റാഷ്ഫോഡ് വണ്ടര്‍ബോയ്

ലണ്ടന്‍: രണ്ടുകളി, മൂന്നുദിനം, നാലുഗോള്‍. ഇംഗ്ളണ്ടിലെങ്ങും 18കാരന്‍ മാര്‍കസ് റാഷ്ഫോഡാണ് താരം. ഓള്‍ഡ്ട്രഫോഡിലെ ഞായറാഴ്ചത്തെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറയും വീരപുരുഷനായി മാറി ഈ 39ാം നമ്പറുകാരന്‍. കരുത്തരുടെ പോരാട്ടമായിമാറിയ ഓള്‍ഡ്ട്രഫോഡ് ഷോയില്‍ റാഷ്ഫോഡിന്‍െറ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആഴ്സനലിനെതിരെ 3-2ന് ജയമൊരുക്കിയത്.
രണ്ടുദിനം മുമ്പ് യൂറോപ്പ ലീഗില്‍ മിഡിറ്റ്ലന്‍ഡിനെതിരെ അന്‍േറാണിയോ മാര്‍ഷലിനു പകരക്കാരനായി അവസാനനിമിഷം പ്ളെയിങ് ഇലവനില്‍ ഇടംനേടിയ റാഷ്ഫോഡ് ഇരട്ട ഗോളുമായാണ് ചെമ്പടക്കൊപ്പം അരങ്ങേറ്റം കുറിച്ചത്. ദുര്‍ബലരായ എതിരാളിക്കെതിരായ പ്രകടനമായി താഴ്ത്തിക്കെട്ടിയവര്‍ക്കുള്ള മറുപടിയായിരുന്നു ഞായറാഴ്ച ഇംഗ്ളണ്ടിലെ പീരങ്കിപ്പടക്കെതിരെ കണ്ടത്.
കരുത്തരായ എതിരാളിക്കെതിരെ പുതുമുഖക്കാരനായ റാഷ്ഫോഡില്‍ ആക്രമണ ചുമതലയേല്‍പിച്ച് ലൂയി വാന്‍ഗല്‍ കളിതുടങ്ങിയപ്പോള്‍തന്നെ ആരാധകര്‍ ഞെട്ടിയിരുന്നു. വിങ്ങുകളില്‍ മെംഫിസ് ഡിപെയും ലിന്‍ഗാര്‍ഡും പ്ളേമേക്കറുടെ റോളില്‍ ഷ്നീഡര്‍ലിനും. ആഴ്സനലിന്‍െറ ആക്രമണങ്ങളാവട്ടെ തിയോവാല്‍ക്കോട്ടിലും. ഡാനില്‍ വെല്‍ബക്, മെസ്യൂത് ഓസില്‍, അലക്സിസ് സാഞ്ചസ് എന്നിവരിലൂടെയായിരുന്നു വിജയവഴിയിലെ വീണ്ടത്തൊനുള്ള ഗണ്ണേഴ്സിന്‍െറ ശ്രമങ്ങള്‍.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയോട് വഴങ്ങിയ തോല്‍വിയുടെ നിരാശമാറ്റാനിറങ്ങിയ ആഴ്സനലിന് കാര്യങ്ങള്‍ അത്ര പന്തിയല്ളെന്ന് തുടക്കത്തിലേ ബോധ്യപ്പെടുകയും ചെയ്തു.
27, 32 മിനിറ്റുകളിലായിരുന്നു ഗണ്ണേഴ്സ് പ്രതിരോധത്തിലെ വിള്ളലുകള്‍ തുറന്നുകാട്ടിക്കൊണ്ട് റാഷ്ഫോഡ് വലകുലുക്കിയത്. രണ്ടുതവണയും വിങ്ങിലൂടെ ലിന്‍ഗാര്‍ഡ് നടത്തിയ നീക്കങ്ങളില്‍നിന്ന്. പെനാല്‍റ്റി ബോക്സില്‍ രണ്ടു ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ ഒഴിഞ്ഞുകിടന്ന റാഷ്ഫോഡിലേക്ക് പന്ത് വഴിതിരിഞ്ഞത്തെിയപ്പോള്‍ ഞൊടിയിടയിലാണ് എല്ലാം സംഭവിച്ചത്. ശക്തനായ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിനെ നിസ്സഹായനാക്കി കൗമാരതാരം പായിച്ച ഷോട്ടില്‍ ആഴ്സനല്‍ പുളഞ്ഞു.
അപ്രതീക്ഷിത വീഴ്ചയില്‍നിന്നും കരകയറുംമുമ്പേ റാഷ്ഫോഡ് രണ്ടാമതും വലകുലുക്കി. പ്രതിരോധക്കെട്ടുപൊട്ടിച്ച് മറിഞ്ഞുവന്ന ക്രോസില്‍ ഹെഡര്‍ ചെയ്തായിരുന്നു ഇക്കുറി ഗോള്‍വല കുലുക്കിയത്.
പകുതി പിരിയുംമുമ്പേ ആഴ്സനല്‍ ആശ്വാസ ഗോള്‍ നേടി. 40ാം മിനിറ്റില്‍ ഡാനി വെല്‍ബക്കിലൂടെയായിരുന്നു ഗണ്ണേഴ്സ് പൊരുതാനുള്ള ഊര്‍ജം വീണ്ടെടുത്തത്. പക്ഷേ, രണ്ടാം പകുതിയില്‍ ഇരുവരും കൂടുതല്‍ കരുതലോടെ കളത്തിലിറങ്ങിയതോടെ പോരാട്ടത്തിന് വീറും വാശിയുമേറി. 65ാം മിനിറ്റില്‍ ആന്‍ഡര്‍ ഹെരീറയിലൂടെ യുനൈറ്റഡ് മൂന്നാമതും വലകുലുക്കിയെങ്കിലും നാലുമിനിറ്റിനുള്ളില്‍ മെസ്യൂത് ഓസിലിലൂടെ ആഴ്സനല്‍ രണ്ടാം ഗോളടിച്ച് ആവേശം കൂട്ടി. കളി പലപ്പോഴും കൈയാങ്കളിയിലേക്ക് നീങ്ങുന്നതിനും സാക്ഷിയായി. മുന്നേറ്റത്തില്‍ മികച്ച നീക്കങ്ങളുമായി എതിര്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്ന റാഷ്ഫോഡ് തന്നെയായിരുന്നു കളിയിലെ താരം.
അതേസമയം, സ്വാന്‍സീ സിറ്റിയെ 2-1ന് തോല്‍പിച്ച ടോട്ടന്‍ഹാം ഹോട്സ്പര്‍, ആഴ്സനലിന്‍െറ വീഴ്ച മുതലെടുത്ത് പോയന്‍റ് പട്ടികയില്‍ ലീഡ് നേടി. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം രണ്ടുതവണ വലകുലുക്കിയാണ് ടോട്ടനം ജയിച്ചത്.
ലെസ്റ്റര്‍ 27 കളി 56 പോയന്‍റ്, ടോട്ടന്‍ഹാം 27-54, ആഴ്സനല്‍ 27-51, മാഞ്ചസ്റ്റര്‍ സിറ്റി 26-47, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 27-44 എന്നിങ്ങനെയാണ് പ്രീമിയര്‍ ലീഗിലെ നില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.