കോഴിക്കോട്: നാഗ്ജി ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ച യൂറോപ്യന്‍ പോരാട്ടം. ഗ്രൂപ് ‘എ’യിലെ മത്സരത്തില്‍ യുക്രെയ്ന്‍ പ്രീമിയര്‍ ലീഗ് ടീം എഫ്.സി വോളിന്‍ ലറ്റ്സ്കും റുമേനിയന്‍ ടോപ് ഡിവിഷന്‍ സംഘം എഫ്.സി റാപിഡ് ബുകറഫ്തിയും ഏറ്റുമുട്ടും. 92 വര്‍ഷം പഴക്കമുള്ള ബുകറഫ്തി റുമേനിയന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നു തവണ ചാമ്പ്യന്മാരും 14 തവണ റണ്ണറപ്പുകളുമായ ടീമാണ്.
യുവനിരയെയും സീനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് റുമേനിയക്കാര്‍ നാഗ്ജി ചാമ്പ്യന്‍ഷിപ്പില്‍ കളത്തിലിറങ്ങുന്നത്. റുമേനിയ ദേശീയ കുപ്പായത്തിലിറങ്ങിയ ഡിഫന്‍ഡര്‍ ഡാന്‍ അലെക്സ, ദേശീയ യൂത്ത് ടീമില്‍ കളിച്ച ഒവിഡിയു ബുര്‍ക, പരിചയസമ്പന്നനായ ഡാനുത് പെര്‍ജ എന്നിവരടങ്ങിയ ടീമുമായാണ് ബുകറഫ്തി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ റുമേനിയയിലെ ടോപ് ഡിവിഷന്‍ ലീഗില്‍ കളിച്ച ബുകറഫ്തി ഇക്കുറി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്.
1960ല്‍ രൂപവത്കൃതമായ വോളിന്‍ ലറ്റ്സ്ക് യുക്രെയ്ന്‍ ടോപ് ഡിവിഷനില്‍ ഏഴാം സ്ഥാനക്കാരാണ്. സോവിയറ്റ് റഷ്യയിലായിരുന്ന ക്ളബ് സോവിയറ്റ് തകര്‍ച്ചക്കു പിന്നാലെ യുക്രെയ്ന്‍ പ്രീമിയര്‍ ലീഗില്‍ അംഗമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.