മണ്ണിലിറങ്ങി താരകം

കോഴിക്കോട്: അസാധ്യമായ ആംഗിളില്‍നിന്ന് മാരിവില്ല് കണക്കെ കുതിച്ചുയര്‍ന്ന പന്തിനുമുന്നില്‍ ഇംഗ്ളീഷ് ഗോള്‍കീപ്പര്‍ ഡേവിഡ് സീമാന്‍ അന്തംവിട്ടുനിന്നതുപോലൊരു മുഹൂര്‍ത്തമായിരുന്നു കോഴിക്കോട്ടുകാര്‍ക്ക് ഞായറാഴ്ച സായാഹ്നം. കരിയിലക്കിക്കിന്‍െറ മാസ്മരികതയുമായി ഫുട്ബാള്‍ ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസതാരം സാക്ഷാല്‍ റൊണാള്‍ഡീന്യോയെ കണ്‍നിറയെ കാണാനൊരുങ്ങി രാവിലെ മുതല്‍ ഒഴുകിയത്തെിയവര്‍ ആദ്യമത്തെിയത് താരത്തിന്‍െറ താമസസ്ഥലമായ കടവ് റിസോര്‍ട്ടിനടുത്ത്. ഇവിടെ കാഴ്ച അസാധ്യമായതോടെ ഉച്ചമുതലേ നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ഉദ്ഘാടനവേദിയായ കോഴിക്കോട്ടെ കടപ്പുറത്ത് ഇരിപ്പിടമുറപ്പിച്ചു. കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍ ആശ്വാസമായി പെയ്തിറങ്ങിയ ‘തൈക്കുടം ബ്രിഡ്ജിന്‍െറ’ സംഗീത സായാഹ്നം ആസ്വദിക്കുമ്പോഴും അവരുടെ മനം നിറയെ ബാഴ്സലോണയിലെ കാംപ്നൂവിലും റിയോ ഡെ ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിലും വിസ്മയം വിരിയിച്ച റൊണാള്‍ഡീന്യോയുടെ വരവായിരുന്നു. ആറു മണിക്കത്തെുമെന്നറിയിച്ച താരം ഒരുമണിക്കൂറിലേറെ വൈകിയിട്ടും അറബിക്കടലോരത്തെ ജനസഞ്ചയത്തിന്‍െറ വലുപ്പം കൂടിക്കൂടിവന്നു.

ഒടുവില്‍ താരരാജാവിന്‍െറ വരവറിയിച്ച് അറിയിപ്പത്തെിയതോടെ ഇരിപ്പിടം വിട്ട് പതിനായിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. ചാരനിറത്തിലുള്ള തലപ്പാവും ടീഷര്‍ട്ടും കറുത്ത ട്രാക് സ്യൂട്ടുമായിരുന്നു വേഷം. സുരക്ഷാജീവനക്കാരുടെ അകമ്പടിക്കിടയില്‍ ജനസാഗരത്തിനുനേരെ കൈവീശിയത്തെിയ സൂപ്പര്‍താരത്തെ കണ്‍നിറയെ കണ്ട മലയാളത്തിന്‍െറ കാല്‍പന്തു പ്രേമികള്‍ സ്വപ്നത്തിലെന്നപോലെ പകച്ചുനിന്നു. പക്ഷേ, അമ്പരപ്പ് ആരവങ്ങളിലേക്ക് മാറാന്‍ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. പിന്നെ കണ്ടത് ഫുട്ബാള്‍ മാച്ചുപോലെ ഒരു അരമണിക്കൂര്‍. വേദിയുടെ നടുവിലെ ഇരിപ്പിടത്തില്‍ ഇടംപിടിച്ച റൊണാള്‍ഡീന്യോ മുന്നിലെ കാഴ്ചകള്‍ നന്നായി ആസ്വദിച്ചു.

എ. പ്രദീപ് കുമാര്‍ എം.എല്‍.എ സ്വാഗതപ്രസംഗം ആരംഭിച്ചപ്പോള്‍ മൊബൈല്‍ ഫോണില്‍ വിഡിയോ പിടിക്കുന്ന തിരക്കിലായിരുന്നു ഇതിഹാസതാരം. മൈക്കിലൂടെ റൊണാള്‍ഡീന്യോ എന്നുയരുമ്പോഴെല്ലാം കൈവീശിയും ചുടുചുംബനമെറിഞ്ഞും ആരാധകരുടെ ആവേശത്തിന് താളമിട്ടു. ഒപ്പമുണ്ടായിരുന്ന വിവര്‍ത്തകനോട് അറബിക്കടലിനെ ചൂണ്ടിക്കാണിച്ച് സന്തോഷം പങ്കിട്ടും ചിത്രം പകര്‍ത്താന്‍ മൊബൈല്‍ഫോണ്‍ മിന്നിക്കുന്നവര്‍ക്ക് നന്നായി ചിരിനല്‍കിയും ‘റൊ’ കോഴിക്കോടന്‍ സായാഹ്നം ആസ്വദിച്ചു. ചടങ്ങില്‍ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. സിദ്ദീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. നാഗ്ജി കുടുംബാംഗങ്ങളായ സന്ദീപ് മത്തേ, നീമീഷ് മത്തേ, ചിരാഗ് മത്തേ, മനോജ് മത്തേ എന്നിവരില്‍നിന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി സംഘാടകരായ കെ.ഡി.എഫ്.എ, മോണ്ടിയാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റ് പ്രതിനിധികള്‍ക്ക് കൈമാറിയായിരുന്നു ഉദ്ഘാടനം. ഏറ്റവും ഒടുവിലായി ഹൃദയശസ്ത്രക്രിയക്കു വിധേയനായ മൂന്നുവയസ്സുകാരന്‍ അനസിന് തന്‍െറ കൈയൊപ്പ് ചാര്‍ത്തിയ പന്ത് സമ്മാനിച്ച് താരം കോഴിക്കോടിന്‍െറ പെരുമയായ നാഗ്ജി ചാമ്പ്യന്‍ഷിപ്പിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം പൂര്‍ത്തിയാക്കി. ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി, കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.എ. മത്തേര്‍, മോണ്ടിയാല്‍ ചെയര്‍മാന്‍ ഹിഫ്സുര്‍ റഹ്മാന്‍, ഫുട്ബാള്‍ ഫോര്‍ പീസ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി കാഷിഫ് സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.

നേരത്തെ, കോഴിക്കോട് വിമാനത്താവളത്തില്‍ നിര്‍ദേശിച്ചതിലും ഒരു മണിക്കൂര്‍ വൈകിയത്തെിയ താരത്തെ സ്വീകരിക്കാന്‍ നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ സംഘാടകരായ ജില്ലാ ഫുട്ബാള്‍ അസോസിയേഷനും മോണ്ടിയാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റ് എല്‍.എല്‍.പി പ്രതിനിധികളും വിമാനതാവളത്തിലുണ്ടായിരുന്നു. രാവിലെ പത്തോടെ കൊച്ചിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂരത്തെിയ താരം നേരെ പുറത്തേക്കുള്ള വഴി വരെയത്തെിയെങ്കിലും തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തെ കണ്ട് വി.ഐ.പി ലോഞ്ചിലേക്ക് തിരികെ പോയി അരമണിക്കൂറോളം വിശ്രമിച്ച് കാണികളെ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പുറത്തിറങ്ങിയത്. ഇതോടെ ആരാധകരുടെ കാത്തിരിപ്പിന്‍െറ നിയന്ത്രണം വിട്ടു. പലരും തങ്ങളുടെ പ്രിയതാരത്തിന്‍െറ പേര് ഉച്ചത്തില്‍ വിളിച്ചു. പതിനൊന്നോടെ കനത്ത സുരക്ഷാവലയത്തില്‍ പുറത്തിറങ്ങിയ റോയെ ആഹ്ളാദനൃത്തം ചവിട്ടിയും അഭിവാദ്യമര്‍പ്പിച്ചുമാണ് കായിക പ്രേമികള്‍ സ്വീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT