അര്‍ജന്‍റീനക്ക് ജീവന്മരണ പോരാട്ടം

കോഴിക്കോട്: ആരാധകരുടെ നിരാശ മാറ്റാന്‍, സെമി സ്വപ്നം ഉടയാതിരിക്കാന്‍ അര്‍ജന്‍റീന യുവസംഘം വെള്ളിയാഴ്ച നിര്‍ണായക പോരാട്ടത്തിന്. സേട്ട് നാഗ്ജി കപ്പ് ഫുട്ബാള്‍ ഗ്രൂപ് ‘ബി’യിലെ രണ്ടാം മത്സരത്തില്‍ യുക്രെയ്ന്‍ കരുത്തരായ നിപ്രൊ നിപ്രൊ പെട്രോസ്കാണ് ലയണല്‍ മെസ്സിയുടെ പിന്മുറക്കാരുടെ എതിരാളി. ആദ്യ മത്സരത്തില്‍ ജര്‍മന്‍ ക്ളബ് ടി.എസ്.വി മ്യൂണിക്കിനോടേറ്റ തോല്‍വിയുടെ ക്ഷീണം അര്‍ജന്‍റീനയെ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല.

നീലയും വെണ്‍മയും കലര്‍ന്ന പതാകപിടിച്ച് ജഴ്സിയുമണിഞ്ഞ് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ സിമന്‍റുബെഞ്ചുകളെ നിറച്ച ആരാധകരെ നിരാശപ്പെടുത്തിയ മൂന്ന് ഗോളിന്‍െറ തോല്‍വി കോച്ച് ജൂലിയോ ഒലാര്‍ട്ടികോഷ്യയെയും ഞെട്ടിച്ചു. എങ്കിലും, ആറു ദിവസത്തെ ഇടവേള കഴിഞ്ഞ് അര്‍ജന്‍റീനക്കാര്‍ വീണ്ടുമിറങ്ങുമ്പോള്‍ എന്ത് വിലകൊടുത്തും ജയിക്കാനുള്ള പോരാട്ടത്തിലാണ്. ‘എതിരാളികളായ നിപ്രൊ കരുത്തരാണെങ്കിലും ഇന്ന് ജയിക്കും’ -കോച്ച് ഒലാര്‍ട്ടികോഷ്യ പറഞ്ഞു. ഓരോ കളിയും ഫൈനലാണ്.

ആദ്യ കളിയിലെ ടീമില്‍ നിന്നും പ്ളെയിങ് ഇലവനില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെയാവും ഇറങ്ങുക. അതേസമയം, ഈ ടീമിന്‍െറ പ്രകടനം അര്‍ജന്‍റീനയുടെ ഒളിമ്പിക്സ് ഒരുക്കത്തെ ബാധിക്കില്ല. ദേശീയ ടീമിലെ രണ്ടാംനിര താരങ്ങളുമായാണ് ഞങ്ങള്‍ എത്തിയത് -ഒലാര്‍ട്ടികോഷ്യ പറഞ്ഞു. ഐറിഷ് ക്ളബ് ഷംറോക് റോവേഴ്സിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയ നിപ്രൊക്ക് വെള്ളിയാഴ്ച ജയിച്ചാല്‍ സെമി അനായാസം ഉറപ്പിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.