വിവാ ബ്രസീൽ

കോഴിക്കോട്: സര്‍വപ്രതാപത്തോടെ മലയാള ഫുട്ബാള്‍ പ്രേമികളുടെ നാഗ്ജി കപ്പ് തിരിച്ചത്തെി. കാല്‍പന്തിന്‍െറ വീറുറ്റ കഥകളുറങ്ങുന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനിയില്‍ ബ്രസീലിയന്‍ പാരമ്പര്യവുമായത്തെിയ അത് ലറ്റികോ പരാനെന്‍സ് ഇരട്ടഗോള്‍ ജയവുമായി പുതുതുടക്കത്തിന് പ്രൗഢി നല്‍കിയപ്പോള്‍, ഗാലറിയിലൊഴുകിയത്തെിയ 28,000ത്തോളം വരുന്ന കാണികള്‍ കളിയെ തങ്ങള്‍ നെഞ്ചേറ്റിയെന്നും പ്രഖ്യാപിച്ചു. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വാറ്റ്ഫോഡ് എഫ്.സിയുടെ യൂത്ത് സംഘത്തെ കളിയുടെ രണ്ടാം പകുതിയിലെ 60, 62 മിനിറ്റുകളില്‍ പിറന്ന ഗോളുകളിലൂടെയാണ് പരാനെന്‍സ് കീഴടക്കിയത്.
മുന്നേറ്റനിര താരം ലൂയിസ് സോറസിന്‍െറ വകയായിരുന്നു ആദ്യ ഗോള്‍. ഒന്നാം ഗോളിന് വഴിയൊരുക്കിയ 10ാം നമ്പറുകാരന്‍ ജൊവോ പെഡ്രോ ഹെനിന്‍െറ ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ രണ്ടാം ഗോളും പിറന്നു.
കിക്കോഫിനുമുമ്പേ ഗാലറിയിലേക്കൊഴുകിയത്തെിയ ഫുട്ബാള്‍ പ്രേമികളുടെ ആവേശത്തിനിടയിലേക്കായിരുന്നു പ്രിയസംഘങ്ങളുടെ ഇറക്കം. പരാനെന്‍സ് കറുപ്പും ചുവപ്പും വരകളോടെയുള്ള ടീം ജഴ്സിയിലത്തെിയപ്പോള്‍ വാറ്റ്ഫോഡ് ചുവപ്പും മഞ്ഞയും നിറത്തിലും ഗ്രൗണ്ട് കൈയടക്കി.

മെല്ലെത്തുടങ്ങി, കത്തിക്കയറി ബ്രസീല്‍
കേട്ടറിഞ്ഞ എതിരാളിക്കു മുന്നില്‍ ആദ്യമായി ബൂട്ടണിഞ്ഞതിന്‍െറ ഞെട്ടല്‍ മാറാന്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നിന്നത്തെിയ വാറ്റ്ഫോഡിന് കുറച്ചുസമയം വേണ്ടിവന്നു. ആദ്യ പകുതിയുടെ ഏറിയ പങ്കും ബ്രസീലിയന്‍ അടവുകളുമായി കളംനിറഞ്ഞ അത്ലറ്റികോ പരാനെന്‍സിന്‍െറ ബൂട്ടിലായിരുന്നു.
പ്രതിരോധത്തില്‍ നാലുപേരെ നിര്‍ത്തി വിങ്ങിലൂടെയുള്ള ആക്രമണത്തിന് തന്ത്രങ്ങള്‍ മെനഞ്ഞ പരാനിയന്‍സ് മികച്ച ചില മുന്നേറ്റങ്ങളുമായി ഗാലറിയെ കൈയിലെടുത്തു. അപരിചിതരായ എതിരാളികള്‍ക്കുനേരെ ആക്രമണം ആയുധമാക്കിയായിരുന്നു ബ്രസീല്‍ സംഘത്തിന്‍െറ മുന്നേറ്റം. ഇടതുവിങ്ങില്‍ നിലയുറപ്പിച്ച ഗുസ്താവോ കസ്കാര്‍ഡോ അസിസിലൂടെ മധ്യവര കടന്ന് പറന്ന പന്തുകളുമായി 10ാം നമ്പറുകാരന്‍ ജൊവോ പെഡ്രോയും 11ാം നമ്പറുകാരന്‍ ആന്ദ്രെ ലൂയി കോസ്റ്റയും ഇംഗ്ലീഷ് ഗോള്‍മുഖത്ത് റെയ്ഡുകള്‍ ആരംഭിച്ചു.
ഒന്നാം മിനിറ്റില്‍ തന്നെ പരാനെന്‍സിന്‍െറ മൂര്‍ച്ച വാറ്റ്ഫോഡ് അറിഞ്ഞു. ആദ്യ 15 മിനിറ്റിനുള്ളില്‍ മൂന്നിലേറെ അവസരങ്ങള്‍ മഞ്ഞപ്പടയുടെ നാട്ടുകാര്‍ തീര്‍ത്തപ്പോള്‍ ഇംഗ്ലീഷ് ഗോള്‍മുഖത്തുനിന്ന് പന്തുകള്‍ ഭാഗ്യംകൊണ്ടുമാത്രം വഴിമാറുകയായിരുന്നു. 25ാം മിനിറ്റില്‍ പരാനെന്‍സിന്‍െറ ഗോളെന്നുറപ്പിച്ച നീക്കത്തിനും ഗ്രൗണ്ട് സാക്ഷിയായി. ടൂര്‍ണമെന്‍റില്‍ ബുദ്ധിയും സൗന്ദര്യവും ഇഴചേര്‍ന്ന ആദ്യ നീക്കം. മധ്യനിരയില്‍നിന്ന് നികളസ് വിചിയാതോ നല്‍കിയ ഹൈബാള്‍ ക്രോസ് പെനാല്‍റ്റി ബോക്സില്‍ സ്വീകരിച്ച ആന്ദ്രെ ലൂയിസ് കോസ്റ്റ രണ്ടു വാറ്റ്ഫോഡ് പ്രതിരോധത്തെ വകഞ്ഞുമാറ്റി നല്‍കിയ ബാക് ഹീല്‍ ക്രോസ് ജൊവാവോ ആഞ്ഞടിച്ചുകയറ്റിയെങ്കിലും വാറ്റ്ഫോഡ് ഗോളി ലൂക് സിംപ്സന്‍െറ കൈകളില്‍ അവസാനിച്ചു. തൊട്ടുപിന്നാലെ വാറ്റ്ഫോഡിന്‍െറ ശ്രദ്ധേയ നീക്കത്തിനും ഗ്രൗണ്ട് സാക്ഷ്യംവഹിച്ചു.
പതിയെ മൈതാനത്തെ പരിചയപ്പെട്ട വാറ്റ്ഫോഡും തിരിച്ചടിച്ചു തുടങ്ങി. ഇതോടെ, ഇരുപക്ഷവും പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ കളിയും വിരസമായി.
രണ്ടാം പകുതിയിലാണ് ഗ്രൗണ്ട് വീണ്ടുമുണര്‍ന്നത്. രണ്ടും കല്‍പിച്ച് വിങ്ങിലൂടെ കളി ശക്തമാക്കിയ വാറ്റ്ഫോഡിനെ മധ്യനിരയും വിങ്ങും ഒരുപോലെ ചലിപ്പിച്ചുകൊണ്ടാണ് പരാനെന്‍സ് തിരിച്ചടിച്ചത്. നിറഞ്ഞുകളിച്ച എട്ടാം നമ്പറുകാരന്‍ വെസ്ലി ലിമയും ആന്ദ്രെ ലൂയിസും ചേര്‍ന്നതോടെ പരാനെന്‍സിന്‍െറ വിജയം ആധികാരികമായി.

ഗോള്‍ഡന്‍ മൊമന്‍റ്സ്
60ാം മിനിറ്റ്: ഇടതു വിങ്ങിലൂടെയുള്ള നീക്കത്തില്‍ പന്ത് പെനാല്‍റ്റി ബോക്സിനുള്ളിലത്തെിയപ്പോള്‍ ജൊവോ മറിച്ചുനല്‍കിയ പന്ത് വാറ്റ്ഫോഡ് പ്രതിരോധനിരയെ വീഴ്ത്തി 18ാം നമ്പര്‍ താരം ലൂയിസ് സോറസ് വലയിലേക്ക് നിറച്ചപ്പോള്‍ ഗാലറി അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു.
62ാം മിനിറ്റ്: ആദ്യ ഗോളിന്‍െറ ഞെട്ടല്‍ മാറും മുമ്പേ വാറ്റ്ഫോഡ് വല വീണ്ടും കുലുങ്ങി. മധ്യനിരയില്‍നിന്ന് വെസ്ലി ലിമ നല്‍കിയ ക്രോസില്‍നിന്ന് ജൊവോയുടെ ഒറ്റയാന്‍ മുന്നേറ്റം. വലതുവിങ്ങില്‍നിന്ന് ഒപ്പമോടിയ ഇംഗ്ലീഷ് താരങ്ങളെയെല്ലാം വകഞ്ഞുമാറ്റിയ 10ാം നമ്പറുകാരന്‍െറ നീക്കങ്ങള്‍ക്ക് കണ്ടുശീലിച്ച ബ്രസീലിയന്‍ സ്പര്‍ശം. പെനാല്‍റ്റി ബോക്സിനകത്തുനിന്നു മൂന്ന് വാറ്റ്ഫോഡ് ഡിഫന്‍ഡര്‍മാരെക്കൂടി കബളിപ്പിച്ച് പന്ത് ബോക്സിന്‍െറ മൂലയിലേക്ക്. 2-0ത്തിന് ബ്രസീലിയന്‍ ജയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.