ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

സൂറിക്:  ഇന്ന് ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ക്കും യുവേഫ മുന്‍ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റിനിക്കുമെതിരായ വിലക്കിന് ഇളവ്.ബ്ളാറ്ററുടെയും പ്ളാറ്റിനിയുടെയും വിലക്ക് ഫിഫ അപ്പീല്‍ കമ്മിറ്റിയാണ് ആറു വര്‍ഷമാക്കി ചുരുക്കിയത്. ബ്ളാറ്റര്‍ക്ക് 17ഉം പ്ളാറ്റിനിക്ക് എട്ടും വര്‍ഷമായിരുന്നു വിലക്ക്. കണ്‍സല്‍ട്ടന്‍സി ജോലിയുമായി ബന്ധപ്പെട്ട് കരാറില്ലാതെ പ്ളാറ്റിനിക്ക് 20 ലക്ഷം ഡോളര്‍ നല്‍കാന്‍ ബ്ളാറ്റര്‍ അനുമതി നല്‍കിയതില്‍ ഭിന്നതാല്‍പര്യമുണ്ടെന്ന് കണ്ടാണ് ഇരുവരെയും വിലക്കിയത്.

ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധികളായി അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരനും ബഹ്റൈനില്‍നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും (ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ്)  ആഫ്രിക്കന്‍ പ്രതിനിധിയായി ടോക്യോ സെക്സ്വാലും അങ്കത്തിനിറങ്ങുന്നു. യൂറോപ്യന്‍ ഫുട്ബാള്‍ സമിതി സെക്രട്ടറി ജനറലായ സ്വിസ് അഭിഭാഷകന്‍ ഗിയാനി ഇന്‍ഫന്‍റിനയും ഫ്രഞ്ച് നയതന്ത്രജ്ഞനും ബ്ളാറ്റര്‍ക്കൊപ്പം ഫിഫ അസിസ്റ്റന്‍റ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിരുന്ന ജെറോം ഷാംപെയ്നും മത്സരരംഗത്തുണ്ട്. എങ്കിലും, ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും ഗിയാനി ഇന്‍ഫന്‍റിനയും തമ്മിലാണ് പ്രസിഡന്‍റ് സ്ഥാനത്തെ പോരാട്ടം. ആകെ 207 വോട്ടുകളാണുള്ളത്.
അതിനിടെ, തെരഞ്ഞെടുപ്പില്‍ സുതാര്യമായ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കാന്‍ ഫിഫക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരന്‍ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചെങ്കിലും ഫലംകണ്ടില്ല. ജോര്‍ഡന്‍ രാജകുമാരന്‍െറ ആവശ്യം  കോടതി തള്ളി. രഹസ്യ തെരഞ്ഞെടുപ്പാണെങ്കിലും ചില അംഗങ്ങള്‍ വോട്ട് ചെയ്തശേഷം ബാലറ്റ് പേപ്പറിന്‍െറ ഫോട്ടോ പകര്‍ത്താനിടയുണ്ടെന്ന് അലി ബില്‍ അല്‍ ഹുസൈനും മറ്റൊരു സ്ഥാനാര്‍ഥിയായ ജെറോം ഷാംപെയ്നും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതിനിടെ, ബഹ്റൈനില്‍നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം 2013ല്‍ ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ തലവനാകാന്‍ വോട്ടിന് പണം നല്‍കിയെന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ആരോപണമുയര്‍ന്നു. ഇക്കാര്യം ശൈഖ് നിഷേധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന രണ്ട് ഉറച്ച വോട്ടുകള്‍ അവസാനനിമിഷം നഷ്ടമായി. ഫിഫ സസ്പെന്‍ഡ് ചെയ്ത കുവൈത്തിനെയും ഇന്തോനേഷ്യയെയും എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയതോടെയാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.