അദിതി ചൗഹാന്‍; പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ന്യൂഡല്‍ഹി: ഫുട്ബാള്‍ ലോകത്തെ അഭിമാന ലീഗായ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായൊരു ഇന്ത്യന്‍ സാന്നിധ്യം. ഇന്ത്യയുടെ വനിതാ ടീം ഗോള്‍കീപ്പര്‍ അദിതി ചൗഹാനാണ് ചരിത്രനേട്ടവുമായി ഇംഗ്ളീഷ് മണ്ണില്‍ കളിക്കാനിറങ്ങിയത്. പ്രീമിയര്‍ ലീഗ് ക്ളബായ വെസ്റ്റ്ഹാം യുനൈറ്റഡിന്‍െറ വനിതാ ടീമിലാണ് ഇന്ത്യന്‍താരം കളിക്കുന്നത്. എഫ്.എ വനിതാ പ്രീമിയര്‍ ലീഗ് സതേണ്‍ ഡിവിഷന്‍െറ പുതിയ സീസണില്‍ വെസ്റ്റ്ഹാമിന്‍െറ ആദ്യ മത്സരത്തില്‍ പകരക്കാരിയായാണ് അദിതി ഇറങ്ങിയത്. ഡല്‍ഹിയില്‍നിന്നുള്ള താരത്തിനെ സ്വന്തമാക്കിയ വാര്‍ത്ത ക്ളബ് ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. ബാസ്കറ്റ്ബാള്‍ ഉള്‍പ്പെടെയുള്ള കായികയിനങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയിരുന്ന അദിതി 15ാം വയസ്സില്‍ ഡല്‍ഹി അണ്ടര്‍ 19 ടീമിന്‍െറ വലകാത്തുകൊണ്ടാണ് സജീവ ഫുട്ബാളിലേക്കത്തെിയത്. 2012ല്‍ ശ്രീലങ്കയില്‍ നടന്ന വനിതകളുടെ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു അദിതി. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും രാജ്യത്തിനായി ഇറങ്ങിയതാരം നിലവില്‍ ഇംഗ്ളണ്ടില്‍ ഉപരിപഠനം നടത്തവെയാണ് പ്രീമിയര്‍ ലീഗിലും അരങ്ങേറിയത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ കവന്‍ട്രി യുനൈറ്റഡിനോട് 5-0ത്തിന് വെസ്റ്റ്ഹാം തോറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.