ബില്‍ബാവോ: ലയണല്‍ മെസ്സിയും ലൂയി സുവാരസും ഇല്ലാതെ കളത്തിലിറങ്ങിയ ബാഴ്സലോണ സംഘത്തിന് കോപ ഡെല്‍ റെ ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദത്തില്‍ അത്ലറ്റിക് ബില്‍ബാവോക്കെതിരെ 2-1ന്‍െറ ജയം. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍, മുനീര്‍ അല്‍ഹദ്ദാദി എന്നിവരാണ് സ്കോര്‍ ചെയ്തത്. ഒരാഴ്ചക്കിടെ ഇരു ടീമും രണ്ടാം തവണയാണ് മുഖാമുഖം കാണുന്നത്. ഞായറാഴ്ച ലാലിഗയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ആറു ഗോളുകള്‍ക്ക് ബില്‍ബാവോയെ മുക്കിയ ആവേശത്തിലാണ് ബാഴ്സ കളത്തിലിറങ്ങിയത്.
അന്ന് നിര്‍ത്തിയിടത്തുനിന്ന് തുടങ്ങുകയാണ് എന്നു തോന്നിപ്പിക്കും വിധമായിരുന്നു കാറ്റലന്മാരുടെ പ്രകടനം. 18ാം മിനിറ്റില്‍ മികച്ച ഒരു മുന്നേറ്റത്തിനൊടുവില്‍ ഇവാന്‍ റാകിടിച്ച് നീട്ടിനല്‍കിയ ക്രോസില്‍ മുനീര്‍ വലകുലുക്കി. ഗാലറിയില്‍നിന്ന് ഗോളാവേശം വിട്ടൊഴിയുന്നതിനുമുമ്പ് നെയ്മറിലൂടെ ബാഴ്സ രണ്ടാം ഗോളും നേടി. സ്വന്തം പകുതിയില്‍നിന്ന് പന്തുമായി മുന്നേറിയ ബാഴ്സ താരങ്ങളെ തടയാന്‍ പ്രതിരോധക്കാരും ഗോളിയും മുന്നോട്ടു കയറിയെങ്കിലും വിജയിച്ചില്ല. സെര്‍ജി റോബര്‍ട്ടോയുടെ ത്രൂപാസ് വിദഗ്ധമായി പിടിച്ചെടുന്ന നെയ്മര്‍ സ്ഥാനം തെറ്റിയ ഗോളിയെ നിസ്സഹായനാക്കി പന്ത് ഗോളിലേക്ക് തട്ടിയിട്ടു.
ആദ്യ പകുതിയുടെ മധ്യത്തില്‍തന്നെ രണ്ടു ഗോളുകള്‍ വീണതോടെ അമാന്തത്തിലായ ബില്‍ബാവോ താരങ്ങള്‍ നെയ്മര്‍ക്കെതിരെ പരുക്കന്‍ അടവുകള്‍ പുറത്തെടുക്കുകയും പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തു. ഒന്നാം പകുതി അവസാനിക്കാന്‍ ഏഴുമിനിറ്റ് ശേഷിക്കെ മസ്കരാനോ അഡ്രൂയിസിനെ ബോക്സില്‍ വീഴ്ത്തിയതിന് ബില്‍ബാവോ താരങ്ങള്‍ പെനാല്‍റ്റിക്ക് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. രണ്ടാം പകുതിയില്‍ പരുക്കന്‍ കളി പുറത്തെടുത്ത രണ്ട് ബില്‍ബാവോ താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഡാനി ആല്‍വസിന്‍െറ പിഴവ് മുതലെടുത്ത് അഡ്രൂയിസ് ബില്‍ബാവോയുടെ ആശ്വാസ ഗോള്‍ നേടി. അധിക സമയത്ത് സമനില നേടാനുള്ള ബില്‍ബാവോയുടെ ശ്രമം ബാഴ്സ പ്രതിരോധം തകര്‍ത്തതോടെ എവേ മത്സരത്തിലെ മുന്‍തൂക്കം ബാഴ്സക്ക് ലഭിച്ചു.
മറ്റൊരു മത്സരത്തില്‍ ആദ്യ പാദത്തില്‍ അത്ലറ്റികോ മഡ്രിഡ് സെല്‍റ്റ് ഡി വീഗോയുമായി ഗോള്‍ രഹിത സമനില പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.