സാഞ്ചസിന്  ഡബ്ള്‍; ആഴ്സനലിന് ജയം (2-0)

ലണ്ടന്‍: അലക്സിസ് സാഞ്ചസിന്‍െറ ഇരട്ടഗോള്‍ മികവില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനല്‍ വെസ്റ്റ് ബ്രോംവിച്ചിനെതിരെ (2-0) ജയിച്ചുകയറി. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ 500ാം വിജയമാണ് ഗണ്ണേഴ്സ് സ്വന്തം മൈതാനത്ത് എഴുതിച്ചേര്‍ത്തത്. നിര്‍ണായക വിജയത്തോടെ കിരീടപ്പോരാട്ടം കനപ്പിക്കാനും വെങ്ങറുടെ കുട്ടികള്‍ക്ക് സാധിച്ചു. ആറാം മിനിറ്റിലും 38ാം മിനിറ്റിലുമായിരുന്നു സാഞ്ചസിന്‍െറ ഗോളുകള്‍. ഒരു സമനിലപോലും പോയന്‍റ് പട്ടികയിലെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന തിരിച്ചറിവില്‍ പന്തുതട്ടാനിറങ്ങിയ ആഴ്സനല്‍ ആദ്യവസാനം ആധിപത്യമുറപ്പിച്ചു. അപകടകരമാകുമെന്ന് തോന്നിക്കാത്ത ഒരു നീക്കത്തില്‍നിന്നായിരുന്നു സാഞ്ചസ് എതിര്‍പ്രതിരോധത്തെ കബളിപ്പിച്ച് ഗോള്‍ നേടിയത്. ബോക്സിനു പുറത്തുനിന്ന് പാസ് സ്വീകരിച്ച് പ്രതിരോധനിരക്കാരനെ വെട്ടിച്ച് തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ഗോളിക്ക് പിടികൊടുക്കാതെ വലയില്‍ കയറി.

38ാം മിനിറ്റിലായിരുന്നു രണ്ടാം ഗോളിന്‍െറ പിറവി. ബോക്സിന് തൊട്ടുവെളിയില്‍നിന്ന് ആരോണ്‍ റാംസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് വലയിലത്തെിച്ചാണ് സാഞ്ചസ് പട്ടിക പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ആറു ലീഗ് മത്സരങ്ങളില്‍നിന്ന് സാഞ്ചസിന്‍െറ ആറാമത്തെ ഗോളാണ് പിറന്നത്. രണ്ടാം പകുതിയില്‍ ഇരു നിരയും ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും വലകുലുങ്ങിയില്ല. ഇതോടെ 34 കളികളില്‍നിന്ന് 63 പോയന്‍റ് നേടിയ ആഴ്സനല്‍ മൂന്നാം സ്ഥാനത്തത്തെി. 73 പോയന്‍റുള്ള ലെസ്റ്റര്‍ സിറ്റിയും 68 പോയന്‍റുള്ള ടോട്ടന്‍ ഹാമുമാണ് ആഴ്സനലിന് മുന്നില്‍. രണ്ടു പോയന്‍റ് മാത്രം വ്യത്യാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗണ്ണേഴ്സിന് ഭീഷണിയായി തൊട്ടുപിന്നിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.