തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ ചിന്നംവിളിക്കാന്‍ കാത്തിരിക്കുന്ന കേരള കൊമ്പന്മാര്‍ക്ക് ഇനി അഞ്ച് താരമുതലാളിമാര്‍. ക്രിക്കറ്റ് താരവും ടീമിന്‍െറ ബ്രാന്‍ഡ് അംബാസഡറുമായ സചിന്‍ ടെണ്ടുല്‍കറിന് പുറമേ സിനിമാതാരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, സിനിമാ നിര്‍മാതാവും തെന്നിന്ത്യന്‍ നടന്‍ അല്ലു അര്‍ജുന്‍െറ പിതാവുമായ അല്ലു അരവിന്ദ്, വ്യവസായിയും സീരിയല്‍ സംരംഭകനുമായ നിമഗഡ്ഡ പ്രസാദ് എന്നിവരാണ് ബ്ളാസ്റ്റേഴ്സിന്‍െറ പുതിയ മുതലാളിമാര്‍. ബുധനാഴ്ച സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്‍െറ സ്വന്തം ഫുട്ബാള്‍ ടീമിന്‍െറ പുതിയ താര ഉടമകളെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് താജ് വിവാന്തയില്‍ നടന്ന പരിപാടിയില്‍ പുതിയ ഉടമകളെ സചിന്‍ പരിചയപ്പെടുത്തി. എന്നാല്‍, പുതിയ ഉടമകളുടെ നിക്ഷേപം എത്ര ശതമാനം വീതമാണെന്ന വിവരം ടീം പുറത്തുവിട്ടിട്ടില്ല.
 കഴിഞ്ഞ തവണ മൈതാനത്ത് മങ്ങിപ്പോയ ബ്ളാസ്റ്റേഴ്സിനെയായിരിക്കില്ല രാജ്യം കാണാന്‍പോകുന്നതെന്നും ഇത്തവണ ടീം ഉറപ്പായും കപ്പ് ഉയര്‍ത്തുമെന്നു സചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാണാന്‍ പോകുന്ന പൂരത്തെക്കുറിച്ച് കൂടുതലൊന്നും കേരളീയരോട് പറയാനില്ല. പുതിയ മുഖമാണ് ടീമിനുണ്ടായിരിക്കുന്ന നാല് ഉടമകള്‍.  അര്‍ഹമായ ഗൗരവത്തോടുകൂടിയായിരിക്കും ടീം മൂന്നാം സീസണ്‍ ആരംഭിക്കുക. വരുന്ന സീസണില്‍ രാജ്യവും ആരാധകരും കാണാന്‍ പോകുന്നത് ടീമിന്‍െറ ശക്തമായ തിരിച്ചുവരവ് ആയിരിക്കും. വരുന്ന സീസണില്‍ പ്രഫഷനലിസത്തിന്‍െറ അങ്ങേയറ്റം നിങ്ങള്‍ക്ക് ഈ ടീമില്‍നിന്ന് പ്രതീക്ഷിക്കാമെന്നും സചിന്‍ പറഞ്ഞു. കേരള ബ്ളാസ്റ്റേഴ്സിനും സചിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതായി പുതിയ നിക്ഷേപകരിലൊരാളായ ചിരഞ്ജീവി പറഞ്ഞു. കേരളത്തില്‍ ഫുട്ബാള്‍ വിപുലമാക്കാനും മികച്ച കളിക്കാരെ വാര്‍ത്തെടുക്കാനും കേരള ബ്ളാസ്റ്റേഴ്സിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്‍െറ ഫുട്ബാള്‍ ഭ്രമം കാണാനുള്ള ആവേശത്തിലാണ് താനെന്ന് സിനിമാ താരം നാഗാര്‍ജുന പറഞ്ഞു. കായികരംഗത്ത് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സമയത്താണ് ബ്ളാസ്റ്റേഴ്സിനൊപ്പം ചേരാനുള്ള ക്ഷണം കിട്ടിയതെന്നും അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കായിക മേഖല ഉണര്‍വിന്‍െറ പാതയിലാണെന്നും എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ ഇന്ത്യന്‍ ഫുട്ബാളിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അല്ലുഅരവിന്ദ് പറഞ്ഞു. രാജ്യത്ത് സ്പോര്‍ട്സിലും വിനോദത്തിലും പ്രശസ്തരായവരുടെ ഫുട്ബാള്‍ ക്ളബുമായി സഹകരിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് കേരള ബ്ളാസ്റ്റേഴ്സിന്‍െറ പുതിയ നിക്ഷേപ കൂട്ടുകെട്ടിന്‍െറ ഭാഗമായ നിമഗഡ്ഡ പ്രസാദ് പറഞ്ഞു. തുടര്‍ന്ന് ഉടമകള്‍ എല്ലാവരും ചേര്‍ന്ന് കേരള ബ്ളാസ്റ്റേഴ്സ് എന്ന് ആലേഖനം ചെയ്ത ഫുട്ബാളില്‍ കൈയൊപ്പ് ചാര്‍ത്തി. ടീമിന്‍െറ ഒൗദ്യോഗിക നൃത്ത ചുവടുകളും അവതരിപ്പിച്ച ശേഷമാണ് അഞ്ചുപേരും വേദി വിട്ടത്. പരിപാടികള്‍ക്കു ശേഷം കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.എ മത്തേറുമായി ഉടമകള്‍ ചര്‍ച്ച നടത്തി. ഐ.എസ്.എല്‍ മൂന്നാം സീസണിന് ഒക്ടോബറില്‍ കിക്ക് ഓഫ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.