ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റീഗര്‍ രാജ്യാന്തര  ഫുട്ബാളില്‍ നിന്നും വിരമിച്ചു

ബര്‍ലിന്‍: ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷൈന്‍സ്റ്റീഗര്‍ രാജ്യാന്തര ഫുട്ബാളില്‍ നിന്നും പടിയിറങ്ങി. ലോകചാമ്പ്യന്‍ ടീമുമായി യൂറോ കപ്പിനത്തെി പരാജയപ്പെട്ടവരുടെ പടനായകനായി മാറിയ മധ്യനിര താരം 31ാം വയസ്സിലാണ് ദേശീയ കുപ്പായമഴിക്കാന്‍ തീരുമാനിക്കുന്നത്. ക്ളബ് ഫുട്ബാളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഇനിയും കളിക്കും. 2014 ലോകചാമ്പ്യന്‍ ടീമംഗമായിരുന്ന ഷൈന്‍സ്റ്റീഗര്‍ ദേശീയ ടീമിനായി 120 മത്സരങ്ങളില്‍ പന്തുതട്ടി. 2004ലായിരുന്നു അരങ്ങേറ്റം. 

ഫ്രാന്‍സ് വേദിയായ യൂറോകപ്പില്‍ കിരീടഫേവറിറ്റായത്തെിയ ജര്‍മനിയുടെ നായകത്വം ഷൈന്‍സ്റ്റീഗറിനായിരുന്നു. സെമിവരെയത്തെിയെങ്കിലും ആതിഥേയരോട് 2-0ത്തിന് തോറ്റ് നാട്ടിലേക്ക് മടങ്ങാനായിരുന്നു വിധി. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ‘ആരാധകരോടും സഹതാരങ്ങളോടും, ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷനോടും കോച്ചുമാരോടും നന്ദി. ജര്‍മനിയുടെ ഏറ്റവും മികച്ച ടീമിന്‍െറ ഭാഗമായി ലോകകപ്പ്വരെ കൈയിലുയര്‍ത്തിയാണ് മടങ്ങുന്നത്. ഇനി ഇതൊന്ന് ജീവിതത്തില്‍ ആവര്‍ത്തിക്കില്ല. സുന്ദരമായ കരിയര്‍ അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. ഭാവിയില്‍ ടീമിലേക്ക് പരിഗണിക്കരുതെന്ന് കോച്ച് ലോയ്വിനെ അറിയിച്ചു. വിരമിക്കാനുള്ള തീരുമാനം അദ്ദേഹത്തോട് പറഞ്ഞു. എന്‍െറ സഹതാരങ്ങള്‍ക്ക് എല്ലാ ആശംസകളും. 2018 ലോകകപ്പില്‍ അവര്‍ക്ക് അനായാസം യോഗ്യത നേടാനാവും’ -വിരമിക്കല്‍ ട്വീറ്റില്‍ ഷൈന്‍സ്റ്റീഗര്‍ കുറിച്ചു. യൂറോകപ്പിനു പിന്നാലെ, കാമുകിയും സെര്‍ബിയന്‍ ടെന്നിസ് താരവുമായ അന ഇവാനോവിചിനെ വിവാഹം ചെയ്ത ഷൈന്‍സ്റ്റീഗര്‍ മധുവിധുവിനിടെയാണ് പടിയിറക്കം. 

1984 ആഗസ്റ്റ് ഒന്നിന് പശ്ചിമ ജര്‍മനിയിലെ കോള്‍ബര്‍മൂറില്‍ പിറന്ന ഷൈന്‍സ്റ്റീഗര്‍ 32ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ദേശീയ കരിയര്‍ അവസാനിപ്പിക്കുന്നത്. 2000ല്‍ അണ്ടര്‍ 16 ടീമിലായിരുന്നു അരങ്ങേറ്റം. പിന്നീട് 18, 19, 21 വിഭാഗങ്ങളിലും മത്സരിച്ചു. 2004ല്‍ ദേശീയ ടീമിലത്തെി. 120 മത്സരങ്ങില്‍ 24 ഗോളും അടിച്ചു. 2006, 2010 ലോകകപ്പുകളില്‍ മൂന്നാം സ്ഥാനക്കാരായി മടങ്ങിയപ്പോള്‍ കണ്ണീരുമായി ടീമിന്‍െറ മുന്‍നിരയില്‍ ഷൈന്‍ ഉണ്ടായിരുന്നു. ഒടുവില്‍ ബ്രസീല്‍ മണ്ണില്‍ സ്വപ്നകിരീടത്തില്‍ ചുംബിച്ചപ്പോള്‍ വിജയക്കുതിപ്പില്‍ നിര്‍ണായക സാന്നിധ്യമായി. 
2002 മുതല്‍ ബയേണ്‍ മ്യൂണിക് സീനിയര്‍ ടീമിലൂടെയാണ് ക്ളബ് അരങ്ങേറ്റം. 13 വര്‍ഷം മ്യൂണിക്കില്‍ കളിച്ച ഷൈന്‍ കഴിഞ്ഞ സീസണിലാണ് ആദ്യമായി ജര്‍മനി വിട്ടത്. 

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് കൂടുമാറിയ താരം 18 മത്സരങ്ങളില്‍ യുനൈറ്റഡിനായി കളിച്ചെങ്കിലും ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ. രണ്ടു വര്‍ഷം കൂടി മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാര്‍ ബാക്കിയുണ്ട്. അതേസമയം, ജോസെ മൗറീന്യോക്കു കീഴില്‍ ഷൈന്‍സ്റ്റീഗറുടെ യുനൈറ്റഡിലെ ഭാവി ആശങ്കയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.