ആറടിച്ച്​ ബ്രസീൽ ഒളിമ്പിക്​സ്​ ഫുട്​ബോൾ ഫൈനലിൽ

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഫുട്‌ബോളില്‍ ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചു. ഹോണ്ടുറാസിനെ എതിരില്ലാത്ത ആറു ഗോളിന് തകര്‍ത്താണ് ബ്രസീല്‍ കലാശക്കളിക്ക് യോഗ്യത നേടിയത്. നൈജീരിയ -– ജര്‍മ്മനി മത്സരത്തില്‍ നിന്നുള്ള വിജയിയെ ആയിരിക്കും ബ്രസീല്‍ ഫൈനലില്‍ നേരിടുക

നായകന്‍ നെയ്മറും ഗബ്രിയേല്‍ ജീസസും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് ബ്രസീല്‍ കളിച്ചത്. കളി തുടങ്ങി 13ാം സെക്കന്റില്‍ തന്നെ നെയ്മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു അത്. 26,35 മിനിറ്റുകളിലായിരുന്നു ഗബ്രിയേല്‍ ജീസസിന്റെ ഗോളുകള്‍.

രണ്ടാം പകുതിയില്‍ മാര്‍ക്യിഞ്ഞോസിന്റെ ഗോളോടെ ബ്രസീല്‍ അഞ്ച്​ ഗോളുകൾക്ക്​ മുന്നിലെത്തി. ഹോണ്ടുറാസിന്റെ പ്രതിരോധം പലപ്പോഴും പാളിയപ്പോള്‍ 79ാം മിനിറ്റില്‍ ലുവാനിലൂടെ വീണ്ടും ലീഡെടുത്ത ബ്രസീല്‍ വിജയമുറപ്പിച്ചു. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിനെ ഫൈനലിലേക്കെത്തിച്ചു.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ചാണ് ഹോണ്ടുറാസ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. എന്നാല്‍ പോര്‍ച്ചുഗലിനോട് തോല്‍വിയും ഹോണ്ടുറാസിനോട് സമനിലയും വഴങ്ങിയ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.