സിറ്റിക്കും ചെല്‍സിക്കും ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്‍െറ ആദ്യപാദത്തിനുള്ള ഒരുക്കം ഗംഭീരമാക്കി. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ സ്റ്റോക് സിറ്റിയെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് മാനുവല്‍ പെല്ലഗ്രിനിയുടെ കുട്ടികള്‍ തകര്‍ത്തുവിട്ടത്. നൈജീരിയന്‍ കൗമാരതാരം കെലെച്ചി ഇയനാച്ചോ രണ്ടും ഫെര്‍ണാണ്ടോയും സെര്‍ജി അഗ്യൂറോയും ഓരോ ഗോള്‍ വീതവും നേടി. ജയത്തോടെ 35 കളികളില്‍നിന്ന് 64 പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ മൂന്നാമതായി. ചൊവ്വാഴ്ചയാണ് ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ സിറ്റി റയല്‍ മഡ്രിഡിനെ നേരിടുന്നത്.

മറ്റു മത്സരങ്ങളില്‍ ചെല്‍സി 4-1ന് ബേണ്‍മൗത്തിനെയും സതാംപ്ടണ്‍ 4-2ന് ആസ്റ്റണ്‍വില്ലയെയും തോല്‍പിച്ചു. ന്യൂകാസില്‍- ലിവര്‍പൂള്‍ മത്സരം സമനിലയില്‍ അവസാനിച്ചു (2-2). പരിക്കലട്ടിയ സീസണില്‍ ആദ്യമായി വലകുലുക്കിയ ഈഡന്‍ ഹസാര്‍ഡ് ചെല്‍സിക്കുവേണ്ടി രണ്ടു ഗോള്‍ നേടി. പെഡ്രോയുടെയും വില്യന്‍െറയും വകയായിരുന്നു മറ്റു ഗോളുകള്‍. ടോമി എല്‍ഫിക് ആണ് ബേണ്‍മൗത്തിന്‍െറ ഏക ഗോളിനുടമ. രണ്ടു ഗോളിന് പിന്നിലായ ശേഷമാണ് ലിവര്‍പൂളിനെതിരെ ന്യൂകാസില്‍ സമനില പിടിച്ചത്. ഡാനിയല്‍ സ്റ്ററിജും ആദം ലല്ലാനയുമാണ് ലിവര്‍പൂളിന്‍െറ സ്കോറര്‍മാര്‍. പാപി സിസെയും ജാക് കോള്‍ബാക്കും ന്യൂകാസിലിനായി തിരിച്ചടിച്ചു. 34 കളികളില്‍നിന്ന് 47 പോയന്‍റുമായി ചെല്‍സി പോയന്‍റ് നിലയില്‍ പത്താമതാണ്. 55 പോയന്‍റുള്ള ലിവര്‍പൂള്‍ ഏഴാമതും.

ചാമ്പ്യന്‍സ് ലീഗ് മനസ്സില്‍ കണ്ട മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് ക്യാപ്റ്റന്‍ വിന്‍സന്‍റ് കൊംപനിയെയും കെവിന്‍ ഡി ബ്രൂയിനെയും കരക്കിരുത്തി. ബെല്‍ജിയന്‍ താരദ്വയത്തിന്‍െറ അഭാവം കളിക്കളത്തില്‍ പ്രതിഫലിച്ചില്ല. പതിഞ്ഞ തുടക്കത്തിനുശേഷം മാഞ്ചസ്റ്റര്‍ സിറ്റി കളം ഭരിച്ചു. ആദ്യപകുതിയില്‍ തന്നെ പിറന്നത് രണ്ടു ഗോളുകള്‍. കോര്‍ണര്‍ കിക്കില്‍ നിന്നത്തെിയ പന്തില്‍ ഫെര്‍ണാണ്ടോ ഗംഭീര ഹെഡറിലൂടെ സ്റ്റോക് സിറ്റിയുടെ വെറ്ററന്‍ ഗോളി ഷായ് ഗിവണിനെ കീഴടക്കി. ഇയനാച്ചോയെ സ്റ്റോക് സിറ്റി താരം റ്യാന്‍ ഷാക്രോസ് ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. കിക്ക് അഗ്യൂറോ ലക്ഷ്യത്തിലത്തെിച്ചു. പ്രീമിയര്‍ ലീഗില്‍ അഗ്യൂറോയുടെ 101ാം ഗോളായിരുന്നു അത്.

പരിക്കേറ്റ ഗിവണിന് പകരം രണ്ടാം പകുതിയില്‍ ജേക്കബ് ഹ്വാഗാര്‍ഡാണ് സ്റ്റോക് സിറ്റിയുടെ വല കാത്തത്. രണ്ടാം പകുതിയുടെ തുടക്കം സ്റ്റോക് സിറ്റിയാണ് കളംനിറഞ്ഞത്. എന്നാല്‍, കളിയുടെ ഗതിക്ക് വിപരീതമായി 64ാം മിനിറ്റില്‍ ഇയനാച്ചോ മാഞ്ചസ്റ്ററിന്‍െറ മൂന്നാം ഗോള്‍ നേടി.
മാഞ്ചസ്റ്ററിനായി 300ാം മത്സരം കളിക്കുന്ന പാബ്ളോ സബലേറ്റയുടെ സഹായത്താലായിരുന്നു ഗോള്‍. കൃത്യം 10 മിനിറ്റിനുശേഷം നൈജീരിയന്‍ താരത്തിന്‍െറ രണ്ടാം ഗോള്‍. പകരക്കാരന്‍ വില്‍ഫ്രെഡ് ബോണിയുടെ പാസായിരുന്നു ഇയനാച്ചോയുടെ ഗോളിന് വഴികാട്ടിയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.