ചെന്നൈ: വലിയ പുല്‍മൈതാനത്ത് മാത്രം കണ്ട കളിയെ ഇന്‍ഡോറിന്‍െറ ചുറ്റുവട്ടങ്ങളിലേക്ക് കൊണ്ടുവന്നപ്പോള്‍ രൂപവും ഭാവവും മാറി. കളിനിയമങ്ങള്‍ പുതിയത്, കളിക്കാരുടെ എണ്ണവും കുറഞ്ഞു. പക്ഷേ, ഇന്ത്യക്കാരന്‍െറ മനസ്സുകള്‍ കീഴടക്കിയ ഫുട്ബാളിന്‍െറ ആവേശത്തില്‍ മാത്രം കുറവില്ല. കുറിയ പാസും എതിരാളിയെ വകഞ്ഞുമാറ്റിയുള്ള കുതിപ്പും ഡ്രിബ്ളിങ്ങും ബൈസിക്കിള്‍ കിക്കുമായി കളംനിറഞ്ഞ പോരാട്ടത്തോടെ ഇന്ത്യന്‍ മനസ്സുകളിലേക്ക് ഫുട്സാല്‍ ലോങ്റേഞ്ച് ഷോട്ട് കണക്കെ തുളഞ്ഞുകയറി. ടെലിവിഷനില്‍ മാത്രം കണ്‍നിറയെ കണ്ട് ആരാധിച്ച സൂപ്പര്‍താരങ്ങള്‍ കണ്‍മുന്നില്‍ പന്തില്‍ മായാജാലം കാണിച്ചപ്പോള്‍ പ്രീമിയര്‍ ഫുട്സാല്‍ ചാമ്പ്യന്‍ഷിപ്പിന് പ്രൗഢഗംഭീര തുടക്കം.
ഉദ്ഘാടന മത്സരത്തില്‍ ഫുട്സാലിന്‍െറ ബ്രസീലിയന്‍ പെലെയായ ഫല്‍കാവോയുടെ ചെന്നൈക്ക് തോല്‍വിയോടെ തുടക്കം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ഇതിഹാസ താരം റ്യാന്‍ ഗിഗ്സ് നയിച്ച മുംബൈ 4-2നാണ് തോല്‍പിച്ചത്. രണ്ടാം മത്സരത്തില്‍ ബ്രസീല്‍ ലോകചാമ്പ്യന്‍ ടീമംഗം റൊണാള്‍ഡീന്യോയുടെ ഗോവയെ അര്‍ജന്‍റീന മുന്‍ താരം ഹെര്‍നാന്‍ ക്രെസ്പോയുടെ കൊല്‍ക്കത്ത (4-2) തോല്‍പിച്ചു. ചെന്നൈ-മുംബൈ മത്സരത്തിലായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗോള്‍ പിറന്നത്. ഒമ്പതാം മിനിറ്റില്‍ മുംബൈയുടെ ഫോഗ്ളിയ പെനാല്‍റ്റിയിലൂടെ ചരിത്രത്തിലിടം നേടിയ ഗോള്‍ കുറിച്ചു. ആഞ്ജലോട്ട് (11), കെവിന്‍ റമിറസ് (33) എന്നിവര്‍ മുംബൈക്കായി വലുകുലുക്കി. ഫില്‍ഹോ (34), ഫല്‍കാവോ (36) എന്നിവര്‍ ചെന്നൈക്കായി സ്കോര്‍ ചെയ്തെങ്കിലും കളിപിടിക്കാന്‍ കഴിഞ്ഞില്ല. പ്രായം വകവെക്കാതെ റ്യാന്‍ ഗിഗ്സ് കളംനിറഞ്ഞ് കളിച്ചും ആരാധക മനം കവര്‍ന്നു.
റൊണാള്‍ഡീന്യോയുടെ ഗോവക്കെതിരെ ആദ്യ 10 മിനിറ്റിനുള്ളില്‍ കൊല്‍ക്കത്ത ഗോള്‍ നേടി. പൗലയും മുഹമ്മദ് ഇസ്ലാമുമായിരുന്നു സ്കോറര്‍മാര്‍. ക്രെസ്പോ, മാര്‍ഷല്‍ എന്നിവര്‍ കൂടി ഗോളടിച്ചതോടെ പട്ടിക പൂര്‍ത്തിയായി. ഗോവക്കായി റാഫേലും സാന്‍േറാസും ഗോളടിച്ചു.
കൊച്ചിക്ക് ഇന്ന് അരങ്ങേറ്റം ശനിയാഴ്ച കേരള ടീമായ കൊച്ചി ആദ്യ മത്സരത്തിനിറങ്ങും. മുന്‍ സ്പെയിന്‍-റയല്‍ മഡ്രിഡ് താരം മൈക്കല്‍ സല്‍ഗാഡോ നയിക്കുന്ന കൊച്ചി റ്യാന്‍ ഗിഗ്സിന്‍െറ മുംബൈയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.