ഐ ലീഗിന് സൂപ്പര്‍ ക്ലൈമാക്സ്; ഇന്ന് ജയിച്ചാല്‍ ബംഗളൂരു ചാമ്പ്യന്മാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാമ്പ്യന്‍ ഫുട്ബാള്‍ ക്ളബാവാനുള്ള ഐ ലീഗ് പോരാട്ടത്തിന് ഞായറാഴ്ച സൂപ്പര്‍ കൈ്ളമാക്സ്. കഴിഞ്ഞ സീസണില്‍ ‘ഫൈനല്‍’ ആയി മാറിയ അവസാന ലീഗ് മത്സരത്തില്‍ മോഹന്‍ ബഗാനോട് തോറ്റ് കിരീടം അടിയറവു വെച്ച മുന്‍ ചാമ്പ്യന്‍ ബംഗളൂരു എഫ്.സിക്ക് ഇന്ന് ജയിച്ചാല്‍ ഇന്ത്യയിലെ ചാമ്പ്യന്‍ ക്ളബാവാം. സ്വന്തം ഗ്രൗണ്ടില്‍ ഗോവന്‍ ക്ളബായ സാല്‍ഗോക്കറിനെതിരെയാണ് സുനില്‍ ഛേത്രിയുടെ സംഘം നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നത്. ഒരു കളി ബാക്കി നില്‍ക്കെയാണ് ബംഗളൂരുവിന് മുന്നില്‍ കിരീട സാധ്യത തുറക്കുന്നത്. അതേസമയം, ഞായറാഴ്ചയിലെ സൂപ്പര്‍ കൈ്ളമാക്സില്‍ തോറ്റാല്‍ 24ന്‍െറ സൂപ്പര്‍ സണ്‍ഡേ ഈ സീസണ്‍ ജേതാക്കളെ  തീരുമാനിക്കും. കിരീടപ്പോരാട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ബംഗളൂരുവും മോഹന്‍ ബഗാനും തമ്മില്‍ കൊല്‍ക്കത്തയിലാണ് അവസാന അങ്കം.

സണ്‍ഡേ കൈ്ളമാക്സ്

14 കളിയില്‍ ഒമ്പതു ജയവുമായി 29 പോയന്‍റാണ് ബംഗളൂരുവിന്‍െറ സമ്പാദ്യം. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന് 15 കളിയില്‍ ഏഴ് ജയവുമായി 27 പോയന്‍റും. ബംഗളൂരുവിന് രണ്ടും ബഗാന് ഒന്നും മത്സരങ്ങള്‍ അവശേഷിക്കുമ്പോള്‍ ചാമ്പ്യന്മാരെ ഇന്നുതന്നെ നിശ്ചയിക്കപ്പെടാനുള്ള സാധ്യത ഏറെ. ബഗാനുമായി രണ്ട് പോയന്‍റ് വ്യത്യാസമുള്ള ബംഗളൂരുവിന് രണ്ട് പോയന്‍റ് കൂടി നേടാനായാല്‍ കിരീടം സ്വന്തമാക്കാം. ഇന്നത്തെ പോരാട്ടത്തില്‍ സാല്‍ഗോക്കറിനെതിരെ ജയിച്ച് നേരത്തെ തന്നെ ചാമ്പ്യന്‍പട്ടമുറപ്പിക്കാനാണ് കോച്ച് ആഷ്ലി വുഡും നായകന്‍ ഛേത്രിയും ഇന്നിറങ്ങുന്നത്. ഏറ്റവുമൊടുവില്‍ എ.എഫ്.സി കപ്പില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്‍െറ ആത്മവിശ്വാസവും ഐ ലീഗിലെ ആദ്യ പ്രഫഷനല്‍ ക്ളബിന്‍െറ മനോവീര്യം കൂട്ടുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടാം ഐ ലീഗ് കിരീടമാണ് ബംഗളൂരുവിനെ കാത്തിരിക്കുന്നത്. ആദ്യ സീസണില്‍ മിന്നും പ്രകടനത്തോടെ കിരീടമുറപ്പിച്ച ബംഗളൂരുവിന് കഴിഞ്ഞ സീസണില്‍ തലനാരിഴ വ്യത്യാസത്തിലാണ് കാലിടറിയത്. അവസാന പോരാട്ടം വരെ ഒന്നാമതായി കുതിച്ച നീലപ്പട, ബഗാനെതിരായ ‘ഫൈനല്‍’ അങ്കത്തില്‍ കീഴടങ്ങി.

പക്ഷേ, ഇക്കുറി ബഗാനായിരുന്നു മുന്നില്‍. 12 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ചവരെ മാര്‍ച്ച് 26ന് പുതുമുഖക്കാരായ ഐസ്വാള്‍ 2-1ന് അട്ടിമറിച്ചു. അടുത്ത മത്സരത്തില്‍ ഈസ്റ്റ്ബംഗാളിനോടും ഇതേ സ്കോറിന് തോല്‍വി. ഏപ്രില്‍ അഞ്ചിന് ഷില്ളോങ് ലജോങ്ങിനോടും ഒമ്പതിന് ശിവാജിയന്‍സിനോടും സമനില പിടിച്ച് തിരിച്ചത്തെിയപ്പോഴേക്കും ബംഗളൂരു മുന്നില്‍ കയറി.

ഈസ്റ്റ് ബംഗാളിന് കിരീടമില്ലാത്ത വ്യാഴവട്ടം

കിരീടപ്പോരാട്ടത്തില്‍ ബഗാനും ബംഗളൂരുവിനുമൊപ്പം കുതിച്ച ഈസ്റ്റ് ബംഗാള്‍ ഒടുവില്‍ കീഴടങ്ങി. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ സ്പോര്‍ട്ടിങ് ഗോവയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ ബംഗാള്‍ സംഘം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജയിച്ചാല്‍ രണ്ടിലേക്ക് കയറി 24ന്‍െറ സൂപ്പര്‍ സണ്‍ഡേയില്‍ കിരീടപ്രതീക്ഷ നിലനിര്‍ത്താമെന്ന മോഹമാണ് അട്ടിമറിഞ്ഞത്. ദേശീയ കിരീടമില്ലാത്ത 12 വര്‍ഷം. നേരത്തെ നാഷനല്‍ ഫുട്ബാള്‍ ലീഗില്‍ മൂന്നു തവണ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാള്‍ 2003-04 സീസണിലാണ് അവസാനമായി മുത്തമിട്ടത്. 2007 മുതല്‍ ഐ ലീഗായിട്ടും ഒരുതവണ പോലും കിരീടമണിയാന്‍ കഴിഞ്ഞില്ല. ഷില്ളോങ് ലജോങ്ങിനെതിരെയാണ് അവസാന മത്സരം.

തരംതാഴാതിരിക്കാന്‍ ഐസ്വാള്‍ മുംബൈ

ഒമ്പതു ടീമുകള്‍ മാറ്റുരക്കുന്ന ലീഗില്‍ അവസാന സ്ഥാനക്കാരാണ് രണ്ടാം ഡിവിഷനിലേക്ക് പിന്തള്ളപ്പെടുക.  13 പോയന്‍റുള്ള മുംബൈ എഫ്.സിയും ഐസ്വാള്‍ എഫ്.സിയുമാണ് നിലവില്‍ അവസാന സ്ഥാനത്ത്. എന്നാല്‍, രണ്ട് കളികൂടി ബാക്കിയുള്ള മുംബൈക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്. 15 പോയന്‍റുമായി ഷില്ളോങ് ലജോങ്ങാണ് മറ്റൊരു ടീം.

പോയന്‍റ് പട്ടിക
ക്ളബ്, കളി, ജയം, സമനില, തോല്‍വി, പോയന്‍റ് ക്രമത്തില്‍
ബംഗളൂരു എഫ്.സി 14 -9-2-3-29
മോഹന്‍ ബഗാന്‍ 15-7-6-2-27
ഈസ്റ്റ്ബംഗാള്‍ 15-7-4-4-25
സ്പോര്‍ട്ടിങ് ഗോവ 15-4-7-4-19
സാല്‍ഗോക്കര്‍ 14-4-4-6-16

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.