അടിതെറ്റി ബയേണ്‍; ജര്‍മന്‍ സൂപ്പര്‍കപ്പ് വോള്‍ഫ്‌സിന്‌

വോള്‍ഫ്സ്ബര്‍ഗ്: അവസാന നിമിഷം വരെ പ്രവചിക്കാനാകില്ല, ആ തുകല്‍പന്ത് ആര്‍ക്കാണ് ജയം കൊണ്ടുവരുകയെന്ന്. ബയേണ്‍ മ്യൂണിക്കും വോള്‍ഫ്സ്ബര്‍ഗും തമ്മില്‍ നടന്ന ജര്‍മന്‍ സൂപ്പര്‍ കപ്പ് പോരാട്ടം ഫുട്ബാളിന്‍െറ ആ അപ്രവചനീയതക്ക് പുതിയ ഉദാഹരണമായി. ആര്യന്‍ റോബന്‍െറ ഗോളിന്‍െറ ലീഡില്‍ 89ാം മിനിറ്റുവരെ പിടിച്ചുനിന്ന ബുണ്ടസ് ലിഗ ചാമ്പ്യന്മാരെ മറുപടി ഗോളടിച്ച് സമനില പിടിക്കുകയും ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടക്കുകയും ചെയ്ത വോള്‍ഫ്സ്ബര്‍ഗ് ജര്‍മന്‍ സൂപ്പര്‍ കപ്പ് ജേതാക്കളായി. നിക്ളസ് ബിന്‍ട്നിര്‍ എന്ന ഡെന്മാര്‍ക്കുകാരനാണ് പെപ് ഗ്വാര്‍ഡിയോളയുടെയും ബയേണിന്‍െറയും സൂപ്പര്‍ കപ്പ് മോഹങ്ങള്‍ക്കുമേല്‍ കരിനിഴലായത്. 90 മിനിറ്റിന് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ വലതുളച്ച ബിന്‍ട്നിര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാന കിക്കും ലക്ഷ്യത്തിലത്തെിച്ചാണ് വോള്‍ഫ്സിന്‍െറ വിജയനായകനായത്. ഷൂട്ടൗട്ടില്‍ സാബി അലോണ്‍സോയുടെ കിക്ക് കാലുകൊണ്ട് തടുത്ത കീപ്പര്‍ കൊയെന്‍ കാസ്റ്റീല്‍സാണ് ജേതാക്കളുടെ മറ്റൊരു ഹീറോ. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ കിരീടം ബയേണിന് നഷ്ടമാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും ബൊറൂസിയ ഡോര്‍ട്മുണ്ടിനോടായിരുന്നു തോല്‍വി.  



കഴിഞ്ഞ സീസണില്‍ 4^1ന് തങ്ങളെ നാണംകെടുത്തിയ വോള്‍ഫ്സ്ബര്‍ഗിനെതിരെ പ്രതികാരം എന്ന ലക്ഷ്യവും മനസ്സില്‍ കണ്ടാണ് ബയേണ്‍ പുതിയ സീസണിലെ ആദ്യ മത്സരമായ സൂപ്പര്‍ കപ്പിനിറങ്ങിയത്. ആദ്യ പകുതിയില്‍ ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പൊരുതി മത്സരത്തിന്‍െറ നിലവാരം കാക്കുന്നതില്‍ വിജയിച്ചെങ്കിലും ഗോള്‍ മാത്രം കണ്ടത്തൊനായില്ല. രണ്ടാം പകുതിയില്‍ 49ാം മിനിറ്റില്‍ ആര്യന്‍ റോബന്‍ വോള്‍ഫ്സ്ന്‍െറ പ്രതിരോധം മുറിച്ച് ലക്ഷ്യം കണ്ടു. പോസ്റ്റിനുനേരെ വന്ന പന്ത് കൈയിലൊതുക്കാനാകാതെ കാസ്റ്റീല്‍സ് നിസ്സഹായനായപ്പോള്‍ പന്ത് പിടിച്ച റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഗോളിന് വഴിയൊരുക്കുകയായിരുന്നു. റോബിന്‍െറ ക്ളോസ് റെയ്ഞ്ചിലെ വോളി അനായാസം വലയിലത്തെി. പിന്നീട് തങ്ങളുടെ പ്രതിരോധപ്പൂട്ട് പൊളിക്കാനനുവദിക്കാതെ ബയേണ്‍ മത്സരം 89ാം മിനിറ്റ് വരെ നീട്ടി.
എന്നാല്‍, തുടര്‍ന്നുള്ള ഒരു മിനിറ്റില്‍ ചിത്രം മാറിമറിഞ്ഞു. ഗുയിലാവോഗിന്‍െറ മനോഹരമായൊരു പാസ് ഡി ബ്രൂയ്നെ തേടിയത്തെി. ബെല്‍ജിയം താരം അത് പോസ്റ്റിലേക്ക് പായിച്ചപ്പോള്‍ അവസരം വീണുകിട്ടിയത് ബിന്‍ട്നിര്‍ക്ക്. വലയുടെ മേല്‍ക്കൂരയിലേക്ക് പന്തത്തെിച്ച താരം തന്‍െറ ടീം കൊതിച്ച സമനില സമ്മാനിച്ച് ബയേണിനെ ഞെട്ടിച്ചു. ഇഞ്ചുറി ടൈമിലും സമനിലക്കുരുക്ക് മുറിയാതെ വന്നതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്.

ബയേണിനായി അരങ്ങേറിയ ആര്‍തുറോ വിദാലിലൂടെ ആദ്യ കിക്ക് ജര്‍മന്‍ ചാമ്പ്യന്മാര്‍ ലക്ഷ്യത്തിലത്തെിച്ചു. മറുപടിയായി റിക്കാര്‍ഡോ റോഡ്രിഗസും വലകുലുക്കി. ബയേണിന്‍െറ രണ്ടാം കിക്കാണ് തുടര്‍ന്ന് മത്സരത്തിന്‍െറ വിധി നിര്‍ണയിച്ചത്. സാബി അലോണ്‍സോ വലയുടെ നടുവിലേക്ക് കിക്ക് തൊടുത്തപ്പോള്‍ വലത്തേക്ക് ചാടിയ കാസ്റ്റീല്‍സ്, കാലുകൊണ്ട് അത് തടുത്തിട്ട് വോള്‍ഫ്സിന് മുന്‍തൂക്കം നല്‍കി. പിന്നീട് ഇരുഭാഗത്തും കിക്കെടുത്തവരെല്ലാം ലക്ഷ്യംകണ്ടപ്പോള്‍ ആ സേവ് വോള്‍ഫ്സിനെ ‘സേവ്’ ചെയ്യുകയും ചെയ്തു.

 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.