ബ്ലാസ്റ്റേഴ്സിന്‍െറ കളരിയില്‍ പയറ്റിത്തെളിയാന്‍ കോഴിക്കോട്ടെ കുട്ടികള്‍

കോഴിക്കോട്: സചിന്‍െറ സ്വന്തം ടീം കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഫുട്ബാള്‍ സ്കൂളിലൂടെ കളിപഠിക്കാന്‍ കോഴിക്കോട്ടെ കുട്ടികള്‍ക്കും ഇനി അവസരം. പ്രഫഷനല്‍ പരിശീലനം ലഭ്യമാക്കി കഴിവുറ്റ ഫുട്ബാള്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് സ്കൂളിന്‍െറ ഉദ്ദേശ്യം. കേരള ബ്ളാസ്റ്റേഴ്സും  പ്രോഡിജി സ്പോര്‍ട്സും ചേര്‍ന്നുള്ള  ഫുട്ബാള്‍ സ്കൂളിന്‍െറ (കെ.ബി.എഫ്.എസ്) ഉദ്ഘാടനവും പരിശീലനവും മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍  ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും. ഫുട്ബാള്‍ കോച്ചുമാര്‍ക്കും പരിശീലനം നല്‍കും. കേരള ബ്ളാസ്റ്റേഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ ടെറി ഫെലാന്‍െറ കീഴില്‍ സി.എം. ദീപക്കിന്‍െറ നേതൃത്വത്തിലുള്ള പരിശീലകരാണ്  നയിക്കുക.

കേവലം ഫുട്ബാള്‍ മാത്രം പരിശീലിപ്പിക്കുന്നതിനല്ല ബ്ളാസ്റ്റേഴ്സ് സ്കൂള്‍സ് ശ്രമിക്കുന്നതെന്നും വളര്‍ന്നുവരുന്ന കുട്ടികളെ പ്രചോദിപ്പിച്ച് അവരുടെ ശരിയായ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും ടെറി ഫെലാന്‍ പറഞ്ഞു. ഫുട്ബാളിലെ അവരുടെ താല്‍പര്യവും കഴിവും വികസിപ്പിക്കുന്നതിനൊപ്പം ആത്മവിശ്വാസം നല്‍കി നല്ളൊരു താരമായി വളര്‍ത്തുന്ന തരത്തിലാണ് പരിശീലനം. ഫുട്ബാളിനൊപ്പം വളരണമെങ്കില്‍ ഭാഷയും ശാരീരിക ക്ഷമതയും നിര്‍ണായകമാണ്. ഇംഗ്ളീഷ് ഭാഷയില്‍ പ്രത്യേക പരിശീലനവും ഇവര്‍ക്ക് നല്‍കും. കളിക്കളത്തില്‍ എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് അവരെക്കൊണ്ടുതന്നെ കണ്ടത്തെുന്നു. കേരളത്തിലെ വളര്‍ന്നുവരുന്ന താരങ്ങളില്‍ താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.  യു.എസ്, ന്യൂസിലന്‍ഡ്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ പരിശീലകനായിരുന്ന ടെറി അയര്‍ലന്‍ഡ് ദേശീയ ടീം അംഗമായിരുന്നു.  

ആഗസ്റ്റ് 10ന് കൊച്ചിയിലും ഒക്ടോബര്‍ ആദ്യവാരം തൃശൂരും പരിശീലനം ആരംഭിച്ചിരുന്നു. 2001നും 2007നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്കാണ് അവസരം. ഒരോ കുട്ടിക്കും ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ വീതമുള്ള രണ്ടു സെഷനുകളിലാണ് പരിശീലനം. കളിയുടെ സാങ്കേതികത, തന്ത്രങ്ങള്‍, ശാരീരികവും മാനസികവുമായ വികസനം എന്നിവയുള്‍പ്പെട്ട ക്ളാസ് റൂം സെഷനുകളും ഉണ്ടാകും. ഫുട്ബാള്‍ കിറ്റിനും പ്രവേശഫീസിനുമായി 5000 രൂപ നല്‍കണം. ഓരോ മാസവും 2000 രൂപയാണ് പരിശീലന ഫീസ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കും. സ്കൂളിന്‍െറ കീഴില്‍ പ്രത്യേക ഫുട്ബാള്‍ ഫെസ്റ്റും നടത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്കൂളുകള്‍ തുടങ്ങാനാണ് ബ്ളാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 0495 6516004, 8137935681.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.