ഗോവയെ വീഴ്ത്തി മുംബൈ സിറ്റി ഐ.എസ്.എൽ ഫൈനലിൽ

മുംബൈ: ഐ.എസ്.എൽ സെമി ഫൈനലിൽ എഫ്.സി ഗോവക്കെതിരെ ആധികാരിക ജയവുമായി മുംബൈ സിറ്റി എഫ്.സി ഫൈനലിൽ പ്രവേശിച്ചു. ഇരു പാദ മത്സരങ്ങളിലുമായി 5-2നാണ് മുംബൈയുടെ ജയം. ഗോവയിൽ 3-2ന് ആതിഥേയരെ പരാജയപ്പെടുത്തിയ ഇവർ രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോൾ വിജയവും നേടി. മേയ് നാലിന് കൊൽക്കത്തയിൽ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനാണ് മുംബൈയുടെ എതിരാളികൾ.

മത്സരത്തിലുടനീളം മുൻതൂക്കം പുലർത്തിയ മുംബൈക്ക് നിരവധി അവസരങ്ങളും ലഭിച്ചു. പത്താം മിനിറ്റിൽ ലലിൻസുവാല ചാങ്തെയുടെ ഷോട്ട് ഗോവ ഗോളി രക്ഷപ്പെടുത്തി. 22ാം മിനിറ്റിൽ മുംബൈക്ക് അനുകൂലമായി ഫ്രീ കിക്ക്. ടിറിയുടെ ഹെഡ്ഡർ നേരിയ വ്യത്യാസത്തിൽ പുറത്ത്. 35ാം മിനിറ്റിൽ മറ്റൊരു സുവർണാവസരം. ഗോളിയെയും മറികടന്ന് ചാങ്തെ പോസ്റ്റിലേക്കടിച്ചെങ്കിൽ ബാറിൽത്തട്ടി. 

രണ്ടാം പകുതിയിൽ 69ാം മിനിറ്റിലാണ് മുംബൈ ആദ്യ ലീഡെടുക്കുന്നത്.  വാൻ നീഫിന്റെ കോർണർ കിക്ക് പോസ്റ്റിലേക്ക് രാഹുൽ ഭേകെ ഹെഡ് ചെയ്തു. ഗോളി നിലത്ത് വീണ് രക്ഷപ്പെടുത്തവെ റീബൗണ്ട് ചെയ്ത പന്ത് ജോർജ് പെരേര ഡയസ് വലയിലാക്കി. 83ാം മിനിറ്റിൽ ചാങ്തെയാണ് ലീഡ് ഇരട്ടിയാക്കുന്നത്.  കൗണ്ടർ അറ്റാക്കിൽ വിക്രം പ്രതാപ് സിങ്ങിന്റെ ക്രോസ് ചാങ്തെ പിഴവുകളില്ലാതെ വലയിലാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.