ചെന്നൈ: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ മുന്‍ പടനായകന്‍ റ്യാന്‍ ഗിഗ്സ് നയിച്ച മുബൈയെ തരിപ്പണമാക്കി പ്രീമിയര്‍ ഫുട്സാലില്‍ കേരള സംഘമായകൊച്ചിക്ക് തകര്‍പ്പന്‍ തുടക്കം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1നായിരുന്നു കൊച്ചിയുടെ ജയം. ആദ്യ 20 മിനിറ്റിലും ഇരു ടീമും ഗോളൊന്നും വഴങ്ങാതെ അതിവേഗ നീക്കങ്ങളുമായി കാണികളെ ത്രസിപ്പിച്ചു. ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടന ദിവസത്തെക്കാള്‍ കാണികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒന്നാം ക്വാര്‍ട്ടറില്‍ റ്യാന്‍ ഗിഗ്സിന്‍െറയും ആദ്യദിനത്തിലെ വിജയശില്‍പി അഡ്രിയാന്‍ ഫോഗ്ളിയയുടെയും നീക്കങ്ങള്‍കൊണ്ട് കളി മുംബൈ പിടിച്ചടക്കി. പ്രതിരോധത്തിലൂടെ തിരിച്ചടി തുടങ്ങിയാണ് കൊച്ചി കളംവാണത്. മാര്‍ക്വീ താരവും മുന്‍ റയല്‍ മഡ്രിഡ് താരവുമായ മൈക്കല്‍ സല്‍ഗാഡോയുടെ കനത്ത പ്രതിരോധമായിരുന്നു കൊച്ചിയുടെ കരുത്ത്. മൂന്നാം ക്വാര്‍ട്ടറില്‍ കൊച്ചി മുന്നിലത്തെി.
സല്‍ഗാഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു കൊച്ചിയുടെ ആദ്യ ഗോള്‍. 25ാം മിനിറ്റില്‍ ഡേവിസ് മോറസിന്‍െറ ഷോട്ട് കൃത്യമായി വലതുളച്ചു. എന്നാല്‍, നാലുപേരുമായി ചേര്‍ന്ന് നടന്ന കുതിപ്പില്‍ ഗിഗ്സിലൂടെയത്തെിയ പന്ത് ആഞ്ജലോട്ട് വലയിലാക്കി മുംബൈക്ക് സമനില നല്‍കി. അവസാന 10 മിനിറ്റിലായിരുന്നു കൊച്ചിയുടെ ഗോള്‍ വേട്ട. 31ാം മിനിറ്റില്‍ ഡേവിസ് മോറസ് രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. തിരിച്ചടിക്ക് മുംബൈ ഒരുങ്ങും മുമ്പേ ജെകാബര്‍ടും (32), ക്യാപ്റ്റന്‍ സല്‍ഗാഡോയും (39) കൊച്ചിക്കായി ഗോള്‍ നേടി. 4-1ന് കേരള സംഘത്തിന്‍െറ തകര്‍പ്പന്‍ ജയം.കൊച്ചി ഇന്ന്, ആതിഥേയരായ ചെന്നൈയെ നേരിടും.
ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ബംഗളൂരുവും കൊല്‍ക്കത്തയും 1-1ന് സമനിലയില്‍ പിരിഞ്ഞു. മുന്‍ ഇംഗ്ളണ്ട്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മധ്യനിര താരം പോള്‍ ഷോള്‍സിന്‍െറ നായകത്വത്തിലിറങ്ങിയ ബംഗളൂരു, ഹെര്‍നാന്‍ ക്രെസ്പോയുടെ കൊല്‍ക്കത്തക്കെതിരെ അനവധി അവസരങ്ങളൊരുക്കിയെങ്കിലും കളി പിടിക്കാന്‍ കഴിഞ്ഞില്ല. ബംഗളൂരുവിനനായി ജെനാഥന്‍ സ്കോര്‍ ചെയ്തപ്പോള്‍ പൗലയിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.