ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറ പരിഷ്കരണ നടപടികള്‍ക്ക് തിരിച്ചടിയായി ഗോവന്‍ ക്ളബുകളായ സാല്‍ഗോക്കറും സ്പോര്‍ട്ടിങ് ക്ളബ് ഗോവയും ഐ ലീഗില്‍നിന്നും പുറത്തേക്ക്. ഇരു ക്ളബുകളുടെയും മാനേജ്മെന്‍റിന്‍െറ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യന്‍ ടോപ് ഡിവിഷന്‍ ലീഗില്‍ നിന്നും പിന്‍വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന സീസണില്‍ കളിക്കേണ്ടെന്നാണ് സംയുക്ത തീരുമാനം. അതേസമയം, ഗോവ പ്രഫഷനല്‍ ലീഗില്‍ തുടരും. കഴിഞ്ഞ മേയ് 17ന് ചേര്‍ന്ന അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) യോഗത്തില്‍ 2017-18 സീസണോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ രാജ്യത്തെ ടോപ് ഡിവിഷന്‍ ലീഗാക്കിമാറ്റി ഫുട്ബാള്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഐ ലീഗിനെ രണ്ടാം ഡിവിഷനാക്കി അവഗണിക്കുന്നുവെന്ന ആരോപണവുമായാണ് സാല്‍ഗോക്കറും സ്പോര്‍ട്ടിങ്ങും പിന്‍വാങ്ങുന്നത്. മറ്റൊരു ഗോവന്‍ ടീമായ ഡെംപോയും ഇവര്‍ക്കൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. തങ്ങളുമായി കൂടിയാലോചിക്കാതെയും, അഭിപ്രായങ്ങള്‍ പരിഗണിക്കാതെയും ഏകപക്ഷീയമായാണ് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ തീരുമാനങ്ങളെടുത്തതെന്നാണ് ഗോവന്‍ ക്ളബുകളുടെ പരാതി.
ഫിഫയുടെയും ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറയും അംഗീകാരമുള്ള ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗാണ് ഐ ലീഗ്. ഇത് രണ്ടിലേക്ക് തരംതാഴ്ത്തപ്പെടുമ്പോള്‍ രണ്ടാം ഡിവിഷന്‍ മൂന്നാം ഡിവിഷനായി മാറും. അതേസമയം, ഒന്നാം ഡിവിഷനായി മാറുന്ന ഐ.എസ്.എല്ലില്‍ പത്തുവര്‍ഷത്തേക്ക് തരംതാഴ്ത്തലോ, പ്രമോഷനോ ഉണ്ടാവില്ളെന്നാണ് അഖിലേന്ത്യാ ഫെഡറേഷന്‍ തീരുമാനം. ഇത് നിലവിലെ ഐ ലീഗ് ക്ളബുകളുടെ നിലനില്‍പുതന്നെ ചോദ്യംചെയ്യപ്പെടുമെന്നാണ് നിരീക്ഷണം.മേയ് അവസാനം ഡല്‍ഹിയില്‍ ക്ളബ് ഉടമകളുടെ യോഗം വിളിച്ചെങ്കിലും നേരത്തെ തയാറാക്കിയ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നുവെന്ന് സ്പോര്‍ട്ടിങ് പ്രസിഡന്‍റ് പീറ്റര്‍ വാസ് അറിയിച്ചു.
അപ്രതീക്ഷിത നീക്കം ഞെട്ടിപ്പിച്ചുവെന്നായിരുന്നു ക്ളബുകളുടെ പ്രതികരണം. ഫെഡറേഷന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയെങ്കിലും ഇതുവരെ പ്രതികരിച്ചില്ളെന്ന് ക്ളബുകളുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 1996ല്‍ ദേശീയ ഫുട്ബാള്‍ ലീഗ് മുതലേ നിര്‍ണായക സാന്നിധ്യമായിരുന്നു ഗോവന്‍ ക്ളബുകള്‍. ഒരുകാലത്ത് ആറ് ക്ളബുകള്‍ വരെ ഈ ചെറു നഗരത്തില്‍ നിന്ന് ദേശീയ ഫുട്ബാളില്‍ കളിച്ചിരുന്നു. ഡെംപോയാണ് ഐ ലീഗില്‍ കൂടുതല്‍ കിരീടമണിഞ്ഞത് (മൂന്ന്). സാല്‍ഗോക്കര്‍ ഒരു തവണയും കിരീടമണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.