിനകം ക്രെസ്പോക്ക് ഗോളവസരമൊരുക്കി. 88ാം മിനിറ്റില്‍ അവന്‍െറ ബൂട്ടില്‍ നിന്ന് ഗോളും പിറന്നപ്പോള്‍ പെലെയുടെയും മറഡോണയുടെയും കളി കണ്ട മലപ്പുറത്തെ കാരണവന്മാര്‍ ലയണല്‍ മെസ്സിയെ നോക്കി പറഞ്ഞു: ‘ഓന്‍ക്കത് കജ്ജും ചെജ്ജും, ഓനത് ചെജ്ജും ചെജ്ജും.’ അതിനുമുമ്പ് തന്നെ ബാഴ്സലോണ ജഴ്സിയില്‍ മെസ്സിയുടെ കളി ആസ്വദിച്ച മലപ്പുറത്തുകാര്‍ റൊണാള്‍ഡോമാരെയും റൊണാള്‍ഡിഞ്ഞോയെയും സിദാനെയും ഖല്‍ബിലെ സബ്സ്റ്റിറ്റ്യൂട്ടുകളാക്കി ലിയോയെ ഫുള്‍ടൈം കളത്തിലിറക്കി.കളിമികവിലൂടെ മെസ്സിയെന്ന വിളിപ്പേര് ചിലര്‍ക്ക് ചാര്‍ത്തിക്കൊടുത്തു.
നാലാള്‍ കൂടുന്നിടത്തെല്ലാം മെസ്സിയുടെ കുപ്പായമിട്ടവരെ ധാരാളം കണ്ടു. കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ നേരിട്ട് കാണാന്‍ ഒരുപാട് പേര്‍ വണ്ടികയറി. പലപ്പോഴും പ്രകടനം ക്ളബിന് വേണ്ടി ചുരുങ്ങുമ്പോള്‍ ‘ക്ളബ് സസി’യെന്ന് കളിയാക്കിയവരെ കളി മെസ്സിയോട് വേണ്ടെന്ന് പറഞ്ഞ് കൈകാര്യം ചെയ്തവര്‍ ഈ താരത്തിന് നല്‍കിയത് കുടുംബാംഗത്തിന്‍െറ പരിഗണന.
കേരള മറഡോണയെന്ന് വിളിപ്പേരുള്ള മുന്‍ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റന്‍ ആസിഫ് സഹീറിന് ഒരു നിര്‍ബന്ധമുണ്ട്; മലപ്പുറത്തെ ഏറ്റവും വലിയ മെസ്സി ഫാനെന്ന പട്ടം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ളെന്ന്. ഇങ്ങനൊരാള്‍ ഭൂമിയില്‍ ജനിച്ചതല്ളെന്ന് വിശ്വസിക്കാനാണ് ആസിഫിനിഷ്ടം. വേറേതെങ്കിലും ഗ്രഹത്തില്‍ നിന്ന് വന്നതാവണം. കപ്പ് കിട്ടിയില്ളെന്ന പേരില്‍ ഒരു ഇതിഹാസത്തെ തള്ളിപ്പറയുകയല്ല വേണ്ടത്. നിര്‍ഭാഗ്യമെന്ന് സമാധാനിച്ച് ആ കളി ഇനിയൊരുപാട് കാലം കാണാന്‍ അവസരമുണ്ടാക്കണം. അത്യപൂര്‍വമായി മാത്രം സംഭവിച്ചേക്കാവുമെന്ന മെസ്സിയുടെ പിഴവുകള്‍ കണ്ടുപിടിക്കാനെന്നോണം വിമര്‍ശകര്‍ കണ്ണിലെണ്ണയൊഴിച്ചിരിക്കുന്നത് ആ കളി ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്ന് ആസിഫ് തുടരുന്നു.
കളിപ്രേമത്തിന്‍െറ കഥ പറയുന്ന ‘കെ.എല്‍ 10 പത്ത്’ സിനിമയില്‍ ‘അന്‍െറ പെണ്ണിനെ ഓളെ ബാപ്പ പിടിച്ചോണ്ടുപോയപ്പഴാണോ ഗോട്സെ അര്‍ജന്‍റീനക്കെതിരേ ഗോളടിച്ചപ്പോഴാണോ അനക്കു കൂടുതല്‍ സങ്കടം തോന്നീത്?’ എന്ന് നായകനോട് കൂട്ടുകാരന്‍ ചോദിക്കുന്ന രംഗമുണ്ട്. ഗോട്സെ ഗോളടിച്ചപ്പോഴെന്ന് മറുപടി കളിപ്രാന്തനായ നായകന്‍െറ ഉള്ളില്‍നിന്ന് വന്നതാണ്. മലപ്പുറത്തുകാരുടെ മനസ്സിന്‍െറ മാണിക്യക്കൊട്ടാരത്തിലാണ് തന്‍െറ സ്ഥാനമെന്ന് മെസ്സി അറിയാനിടയില്ല. അതറിയുന്നതിനേക്കാള്‍ ഇവിടത്തുകാര്‍ക്ക് സന്തോഷം അദ്ദേഹം വിരമിക്കല്‍ തീരുമാനം മാറ്റുമെന്ന വാര്‍ത്ത കേള്‍ക്കാനാണ്. ‘അങ്ങനെ പോവാന്‍ ഓന് കജ്ജൂലാ, ചങ്കില് റൂഹ്ണ്ടെങ്കി ഞങ്ങളത് സയ്ക്കൂലാ.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.