ജനസേവ ശിശുഭവനില്‍നിന്ന് സന്തോഷ് ട്രോഫിയിലേക്ക് ബിബിന്‍

ആലുവ: ജനസേവ സ്പോര്‍ട്സ് അക്കാദമിയിലൂടെ കളിച്ചുവളര്‍ന്ന ബിബിന്‍ അജയന്‍  ഝാര്‍ഖണ്ഡ് സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടി. സന്തോഷ് ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന നേട്ടം ബിബിന് സ്വന്തം. 2014ലാണ് ജനസേവയിലെ ബിബിന്‍ അജയനെ ഝാര്‍ഖണ്ഡ് സംസ്ഥാന സുബ്രതോ മുഖര്‍ജി ഫുട്ബാള്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്. ‘സെയില്‍’ ടീമിന്‍െറ കോച്ചായ സലിമിന്‍െറ കീഴിലാണ് ബിബിന്‍െറ ഇപ്പോഴുള്ള പരിശീലനം. സുബ്രതോ മുഖര്‍ജി ടൂര്‍ണമെന്‍റില്‍ സെയില്‍-മോഹന്‍ ബെഗാന്‍ ടീമിനുവേണ്ടി സ്റ്റോപ്പര്‍ പൊസിഷിനില്‍ കളിക്കാനിറങ്ങിയ ബിബിന്‍ അജയന്‍ മികച്ച പ്രകടനമാണ് അന്ന് കാഴ്ചവെച്ചത്.

മോഹന്‍ ബെഗാന്‍ അക്കാദമി അണ്ടര്‍ 17 വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ 30 പേരില്‍ ഒരാളായിരുന്നു ബിബിന്‍ അജയന്‍. 2011ല്‍ തൃശൂരില്‍ നടന്ന ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലാ സബ് ജൂനിയര്‍ ടീമിന്‍െറ ക്യാപ്റ്റനായിരുന്ന ബിബിന്‍ അജയന്‍ അതേവര്‍ഷം തമിഴ്നാട് നെയ്വേലിയില്‍ നടന്ന നാഷനല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലെ കേരള സബ് ജൂനിയര്‍ ഫുട്ബാള്‍ ടീമിന്‍െറ ക്യാപ്റ്റനുമായിരുന്നു. 2008ല്‍ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ സ്പോര്‍ട്സ് അക്കാദമിയില്‍ മുന്‍ സന്തോഷ് ട്രോഫി താരം സോളി സേവ്യറുടെ കീഴിലുള്ള മികച്ച പരിശീലനമാണ് ബിബിന്‍ അജയന് മികച്ച നേട്ടം കൈവരിക്കാനായത്. 2006ലാണ് എട്ടുവയസ്സുകാരന്‍ ബിബിന്‍െറയും സഹോദരങ്ങളായ അഖില്‍ (6), റീതു (3), കാവ്യ (1) എന്നിവരുടെയും സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്.

കൊല്ലം പാലക്കാകടവ് സ്വദേശിനി വസന്തയാണ് മാതാവ്. നെടുമങ്ങാട് ആനപ്പാറ സ്വദേശിയും കൂലിപ്പണിക്കാരനുമായിരുന്ന അജയനുമായുള്ള വിവാഹശേഷം വസന്തയുടെ ജീവിതം ദുസ്സഹമായിരുന്നു. നാല് മക്കളോടൊപ്പം തെരുവോരങ്ങളിലും കടത്തിണ്ണകളിലുമായിരുന്നു അന്തിയുറങ്ങിയിരുന്നത്.
മദ്യപാനിയായ അജയന്‍ വസന്തയെ നിരന്തരം പീഡിപ്പിക്കുകയും കൊലപ്പെടുത്താനും പലവട്ടം ശ്രമിച്ചിട്ടുണ്ട്. ഒരിക്കല്‍ കഴുത്തില്‍ തോര്‍ത്തുകൊണ്ട് വലിച്ചുമുറുക്കിയപ്പോള്‍ രക്തം ഛര്‍ദിച്ച വസന്തയെ നാട്ടുകാര്‍ ഇടപെട്ടാണ് രക്ഷിച്ചത്. ആ ആഘാതത്തില്‍ രക്തം കണ്ണില്‍ കയറി കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. സിമന്‍റ് കട്ടകൊണ്ട് ഭര്‍ത്താവ് തലക്കടിച്ചതിനത്തെുടര്‍ന്ന് രക്തം വാര്‍ന്ന് തേവരയിലുള്ള കടത്തിണ്ണയില്‍ കിടന്ന വസന്തയെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ 2006 ജൂണ്‍ 25നാണ് ജനസേവ ശിശുഭവനില്‍ വിവരം അറിയിച്ചത്. പൂര്‍ണഗര്‍ഭിണിയായ വസന്തയെ ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഭര്‍ത്താവായ അജയനോടൊപ്പം ജീവിക്കാന്‍ ആഗ്രഹമില്ളെന്നും മക്കളുടെ നാലുപേരുടെയും സംരക്ഷണം ഏറ്റെടുക്കണമെന്നുമുള്ള വസന്തയുടെ അപേക്ഷപ്രകാരമാണ് ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്. പിന്നീട് ഒരിക്കല്‍ മാത്രമാണ് വസന്ത മക്കളെ കാണാനത്തെിയത്. ബിബിന്‍െറ ഈ നേട്ടത്തില്‍ സന്തോഷം പങ്കിടാന്‍ മാതാവ് ജീവിച്ചിരുപ്പുണ്ടോ എന്നുപോലും സംശയമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.