കളിയാവേശം സ്പെയിനിലേക്കും ഇറ്റലിയിലേക്കും

‘മണ്ണുംചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി’ എന്നപോലെയായി ഇംഗ്ളീഷ് ഫുട്ബാള്‍. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണയില്‍ പകരക്കാരുടെ ബെഞ്ചിലേക്ക് പിന്തള്ളപ്പെട്ട പെഡ്രോയുടെ ഇംഗ്ളീഷ് കൂടുമാറ്റശ്രമമായിരുന്നു കഴിഞ്ഞയാഴ്ചകളിലെ വാര്‍ത്തകള്‍. പെഡ്രോക്ക് വിലയിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രംഗത്തത്തെിയതോടെ താരം വാന്‍ഗലിന്‍െറ ചുവപ്പുസേനയില്‍ പന്തുതട്ടുമെന്നുറപ്പിച്ചു. അയല്‍ക്കാരായ സിറ്റിയും രംഗത്തത്തെിയിരുന്നു. 30 ദശലക്ഷം യൂറോ വേണമെന്നായിരുന്നു ബാഴ്സയുടെ ഡിമാന്‍റ്. പറ്റില്ളെന്ന് യുനൈറ്റഡും. വില്‍പനത്തുകയുടെ പേരില്‍ തര്‍ക്കം മുറുകുന്നതിനിടെ കയറി ഗോളടിച്ച് പെഡ്രോയുമായി സ്ഥലംവിട്ടിരിക്കയാണ് ഇംഗ്ളീഷ് ചാമ്പ്യന്‍ ചെല്‍സി. സ്പാനിഷ് താരത്തില്‍ മോഹിച്ച വാന്‍ഗലും പെല്ലഗ്രിനിയും വെറും കാഴ്ചക്കാരായി. പ്രീമിയര്‍ ലീഗ് ആദ്യ രണ്ടു മത്സരങ്ങളില്‍ തിരിച്ചടിയേറ്റ ചെല്‍സിക്ക് പ്രതീക്ഷ നല്‍കുന്നതാണ് പെഡ്രോയുടെ വരവ്. ഞായറാഴ്ച ആദ്യജയം തേടി വെസ്റ്റബ്രോമിനെതിരെ ഇറങ്ങുമ്പോള്‍ പെഡ്രോയും നീലപ്പടയുടെ കുപ്പായത്തിലുണ്ടാവും.
ആദ്യ രണ്ടു മത്സരവും ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി, ലിഷസ്റ്റര്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ വിജയപ്രതീക്ഷയില്‍ മൂന്നാം റൗണ്ടില്‍ ബൂട്ടണിയും. ഒന്നും ജയിക്കാത്ത ചെല്‍സി, ടോട്ടന്‍ഹാം ടീമുകള്‍ക്കും ആഴ്ചപോരാട്ടം നിര്‍ണായകം. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ചെല്‍സിയുടെ ഏറ്റവും മോശംതുടക്കമെന്ന പേരുദോഷവും ഇക്കുറി മൗറീന്യോ സ്വന്തമാക്കി.

ആഴ്ചയിലെ പ്രധാന പോരാട്ടം
ശനി: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് x ന്യൂകാസില്‍, ക്രിസ്റ്റല്‍ പാലസ് x ആസ്റ്റന്‍വില്ല, ലിഷസ്റ്റര്‍ x ടോട്ടന്‍ഹാം.
ഞായര്‍: വെസ്റ്റബ്രോം x ചെല്‍സി, എവര്‍ടന്‍ x മാഞ്ചസ്റ്റര്‍ സിറ്റി
തിങ്കള്‍: ആഴ്സനല്‍  x ലിവര്‍പൂള്‍


ഇംഗ്ളണ്ടിനും ജര്‍മനിക്കും പിന്നാലെ സ്പെയിനിലും ഇറ്റലിയിലും കിക്കോഫ് കുറിക്കുന്നതോടെ 10 മാസം നീളുന്ന യൂറോപ്യന്‍ ഫുട്ബാള്‍ കാര്‍ണിവലിന് തുടക്കമായി. സ്പെയിനില്‍ മലാഗ^സെവിയ്യ മത്സരത്തോടെ ശനിയാഴ്ച പുലര്‍ച്ചെതന്നെ ലാ ലിഗക്ക് തുടക്കംകുറിച്ചു. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ, പ്രതിരോധനിരയിലെ മൂര്‍ച്ചക്കുറവുകളോടെയാണ് പുതിയ സീസണിനൊരുങ്ങുന്നത്. പ്രീ സീസണിലെ മത്സരഫലങ്ങള്‍ അവരുടെ പ്രതിരോധ ചുമരുകളുടെ വിള്ളല്‍ തുറന്നുകാട്ടി. സീസണിലെ ആദ്യ മത്സരത്തില്‍ അത്ലെറ്റികോ ബില്‍ബാവോയാണ് ബാഴ്സയുടെ എതിരാളി. സ്പാനിഷ് സൂപര്‍ കപ്പില്‍ ബാഴ്സയെ നാണംകെടുത്തി നാളുകള്‍ക്കകം വീണ്ടും ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്. കിരീടം വീണ്ടെടുക്കാന്‍ പുതിയ കോച്ച് റഫ ബെനിറ്റസിനു കീഴില്‍ സര്‍വസജ്ജമാണ് റയല്‍ മഡ്രിഡ്. കപ്പുകളൊന്നുമില്ലാത്ത കഴിഞ്ഞ സീസണ്‍ മറന്നാവും റയല്‍ ആദ്യ മത്സരത്തില്‍ സ്പോര്‍ട്ടിങ് ജിയോണിനെതിരെ കളത്തിലിറങ്ങുന്നത്.

സ്പെയിനിലെ പ്രധാന കൂടുമാറ്റങ്ങള്‍: അര്‍ദ ടുറാന്‍ (അത്ലെറ്റികോ മഡ്രിഡില്‍നിന്ന് ബാഴ്സലോണയിലേക്ക്), ജാക്സന്‍ മാര്‍ടിനസ് (പോര്‍ടോയില്‍നിന്ന് അത്ലെറ്റികോയിലേക്ക്), ലൂസിയാനോ വീറ്റോ (വിയ്യാറയലില്‍നിന്ന് അത്ലെറ്റികോ മഡ്രിഡിലേക്ക്), യെഹെന്‍ നോപ്ളിയാങ്ക (നിപ്രൊയില്‍നിന്ന് സെവിയ്യയിലേക്ക്), സാമുവല്‍ കാസ്റ്റിലോ, സാമുവല്‍ ഗാര്‍ഷ്യ (മലാഗയില്‍നിന്ന് വിയ്യാറയലിലേക്ക്).
ഇറ്റലിയില്‍ സീസണിലെ ഉദ്ഘാടനപോരാട്ടത്തില്‍ ശനിയാഴ്ച വെറോനയും എ.എസ് റോമയും ഏറ്റുമുട്ടും. പന്തുരുളുംമുമ്പേ വിലയിരുത്തലില്‍

യുവന്‍റസ്തന്നെ ഇറ്റലിയിലെ കേമന്‍.
ഇറ്റലിയിലെ പ്രധാന കൂടുമാറ്റം: മരിയോ മാന്‍സുകിച് (അത്ലെറ്റികോ മഡ്രിഡില്‍നിന്ന് യുവന്‍റസിലേക്ക്), ലൂയിസ് അഡ്രിയാനോ (ഷാക്തര്‍^എ.സി മിലാന്‍), ജെഫ്രി കൊന്‍ഡോബിയ (മൊണാകോ^ഇന്‍റര്‍മിലാന്‍), സമി ഖെദീര (റയല്‍ മഡ്രിഡ്^യുവന്‍റസ്), എഡിന്‍ സെകോ (മാഞ്ചസ്റ്റര്‍ സിറ്റി^റോമ).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.