എന്‍.എം. നജീബ് ഏജീസ് ഫുട്ബാള്‍ ടീമിന്‍െറ പരിശീലകസ്ഥാനം ഏറ്റെടുത്തു

തൃശൂര്‍: തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ എസ്.ബി.ടി ടീമിനെ കഠിന പരിശീലനത്തിലൂടെ ദേശീയ ലീഗിലേക്കുള്‍പ്പെടെ കൈപിടിച്ചുയര്‍ത്തിയ എന്‍.എം. നജീബ് ഏജീസ് ടീമിന്‍െറ രക്ഷകനാവുന്നു. ചെറിയൊരു ഇടവേളക്കുശേഷമാണ് മുന്‍ അന്താരാഷ്ട്ര താരം കൂടിയായ എന്‍.എം. നജീബ് അക്കൗണ്ട്സ് ജനറല്‍ ഓഫിസ് (ഏജീസ്) ഫുട്ബാള്‍ ടീമിന്‍െറ പരിശീലകസ്ഥാനം ഏറ്റെടുത്തത്. അന്നുമുതല്‍ ടീമിനെ സജ്ജമാക്കാനുള്ള കഠിന പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഒരുകാലത്ത് കേരളത്തിലെ പ്രമുഖ ഫുട്ബാള്‍ ടീമുകളിലൊന്നായിരുന്ന (ഏജീസ്) ടീം പക്ഷേ, കാലക്രമേണ ക്ഷയിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ പ്രമുഖ കളിക്കാരും ഇതിലുണ്ട്. എന്നാല്‍, അടുത്തിടെയായി മികച്ച കളിക്കാരുണ്ടായിട്ടും ടീമിന്‍െറ പ്രകടനം മെച്ചപ്പെടാത്തതിനെ തുടര്‍ന്നാണ് ഏജീസ് പുതിയ പരിശീലകനായി നജീബിനെ അവരോധിച്ചത്.  ഒരുവര്‍ഷത്തേക്കാണ് നിയമനം. അതിനുള്ളില്‍ ഒരു മികച്ച ടീമിനെ ഏജീസിന് സംഭാവന ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. എന്നാല്‍, ഇങ്ങനെയൊരു ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹത്തെ അലട്ടുന്ന കാര്യങ്ങളുമുണ്ട്.
ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെയുള്ള പ്രകടനമാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ചെറുപ്പക്കാരായ താരങ്ങള്‍ കൂടുതലായി ടീമിലേക്ക് എത്തണമെന്നും  ആഗ്രഹിക്കുന്നുണ്ട്. അതിന് ഏജീസ് അധികൃതരുടെ പിന്തുണയാണ് വേണ്ടതെന്ന് വ്യക്തം. ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിനും ബംഗളൂരു എഫ്.സിക്കും വേണ്ടി കളിച്ച സി.കെ. വിനീത്, സന്തോഷ് ട്രോഫി താരങ്ങളായ അബ്ദുല്‍ ബാസില്‍, ഷെറിന്‍ സാം, ജിപ്സണ്‍, സംസ്ഥാന താരങ്ങളായ ഷാമില്‍, അനീഷ്, നസറുദ്ദീന്‍, മിഥുന്‍ വെല്‍വറ്റ്, ശ്രീരാജ്, ശ്രീജു, സലീല്‍, ആസിഫ് തുടങ്ങി 19 കളിക്കാരാണ് ഇപ്പോള്‍ ടീമിലുള്ളത്. എസ്.ബി.ടിക്കും മലബാര്‍ യുനൈറ്റഡിനും ശേഷം ഭാവി വാഗ്ദാനങ്ങളായ കുട്ടികളെ കണ്ടത്തെി പരിശീലനം നല്‍കുന്ന തിരക്കിലായിരുന്നു അദ്ദേഹം. എസ്.ബി.ടി ഫുട്ബാള്‍ ടീമിന്‍െറ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമാണ് നജീബിനുള്ളത്.

കോവളം എഫ്.സി അക്കാദമിയിലെ കുട്ടികളുടെ പരിശീലനവും അദ്ദേഹം നടത്തിവരുകയായിരുന്നു. അതിനിടെയാണ് ഏജീസ് ക്ളബ് സെക്രട്ടറി ജോണ്‍പോളും ചുമതലയുള്ള പി.എ.സി. ഫഹദും പരിശീലകപദവി സ്വീകരിക്കണമെന്ന ആവശ്യവുമായി നജീബിനെ സമീപിച്ചത്.  ടീമിന്‍െറ മികച്ച പ്രകടനമാണ് ലക്ഷ്യമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ എല്ലാ ദിവസവും വൈകീട്ട് നാലു മുതല്‍ രണ്ടര മണിക്കൂറോളം ടീമിനെ പരിശീലിപ്പിക്കുന്ന തിരക്കിലാണ് നജീബ് ഇപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.