കൊൽക്കത്തയിൽ നിർമിച്ച മെസ്സി പ്രതിമ
കൊൽക്കത്ത: ഇന്ത്യയിലെ ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിൽ. ശനിയാഴ്ച കൊൽക്കത്തയിൽ ആരംഭിക്കുന്ന പര്യടന പരിപാടികൾക്ക് തിങ്കളാഴ്ച ഡൽഹിയിൽ സമാപനമാവും. മെസ്സിയുടെ സുഹൃത്ത് കൂടിയായ സ്പോർട്സ് പ്രമോട്ടർ ശതാദ്രു ദത്തയാണ് ‘ഗോട്ട്‘ ടൂറിന്റെ സംഘാടകൻ.
താരത്തോടുള്ള ആദരമായി ലോകകപ്പും കൈയിലേന്തി നിൽക്കുന്ന 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമയുടെ അനാച്ഛാദനം ഇന്ന് കൊൽക്കത്തയിൽ നടക്കും. ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികൾക്കുശേഷം രാജ്യതലസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയാണ് മെസ്സി മടങ്ങുക. ഇന്റർ മയാമിയിൽ മെസ്സിയുടെ സഹതാരങ്ങളായ ലൂയിസ് സുവാരസും (ഉറുഗ്വായ്) റോഡ്രിഗോ ഡി പോളും (അർജന്റീന) കൂടെയുണ്ട്.
2011ലാണ് മെസ്സി അവസാനമായി ഇന്ത്യയിൽ വന്നത്. അന്ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-വെനിസ്വേല മത്സരം ചരിത്ര സംഭവമായി. ഒരിക്കൽക്കൂടി മെസ്സിയെത്തുമ്പോൾ ഫുട്ബാൾ മത്സരങ്ങളെക്കാൾ പ്രധാന്യം മറ്റു പരിപാടികൾക്കാണ്. രാവിലെ 9.30 മുതൽ 10.30 വരെ കൊൽക്കത്ത ഹയാത്ത് റീജൻസിയിൽ ആരാധകരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് തന്റെ കൂറ്റൻ പ്രതിമ വെർച്വലായി മെസ്സി അനാച്ഛാദനം ചെയ്യും.
ലേക്ക് ടൗണിലെ ശ്രീഭൂമി സ്പോർട്ടിങ് ക്ലബ് ഭൂമിയിലാണ് 70 അടി ഉയരമുള്ള പ്രതിമ. ലോകത്ത് ഏറ്റവും ഉയരമുള്ള മെസ്സി പ്രതിമയായാണ് ഇത് കണക്കാക്കപ്പെടുന്നത്. തുടർന്ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക്. 11.30 മുതൽ ഇവിടെ പൊതു പരിപാടി നടക്കും. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാൻ ഉൾപ്പെടെയുള്ളവർ ഈ സമയത്തുണ്ടാവും. 12 ഓടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുമെത്തും. സൗഹൃദ മത്സരം, ആശംസകൾ, സംഗീതപരിപാടി തുടങ്ങിയവ നടക്കും. ഉച്ചക്ക് രണ്ടിന് ഹൈദരാബാദിലേക്ക് പറക്കും.
മെസ്സിയുടെ കേരളയാത്ര മാറ്റിവെച്ചതോടെയാണ് ഗോട്ട് ടൂറിൽ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യമെന്നോണം ഹൈദരാബാദ് ഉൾപ്പെടുത്തിയത്. വൈകുന്നേരം ഏഴ് മുതൽ നടക്കുന്ന 7 Vs 7 സെലബ്രിറ്റി മാച്ചാണ് ഇവിടത്തെ പ്രധാന ആകർഷണം. പെനാൽറ്റി ഷൂട്ടൗട്ട്, സംഗീതനിശ തുടങ്ങിയ പരിപാടികളുമുണ്ടാവും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ളവർ പങ്കെടുക്കും. താജ് ഫലക്നുമ പാലസിൽ ആരാധകരുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച മുംബൈയിലെത്തുന്ന മെസ്സി വൈകീട്ട് 3.30ന് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ പ്രമുഖ കായിക താരങ്ങൾക്കൊപ്പം പഡല്‍ ടെന്നിസ് മത്സരം കളിക്കും. ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിൻ ടെണ്ടുൽകർ, എം.എസ്. ധോണി, രോഹിത് ശർമ തുടങ്ങിയവരുണ്ടാവും. 4.00ന് തുടങ്ങുന്ന സെലബ്രിറ്റി ഫുട്ബാള്‍ മത്സരത്തിലും മെസി കളിക്കും. അഞ്ച് മുതല്‍ വാംഖഡെ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ചാരിറ്റി ഫാഷന്‍ ഷോയില്‍ അദ്ദേഹം പങ്കെടുക്കും. സുവരസ്, ഡി പോൾ, ബോളിവുഡ് താരങ്ങളായ ജാക്കി ഷ്രോഫ്, ടൈഗർ ഷ്രോഫ്, ജോൺ അബ്രഹാം തുടങ്ങിയവരും ഷോയിലുണ്ടാവും. തിങ്കളാഴ്ച ഡൽഹിയിൽ മോദിയുമായി കൂടിക്കാഴ്ച. ഉച്ചക്ക് 1.30 മുതല്‍ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തില്‍ മിനര്‍വ അക്കാദമിയിലെ താരങ്ങളുമായി ആശയവിനിമയം നടത്തും. ശേഷം മെസ്സി മടങ്ങും.
ലയണൽ മെസ്സി പങ്കെടുക്കുന്ന പരിപാടികളിൽ സംബന്ധിക്കാൻ വൻതുകയാണ് ആരാധകരിൽനിന്ന് സംഘാടകരായ ശതാദ്രു ദത്ത ഇനീഷ്യേറ്റിവ് ഈടാക്കുന്നത്. കൊൽക്കത്തയിലും ഹൈദരാബാദിലും താരത്തെ ഹസ്തദാനം ചെയ്യാനും കൂടെ ഫോട്ടോയെടുക്കാനും ആരാധകർക്ക് അവസരമുണ്ട്.
ഇതിനുള്ള പ്രീമിയം ടിക്കറ്റിന്റെ വില പത്ത് ലക്ഷം രൂപയാണ്. മുംബൈ ഒഴികെയുള്ള നഗരങ്ങളിൽ മെസ്സി പങ്കെടുക്കുന്നത് പരിപാടികളുടെ ഗാലറി ടിക്കറ്റ് വില 4,500 മുതലാണ് ആരംഭിക്കുന്നത്. മുംബൈയില്‍ ടിക്കറ്റ് നിരക്ക് തുടങ്ങുന്നത് 8,250 രൂപ മുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.