കണ്‍നിറയെ കാണാം അര്‍ജന്‍റീനയെ

കോഴിക്കോട്: മറഡോണയുടെയും ലയണല്‍ മെസ്സിയുടെയും കാര്‍ലോസ് ടെവസിന്‍െറയുമെല്ലാം പിന്മുറക്കാരെ കാണണ്ടേ? മലയാളി ഫുട്ബാള്‍ പ്രേമികളെ എന്നും ലഹരിപിടിപ്പിച്ച ആകാശനീലയും തൂവെള്ളയും ഇടകലര്‍ന്ന ആ ജഴ്സിയില്‍ യഥാര്‍ഥ അര്‍ജന്‍റീനയുടെ ചന്തമാര്‍ന്ന കാല്‍പന്തുകളി. കോഴിക്കോടന്‍ മണ്ണിനെ ഇന്ന് ആവേശത്തിലാറാടിക്കാന്‍ അര്‍ജന്‍റീനയുടെ യുവസംഘം കോര്‍പറേഷന്‍ ഗ്രൗണ്ടിലെ കളിമുറ്റത്ത് പന്തു തട്ടാനിറങ്ങും. നാഗ്ജി ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണിനിരക്കുന്ന ഏക ദേശീയ ടീമായ അര്‍ജന്‍റീന അണ്ടര്‍ 23 ടീം ആദ്യ മത്സരത്തില്‍ ശനിയാഴ്ച ജര്‍മന്‍ ബുണ്ടസ്ലിഗ രണ്ടാം ഡിവിഷന്‍ ടി.എസ്.വി 1860 മ്യൂണിക് യൂത്ത് ടീമുമായി ഏറ്റുമുട്ടും.

അര്‍ജന്‍റീന കാര്യത്തില്‍തന്നെ
നാഗ്ജിയില്‍ പന്തുതട്ടുന്നവരില്‍ ഏറ്റവും ഗൗരവത്തിലാണ് അര്‍ജന്‍റീനയുടെ വരവ്. സംഘാടകരുടെ ക്ഷണം ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു. ഒളിമ്പിക്സ് വര്‍ഷത്തില്‍ റിയോയിലേക്കൊരുങ്ങുന്ന സംഘത്തിന്‍െറ തയാറെടുപ്പെന്ന നിലയില്‍ അര്‍ജന്‍റീന മാധ്യമങ്ങളുടെ തലക്കെട്ടുകളിലും ഇന്ത്യന്‍ പര്യടനം ഇടംപിടിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ തങ്ങളുടെ ദേശീയ ടീമിന് യോഗ്യത നേടാതെ പോയതിന്‍െറ നാണക്കേട് ഇന്നും മുറിവായി പിന്തുടരുന്ന അര്‍ജന്‍റീനക്ക് അയല്‍പക്കത്തെ റിയോ ഒളിമ്പിക്സ് അഭിമാനപ്പോരാട്ടമായതുതന്നെ നാഗ്ജി ഫുട്ബാളിന് പ്രാധാന്യമേറാന്‍ കാരണം.

വിവിധ ആഭ്യന്തര ക്ളബുകളിലെ 20 അംഗ ടീമുമായാണ് അര്‍ജന്‍റീനയത്തെിയത്. 1986 മെക്സികോ ലോകകപ്പില്‍ ജര്‍മനിയെ തോല്‍പിച്ച് മറഡോണക്കൊപ്പം കിരീടമുയര്‍ത്തിയ ജൂലിയോ ഒലാര്‍ട്ടി കോഷ്യയുടെ പരിശീലനത്തിനു കീഴില്‍ വര്‍ഷത്തെ ആദ്യ മത്സരത്തിന് യുവസംഘമിറങ്ങുമ്പോള്‍ കളിക്കാരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിറയെ വിജയാശംസകളുമായി മെസ്സിയുടെയും അഗ്യൂറോയുടെയും നാട്ടുകാരുണ്ട്.
ഒളിമ്പിക്സിനുള്ള ടീമിനെയാണ് നാഗ്ജി ചാമ്പ്യന്‍ഷിപ്പിലൂടെ അര്‍ജന്‍റീന തിരയുന്നത്. കിരീടവുമായി മടങ്ങി റിയോയിലേക്കുള്ള സ്വപ്ന സംഘത്തില്‍ ഇടംനേടാന്‍ ലക്ഷ്യമിട്ട് ഓരോ താരവും കോഴിക്കോടന്‍ മണ്ണില്‍ പന്തുതട്ടുമ്പോള്‍ മലയാളി ആരാധകര്‍ക്കൊരു സുവര്‍ണ വിരുന്നാവും.   
പലര്‍ക്കും ദേശീയ കുപ്പായത്തില്‍ അരങ്ങേറ്റം. സെലക്ടര്‍മാരുടെ കണ്ണുള്ള പോരാട്ടത്തില്‍ കിരീടവുമായി മടങ്ങിയാലേ യുവസംഘത്തിന് ദേശീയ കുപ്പായത്തില്‍ മുന്നോട്ട് ഇടമുള്ളൂ. ‘ഇന്‍റര്‍നാഷനല്‍ മത്സരമെന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ടീമിന്‍െറ ഒരുക്കം. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള വലിയ ലക്ഷ്യങ്ങള്‍ മുന്നിലുണ്ട്. പുതുമുഖ താരങ്ങള്‍ക്ക് ആദ്യ വിദേശ പര്യടനമാണിത്. ഏഷ്യയില്‍ തന്നെ ആദ്യമായാണ് കളിക്കുന്നത്. എതിരാളികളെ കുറിച്ച് വ്യക്തമായ ധാരണയില്ല. എങ്കിലും ഫുട്ബാളിന്‍െറ സ്വഭാവം ഒന്നുതന്നെയാണ്. ഇന്ത്യന്‍ ഫുട്ബാളിന് മികച്ച മുന്നേറ്റം നല്‍കാനാവും ഈ ടൂര്‍ണമെന്‍െറന്ന് വിശ്വാസമുണ്ട്.’ -കോച്ച് ജൂലിയോ ഒലാര്‍ട്ടി കോഷ്യ പറഞ്ഞു.

ഗോള്‍കീപ്പര്‍മാര്‍: മത്യാസ് കപുറ്റോ, പെഡ്രോ സോസ, ഫകുന്‍ഡോ ഫെരീറോ. പ്രതിരോധം: ഫാബ്രിസിയോ പെരസ്, ഫ്രാങ്കോ മന്‍െറാവാനോ, റോഡ്രിഗോ ഇസ്കോ, മിഗ്വേല്‍ ബാര്‍ബിയേറി (ക്യാപ്റ്റന്‍), ക്രിസ്റ്റ്യന്‍ ബ്രോഗി, ക്രിസ്റ്റ്യന്‍ ഡാമിയന്‍ അമറില്ല. മധ്യനിര: പാസ് ഗോണ്‍സാലോ, ബ്രയാന്‍ മചൂക, ക്രിസ്റ്റ്യന്‍ കനാന്‍, ജൂലിയന്‍ ജിമിനസ്, അലന്‍ എസിക്വേല്‍, ബ്രയാന്‍ ഇമ്മാനുവേല്‍, മുന്നേറ്റം: മൗറോ ഓര്‍ടിസ്, സെര്‍ജിയോ അകോസ്റ്റ, എയ്ഞ്ചല്‍ സെക്യൂര, മില്‍ടന്‍ ജെമിനസ്, ജൂനിയര്‍ മെന്‍ഡീറ്റ.
പരിചയസമ്പന്നരായ മ്യൂണിക് സംഘം
ജര്‍മന്‍ ബുണ്ടസ്ലിഗ രണ്ടാം ഡിവിഷന്‍ ടീം ടി.എസ്.വി 1860 മ്യൂണികിന്‍െറ നഴ്സറി കൂടിയാണ് 1860 മ്യൂണിക് അമച്വര്‍. ജര്‍മന്‍, ഓസ്ട്രിയ, സ്പാനിഷ്, സ്വിറ്റ്സര്‍ലന്‍ഡ് താരങ്ങളുമായാണ് കളത്തിലിറങ്ങുന്ന മ്യൂണിക് സംഘമാവും ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍ സംഘം. 30 കാരനായ നായകന്‍ ഡിഫന്‍ഡര്‍ മൈകല്‍ കൊകോസിന്‍സ്കി ബയേണ്‍ മ്യൂണിക് രണ്ട്, വാകേഴ്സ് ബര്‍ഗൂസന്‍ ക്ളബുകള്‍ക്ക് കളിച്ചിരുന്നു. ഗോള്‍കീപ്പര്‍മാരായ ഫ്രിറ്റ്സ് കായ്, ഫോര്‍മില നീകോ എന്നിവരും സീനിയര്‍ താരങ്ങള്‍. ബവേറിയന്‍ ഫുട്ബാള്‍ അസോസിയേഷനു കീഴിലെ റെജിയോനാലിഗ ബയേണ്‍ ലീഗ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ് 1860 മ്യൂണിക്.

ഗോള്‍കീപ്പര്‍:  ഫ്രിറ്റ്സ്കായ്, നികോ ഫോര്‍മെല. പ്രതിരോധം: ലൂകാസ് ഐഗ്നര്‍, മൈകല്‍ കൊകോസിന്‍സ്കി, ക്രിസ്റ്റ്യന്‍ കോപല്‍,  എയ്ഞ്ചലോ മായെര്‍, ആന്ദ്രെ ഷീഡല്‍, ഫെലിക്സ് വെബര്‍. മധ്യനിര: നികോളസ് അന്‍ഡര്‍മാറ്റ്, ലൂകാസ് ഗെന്‍കിങ്ജര്‍, നികോളസ് ഹെല്‍ബ്രഷ്റ്റ്, ഫാബിയന്‍ ഹര്‍സ്ലര്‍, ഫോട്ടി കാറ്റിഡസ്, ജിമ്മി മാര്‍ടന്‍, കെവിന്‍ ടെലസ്, സൈമണ്‍ സെഫ്റിങ്സ്. മുന്നേറ്റം: ഫെലിക്സ് ബാഷ്മിഡ്, മത്യാസ് ലെറ്റ്നര്‍, ഫ്ളോറിന്‍ പെപിയര്‍, ലഡ്വിഗ് സ്റ്റെയ്ന്‍ ഹാര്‍ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.