സന്തോഷ് ട്രോഫി: അവസരങ്ങള്‍ ഗോളായില്ല; കേരളം പുറത്ത്

ചെന്നൈ: കനിയാത്ത അവസരങ്ങള്‍, പരിക്കുകളുടെ ആക്രമണം, പ്രതിരോധനിരയുടെ പാളിച്ച, ഭാഗ്യത്തിന്‍െറ അരികുപറ്റി കരക്കടുക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍, അവസാന സമയം വരെ തമിഴ്നാടിനോട് പോരാടിനിന്നെങ്കിലും ഗോള്‍ ശരാശരിയുടെ സാങ്കേതികതയില്‍ തട്ടി പ്രാഥമികതലം കടക്കാതെ സന്തോഷ് ട്രോഫിയില്‍നിന്ന് കേരളം പുറത്തായി. നിര്‍ണായക മത്സരത്തില്‍ തമിഴ്നാടിനോട് 1-1ന് സമനില വഴങ്ങിയതാണ് കേരളത്തിന്‍െറ ദൗര്‍ഭാഗ്യമായത്.

കഴിഞ്ഞ മത്സരത്തില്‍ തെലങ്കാനയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയിച്ച തമിഴ്നാടാണ് ഗ്രൂപ് ‘എ’യിലെ ജേതാക്കള്‍. തെലങ്കാനയോടുള്ള കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ മാത്രമായിരുന്നു കേരളത്തിന്‍െറ കീശയിലുണ്ടായിരുന്നത്. കേരളത്തിന്‍െറ ആദ്യ എതിരാളികളായ അന്തമാന്‍ കളിയില്‍നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഫൈനല്‍ പോര്‍മുഖത്തേക്ക് പോകാന്‍ ശനിയാഴ്ചത്തെ മത്സരത്തില്‍ കേരളത്തിന് ജയം അനിവാര്യമായിരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്ഥിരം തന്ത്രമായ 4-3-3 ശൈലിയുമായാണ് കേരളം കളത്തിലിറങ്ങിയത്. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ കേരളത്തിനുവേണ്ടി അഷ്കര്‍ വലകുലുക്കി. തമിഴ്നാടിന്‍െറ പ്രതിരോധനിരയില്‍നിന്ന് റാഞ്ചിയെടുത്ത് വി.പി. സുഹൈര്‍ നല്‍കിയ പന്ത് അഷ്കര്‍ വലയിലത്തെിക്കുകയായിരുന്നു. ഇതോടെ തമിഴ്നാട് പ്രതിരോധത്തിലേക്ക് നീങ്ങി. ഇടവേള കഴിഞ്ഞത്തെിയ ആതിഥേയര്‍ 56ാം മിനിറ്റില്‍ തിരിച്ചടിച്ചു. തമിഴ്നാടിന്‍െറ കുന്തമുനയായ റീഗനാണ് കേരളത്തിന്‍െറ സ്വപ്നം തകര്‍ത്ത ഗോള്‍ നേടിയത്.

പരിക്കുകളുടെ ഘോഷയാത്രയില്‍ ഇടറിവീഴാതിരുന്ന പുതുമുഖങ്ങളും യുവതാരങ്ങളും അടങ്ങിയ കേരള ടീമാണ് ആദ്യവസാനം കളത്തില്‍ നിറഞ്ഞുനിന്നത്. ആദ്യ 20 മിനിറ്റിനുള്ളില്‍ ഗോള്‍ കീപ്പറായ ഷഹിന്‍ ലാലിന് പരിക്കേറ്റ് ഗാലറിയിലേക്ക് മടങ്ങേണ്ടിവന്നു.  പേശീവലിവുമൂലം മുന്നേറ്റനിരയില്‍ ഫിറോസ് കളം വിട്ടതോടെ വി.പി. സുഹൈര്‍ പകരക്കാരനായി. കളിക്കാരുടെ മാറ്റങ്ങള്‍ മറികടന്ന് തമിഴ്നാട് ഗോള്‍മുഖത്ത് അസാമാന്യ നീക്കങ്ങളാണ് കേരളം സൃഷ്ടിച്ചത്. ഇതിന്‍െറ തുടര്‍ച്ചയായിരുന്നു ആദ്യ ഗോള്‍.

തെലങ്കാനക്കെതിരെ ഇരട്ട ഗോളുകള്‍ നേടിയ പരിചയസമ്പന്നനായ റീഗനാണ് 56ാം മിനിറ്റില്‍ തന്ത്രപരമായ നീക്കത്തിലൂടെ തമിഴ്നാടിന്‍െറ ഗോള്‍ നേടുന്നത്.
കാസര്‍കോട് സ്വദേശിയായ തമിഴ്നാടിന്‍െറ ഗോള്‍ കീപ്പര്‍ ടി. സൗനീഷും കേരളത്തിന് വെല്ലുവിളിയായി. തുടര്‍ച്ചയായ പരിക്കും രണ്ടാം പകുതിയില്‍ പ്രതിരോധനിരയിലെ പാളിച്ചയും കളിയെ ബാധിച്ചെന്ന് കേരള കോച്ച് നാരായണ മേനോന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.