ചിരിക്കോപ്പ നിറച്ചും കരഞ്ഞും സോഷ്യല്‍ മീഡിയ

കോഴിക്കോട്: അര്‍ജന്‍റീന തോറ്റതിന്‍െറ സന്തോഷത്തില്‍ ആസ്വദിച്ചിരിക്കുകയായിരുന്നു  എതിര്‍ പാളയങ്ങളിലെ ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ ആഘോഷം പങ്കുവെച്ച് തുടങ്ങിയില്ല, അതാ വരുന്നു മെസ്സിയുടെ വിരമിക്കല്‍ വാര്‍ത്ത. പെട്ടെന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. സന്തോഷമുഖങ്ങളില്‍ പലതിലും നിരാശയുടെ കാര്‍മേഘം. മുഖത്ത് നിറച്ച അര്‍ജന്‍റീന വിരോധത്തിന് പിന്നിലൊളിപ്പിച്ചിരുന്ന ഫുട്ബാള്‍ സ്നേഹം സോഷ്യല്‍ മീഡിയ പേജുകളില്‍ പെയ്തിറങ്ങി. ട്രോളാന്‍ മുന്നില്‍ നിന്നവര്‍ പോലും പ്രതിഭയുടെ പടിയിറക്കത്തില്‍ നടുങ്ങുന്ന കാഴ്ചയായിരുന്നു.

ഫുട്ബാള്‍ എന്ന ഗെയിമിനോടുള്ള സ്നേഹത്തിന്‍െറയും ആദരവിന്‍െറയും ഓര്‍മപ്പെടുത്തല്‍ കൂടിയായി അര്‍ജന്‍റീന വിരോധികളെന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ പോലും സൈബര്‍ഇടങ്ങള്‍ മാറി.  ‘മെസ്സീ ......നിങ്ങളുടെ തോല്‍വി ഒരു ബ്രസീല്‍ ഫാന്‍ എന്ന നിലയില്‍ ഞാന്‍ ആഘോഷിച്ചിട്ടുണ്ട്. പെനാല്‍റ്റി പാഴാക്കുമ്പോഴൊക്കെ സന്തോഷിച്ചിട്ടുണ്ട്. അത് നിന്നോടുളള ഇഷ്ടക്കുറവുകൊണ്ടല്ല, സുഹൃത്തുക്കളായ അര്‍ജന്‍റീന ഫാനുകളോടുളള നേരം പോക്കിനായിരുന്നു. അല്ളെങ്കില്‍ ബ്രസീല്‍ എന്ന കാല്‍പന്തുകളിയുടെ സൗന്ദര്യത്തെ നെഞ്ചേറ്റിയതു കൊണ്ടാകാം.
പക്ഷേ, മെസ്സീ നിന്നെ ഞങ്ങള്‍ സ്നേഹിച്ചിരുന്നു. നെയ്മറും സുവാരസുമൊത്ത് നീ ബാഴ്സക്കുവേണ്ടി കളിക്കുമ്പോള്‍ നിന്‍െറ ഗോളിനായ് ഞാന്‍ കാത്തിരുന്നിട്ടുണ്ട്. നീ ഗോളടിക്കുമ്പോള്‍ ആര്‍ത്തുവിളിച്ചിട്ടുമുണ്ട്. പക്ഷേ, മെസ്സീ രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിരമിക്കാന്‍ തീരുമാനിച്ചുവെന്ന നിന്‍െറ തീരുമാനം ശരിയാണെങ്കില്‍ ഒന്നേ പറയാനുളളൂ വേണ്ടായിരുന്നു. ബാഴ്സയുടെ കുപ്പായത്തെക്കാള്‍ നിന്നെക്കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് അര്‍ജന്‍റീനയുടെ കുപ്പായത്തില്‍തന്നെയാണ്’ -ഹൃദയം തകര്‍ന്ന് ബ്രസീല്‍ ആരാധകര്‍ കുറിച്ചു. പോര്‍ചുഗലിനെയും ജര്‍മനിയെയും ചിലിയെയും സ്പെയിനിനെയും തുടങ്ങി മറ്റു രാജ്യക്കാരുടെ ആരാധകര്‍ക്കും ഇതുതന്നെയാണ് പറയാനുള്ളത്.

ട്വിറ്ററിലും ഫേസ്ബുക്കിലും ഒന്നാമത് നിന്ന ട്രെന്‍ഡിങ് വിഷയമായിരുന്നു അര്‍ജന്‍റീന-ചിലി ഫൈനല്‍. ഒടുവില്‍ ചിലി കിരീടമുയര്‍ത്തിയപ്പോള്‍ പക്ഷേ, അവര്‍ക്കായി അധികം സംസാരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആളു കുറവായിരുന്നു. വീണ്ടും തോറ്റ അര്‍ജന്‍റീനയെ ട്രോളുകയായിരുന്നു എല്ലാവരും. മലയാളത്തിലെ ട്രോളിങ് പേജുകളെല്ലാം കിട്ടിയ അവസരം മുതലെടുത്ത് ചിരിക്കോപ്പ നിറക്കാന്‍ തുടങ്ങി. അര്‍ജന്‍റീന ആരാധകരെ കുത്താന്‍ ചിരവൈരികളായ ബ്രസീല്‍ ആരാധകരും മുന്നില്‍ നിന്നു. എന്നാല്‍, അവക്കൊന്നും അധികം ആയുസ്സുണ്ടായില്ല. വിരമിക്കാനുള്ള തീരുമാനം മെസ്സി പറഞ്ഞെന്നുള്ള വാര്‍ത്ത വന്നതോടെ അവിശ്വസനീയതയായിരുന്നു പ്രൊഫൈലുകളില്‍. മണിക്കൂറുകളോളം മെസ്സി തന്നെ ട്വിറ്റര്‍, ഫേസ്ബുക് ഒന്നാം ട്രെന്‍ഡിങ് ആയി നിന്നു. മെസ്സിയുടെ നിരാശ നിറഞ്ഞ ചിത്രങ്ങളും കരച്ചിലടക്കാന്‍ പാടുപെടുന്ന വിഡിയോകളും കൊണ്ട് പ്രൊഫൈലുകള്‍ നിറഞ്ഞു. ഫുട്ബാളിന്‍െറ നഷ്ടമെന്തെന്നുള്ള തിരിച്ചറിവായിരുന്നു പലരും പങ്കുവെച്ചത്.

മലയാളത്തിലെ ട്രോളുകാര്‍ അവിടെയും നര്‍മം നിറച്ചു. എന്തുവന്നാലും കുലുങ്ങില്ളെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തോല്‍വിയുടെ ഭാരമേറ്റെടുത്ത് നായകസ്ഥാനമൊഴിയാന്‍ തയാറാകാതിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുമൊക്കെ മെസ്സിയുടെ ‘മണ്ടന്‍’ തീരുമാനത്തില്‍ ഊറിച്ചിരിച്ചു വിവിധ ട്രോള്‍ പോസ്റ്റുകളില്‍. ക്രിക്കറ്റ് ലോകകപ്പിനായി വര്‍ഷങ്ങള്‍ പലത് കാത്ത സചിന്‍ ടെണ്ടുല്‍കറുടെ ജീവിതമറിഞ്ഞിരുന്നെങ്കില്‍ മെസ്സി ഇങ്ങനെ ചെയ്യില്ലായിരുന്നെന്ന് കുറിച്ചവരുമുണ്ട്.

സചിന്‍ കഴിഞ്ഞാല്‍ ഒരു കായിക താരത്തിന്‍െറ വിരമിക്കല്‍ വാര്‍ത്ത  ഇത്രമേല്‍ ദു$ഖിപ്പിച്ച സന്ദര്‍ഭം വേറെയില്ളെന്ന നിരാശ മറ്റുചിലര്‍ പങ്കുവെച്ചു. ഇതിനിടയില്‍ ‘കിടക്കപ്പൊറുതി’യില്ലാതെ ആയത് പാകിസ്താന്‍ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദിക്കാണ്.
പല തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും തിരിച്ചുവരുകയും ചെയ്ത അഫ്രീദിയുടെ മാതൃക മെസ്സി സ്വീകരിക്കണമെന്ന് കുറിച്ച് ട്രോളന്മാന്‍ പിറകെ കൂടിയപ്പോള്‍ അഫ്രീദിയും ‘ട്രെന്‍ഡ്’ ആയി. ഇങ്ങനെ ഒരു അവസാനമല്ല മെസ്സിയെപ്പോലൊരു ഇതിഹാസ താരത്തിന് പറഞ്ഞിട്ടുള്ളതെന്ന് കുറിച്ചവര്‍, താരം തീരുമാനം പിന്‍വലിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.