?????????? ???.?? ??????? ????????????

എഫ്.സി നിപ്രൊ x വാറ്റ്ഫോഡ് എഫ്.സി സെമി ഇന്ന്

കോഴിക്കോട്: സേട്ട് നാഗ്ജി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയാഴ്ച യൂറോപ്പിന്‍െറ മാറ്റളക്കുന്ന സൂപ്പര്‍ സെമി അങ്കം. രണ്ടാം സെമിയില്‍ പരിചയ സമ്പത്തിന്‍െറയും പ്രതിരോധ ഫുട്ബാളിന്‍െറയും വീര്യവുമായി യുക്രെയ്ന്‍ നമ്പര്‍വണ്‍ സംഘമായ  നിപ്രൊ എഫ്.സി ഒരു പാതിയില്‍ പന്ത് തട്ടുമ്പോള്‍, മറുതലക്കല്‍ ഇംഗ്ളണ്ടില്‍നിന്നുള്ള യുവനിരയുമായി ഹാരി ക്യുവിലിന്‍െറ വാറ്റ്ഫോഡ് എഫ്.സി ഇറങ്ങും. ടൂര്‍ണമെന്‍റിലുടനീളം മിന്നുന്ന ഫോമിലാണ് നിപ്രൊ. ഗ്രൂപ് ‘ബി’യില്‍ ജേതാക്കള്‍. ഒരു തോല്‍വിയും വഴങ്ങാതെയുള്ള കുതിപ്പ്. രണ്ടു ജയവും ഒരു സമനിലയും. മൂന്നു കളിയില്‍നിന്ന് ഏഴു പോയന്‍റ് നേടിയവര്‍ ഒരു ഗോളും ഇതുവരെ വഴങ്ങിയിട്ടില്ല. കുറ്റിയുറപ്പുള്ള പ്രതിരോധവും അതിവേഗതയേറിയ മുന്നേറ്റവും ഒന്നിക്കുന്ന നിപ്രൊയെ പ്രതിരോധിക്കാന്‍ വാറ്റ്ഫോഡിന്‍െറ യുവസംഘം പാടുപെടും.

ആദ്യ മത്സരത്തില്‍ ഷംറോകിനെയും (2-0), രണ്ടാം അങ്കത്തില്‍ അര്‍ജന്‍റീന അണ്ടര്‍ 23നെയും (2-0) തോല്‍പിച്ച യൂറോപ ലീഗ് ഫൈനലിസ്റ്റുകള്‍, മ്യൂണിക്കിനെതിരായ ജീവന്മരണ പോരാട്ടത്തില്‍ (0-0) മാത്രമേ സമനില വഴങ്ങിയിട്ടുള്ളൂ. ഗോള്‍കീപ്പര്‍ ഡെനിസ് ഷെലികോവ്, പ്രതിരോധത്തില്‍ അലക്സാണ്ടര്‍ സ്വറ്റോക്, അര്‍റ്റം ഫെഡറ്റ്സ്കി, മുന്നേറ്റനിരയില്‍ ഡെനിന് ബലാനിയുക്, കെഷര്‍ജിന്‍ തുടങ്ങിയവരിലാണ് നിപ്രൊയുടെ പ്രതീക്ഷകള്‍. അതേസമയം, ഗ്രൂപ് ‘എ’യില്‍ ആദ്യ കളിയില്‍ അത്ലറ്റികോ പരാനെന്‍സിനോട് തോല്‍വി (0-2) വഴങ്ങിയ ശേഷമാണ് വാറ്റ്ഫോഡ് തിരിച്ചുവരവ് നടത്തിയത്.

രണ്ടാമങ്കത്തില്‍ റുമാനിയക്കാരായ റാപിഡ് ബുകറസ്തിയെ തോല്‍പിച്ചവര്‍ (2-0), നിര്‍ണായക മത്സരത്തില്‍ വോളിന്‍ ലുറ്റുസ്കിനോട് (1-1) സമനില വഴങ്ങി. നാല് പോയന്‍റുമായാണ് ടീം സെമിയില്‍ ഇടം ഉറപ്പിച്ചത്. ആറടി ഉയരക്കാരായ യുക്രെയ്ന്‍ സംഘം അണിനിരക്കുന്ന പ്രതിരോധകോട്ട പിളര്‍ത്തുകയെന്നതാവും ഇംഗ്ളീഷുകാരുടെ പ്രധാന വെല്ലുവിളി. പ്ളെയിങ് ഇലവനിലെ നിത്യസാന്നിധ്യമായ അലക്സ് യാകുബിയാക്, ബെര്‍ണാഡ് മെന്‍ഷാ, ജോറല്‍ ജോണ്‍സണ്‍, ആല്‍ഫി യങ് തുടങ്ങിയവരെല്ലാം മിന്നുന്ന ഫോമിലാണെന്നത് കോച്ച് കെവിലിന്‍െറ കണക്കുകൂട്ടലുകളെ എളുപ്പമാക്കും.

മൂന്നു കളിയിലെ പരിചയവും ഗ്രൂപ്പിലെ അവസാന മത്സരത്തിന്‍െറ 90ാം മിനിറ്റിലെ ഗോളുമായി സെമിയിലിടം ഉറപ്പിച്ചതും കളിക്കാരുടെ ആത്മവിശ്വാസമുയര്‍ത്തിയതായി വാറ്റ്ഫോഡ്  ഗോള്‍കീപ്പിങ് കോച്ച് അലക്സ് ഷാംബര്‍ലെയ്ന്‍ പറഞ്ഞു. പരിക്കോ സസ്പെന്‍ഷനോ സെമിയില്‍ ടീമിനെ അലട്ടുന്നില്ല. ഫുള്‍ഫിറ്റ്നസോടെയാവും ഫൈനല്‍ ലക്ഷ്യമിട്ട് ടീമിറങ്ങുന്നത്. എതിരാളികളുടെ പ്രതിരോധത്തിലെ മികവ് ഉള്‍ക്കൊണ്ടാവും ഗെയിം പ്ളാന്‍ ഒരുക്കുകയെന്നും ഷാംബര്‍ലെയ്ന്‍ പറഞ്ഞു. യുവതാരങ്ങളടങ്ങിയ ടീമിന് മികച്ച അനുഭവമാണ് നാഗ്ജി ചാമ്പ്യന്‍ഷിപ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിരോധ ഫുട്ബാളിലൂന്നി പതിവു ശൈലിയിലാവും കളിയെന്ന് നിപ്രൊ കോച്ച് ദിമിത്രോ മിഖായേലങ്കോ വ്യക്തമാക്കി. ഗ്രൂപ് റൗണ്ടില്‍ മികച്ച മത്സരങ്ങളായിരുന്നു. പ്രത്യേകിച്ചും മ്യൂണിക് 1860ക്കെതിരായ കളി. ശക്തരായ മുന്നേറ്റനിരയാണ് ടീമിന്‍െറ കരുത്ത് -ദിമിത്രോ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.