മെസി ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു

ബ്വേനസ് എയ്റിസ്: ഒരിക്കല്‍ മനംമടുത്ത് കളിമതിയാക്കിയവര്‍ തിരിച്ചുവന്ന ചരിത്രം കായികലോകത്ത് ഏറെയുണ്ട്. സിനദിന്‍ സിദാനും ലൂയിസ് ഫിഗോയും മാതൃകകാണിച്ച മടങ്ങിവരല്‍ വഴിയിലൂടെ ലയണല്‍ മെസ്സി വീണ്ടും നീലക്കുപ്പായമണിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായ വാര്‍ത്തകള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലെടുത്ത വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് രാജ്യത്തിനുവേണ്ടി വീണ്ടും കളിക്കാന്‍ സന്നദ്ധമാണെന്ന് മെസ്സി അറിയിച്ചതായി അര്‍ജന്‍റീനന്‍ കോച്ച് എഡ്ഗാര്‍ഡോ ബൗസയാണ് വ്യക്തമാക്കിയത്. അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ലിയോയെ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റശേഷം രാജ്യാന്തര ഫുട്ബാളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മടങ്ങിയ മെസ്സി തിരിച്ചുവരണമെന്ന് ഫുട്ബാള്‍ ലോകം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനാണ് ഇപ്പോള്‍ ഉത്തരമുണ്ടായിരിക്കുന്നത്. അര്‍ജന്‍റീനയുടെ പുതിയ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയുമായി ബാഴ്സലോണയില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് മെസ്സി മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ചത്. രാജ്യത്തിനുവേണ്ടി തനിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും ടീമിനോടുള്ള സ്നേഹംകൊണ്ടാണ് മടങ്ങിവരവിനെ കുറിച്ച് ആലോചിക്കുന്നതെന്നും മെസ്സി പ്രസ്താവനയില്‍ പറഞ്ഞു. അര്‍ജന്‍റീനന്‍ ഫുട്ബാളില്‍ നിരവധി പ്രശ്നങ്ങളുണ്ട്. ഇതെല്ലാം പരിഹരിക്കപ്പെടണം. ടീമിനുള്ളില്‍നിന്ന് പരിഹരിക്കാനാണ് തനിക്ക് ആഗ്രഹം. പുറത്തുനിന്ന് വിമര്‍ശം നടത്തുന്നതില്‍ താല്‍പര്യമില്ല. കോപ ഫൈനലിലെ പരാജയത്തിനുശേഷം വൈകാരികമായ ചിന്തകള്‍ ഉടലെടുത്തതോടെയാണ് വിരമിക്കാന്‍ തീരുമാനിച്ചത്. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. എന്നാല്‍, രാജ്യത്തോടും അര്‍ജന്‍റീനന്‍ കുപ്പായത്തോടുമുള്ള സ്നേഹം എന്നെ തിരിച്ചുവരാന്‍ പ്രേരിപ്പിക്കുന്നുവെന്നും മെസ്സി പറഞ്ഞു.

ഒളിമ്പിക്സില്‍ അര്‍ജന്‍റീനന്‍ യുവനിരയുടെ മോശം പ്രകടനം മെസ്സിയെ തിരിച്ചുവിളിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചു. സെപ്റ്റംബര്‍ ഒന്നിന് ഉറുഗ്വായ്ക്കെതിരെയാണ് അര്‍ജന്‍റീനയുടെ അടുത്ത യോഗ്യതാ മത്സരം. ആറിന് വെനിസ്വേലക്കെതിരെയും മത്സരമുണ്ട്. ഈ രണ്ട് കളികളിലും മെസ്സി ഇറങ്ങുമെന്നാണ് സൂചന. മെസ്സിക്ക് പുറമെ അഗ്യൂറോ, സബലേറ്റ, ലമേല, റോജോ എന്നിവരും ടീമിലുണ്ടാവും. എന്നാല്‍, മെസ്സിക്കൊപ്പം വിരമിച്ച പ്രതിരോധ നിര താരം മഷറാനോക്ക് ഇടംനല്‍കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.